ഇന്ത്യയില്‍ ഉയരുന്നു കഴുത്തിനെയും തലയെയും ബാധിക്കുന്ന അര്‍ബുദം

google news
pain

ലോകത്തിലെ പൊതുവായുള്ള അര്‍ബുദങ്ങളില്‍ ഏഴാം സ്ഥാനത്താണ് കഴുത്തിനെയും തലയെയും ബാധിക്കുന്ന ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍. എന്നാല്‍ ഈ അര്‍ബുദ കേസുകളില്‍ 57.5 ശതമാനവും ഏഷ്യയില്‍ നിന്ന്, പ്രത്യേകിച്ചും ഇന്ത്യയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2040 ഓടു കൂടി ഹെഡ് ആന്‍ഡ് നെക്ക് അര്‍ബുദ കേസുകളുടെ എണ്ണത്തില്‍ 50-60 ശതമാനം വര്‍ധനയുണ്ടാകാമെന്ന് ഇന്‍റര്‍നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ ചൂണ്ടിക്കാണിക്കുന്നു.

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് തലയെയും കഴുത്തിനെയും ബാധിക്കുന്ന അര്‍ബുദം കൂടുതലായി കാണപ്പെടുന്നത്. അറുപതുകളിലും എഴുപതുകളിലുമുള്ളവരിലാണ് ഇതിന്റെ ഇരകളില്‍ പലതും. എന്നാല്‍ 20-50 പ്രായവിഭാഗങ്ങളില്‍ 24.2 മുതല്‍ 33.5 ശതമാനം വരെ വര്‍ധന ഈ അര്‍ബുദത്തിന്‍റെ കാര്യത്തില്‍ ഉണ്ടാകാമെന്ന് കണക്കാക്കപ്പെടുന്നു. മാറുന്ന ജീവിതശൈലി, പുകവലി, പുകയില ഉപയോഗം, മദ്യപാനം, പോഷണക്കുറവ് എന്നിവയാണ് ഇതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുകയിലയും മദ്യവും അമിതമായി ഉപയോഗിക്കുന്നവരില്‍ ഹെഡ് ആന്‍ഡ് നെക്ക് അര്‍ബുദത്തിനുള്ള സാധ്യത 35 ശതമാനം അധികമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

വൈറ്റമിന്‍ എ, സി,ഇ, അയണ്‍, സെലീനിയം, സിങ്ക് എന്നിവയുടെ ഭക്ഷണത്തിലെ അപര്യാപ്തതയും അര്‍ബുദത്തിലേക്ക് നയിക്കുന്ന ഘടകമാണ്. ഉയര്‍ന്ന അളവില്‍ ഉപ്പ് ചേര്‍ത്ത ഭക്ഷണത്തിന്‍റെയും ഗ്രില്‍ഡ് ബാര്‍ബിക്യൂ മാംസത്തിന്‍റെയും തണുപ്പിച്ചതും സംസ്കരിച്ചതുമായ ഭക്ഷണത്തിന്‍റെയും അമിത ഉപയോഗവും അര്‍ബുദ സാധ്യത വര്‍ധിപ്പിക്കാം. വായു മലിനീകരണം, അമിതമായ സൂര്യതാപമേല്‍ക്കുന്നത്, എച്ച്പിവി, ഇബിവി, ഹെര്‍പിസ്, എച്ച്ഐവി തുടങ്ങിയ ചില വൈറസുകള്‍ എന്നിവയും അര്‍ബുദത്തിലേക്ക് നയിക്കാം. പലപ്പോഴും രോഗനിര്‍ണയം വൈകി നടക്കുന്നത് മരണനിരക്കും രോഗസങ്കീര്‍ണതയും വര്‍ധിപ്പിക്കുന്നു. ഉണങ്ങാത്ത മുറിവുകള്‍, അസാധാരണ വളര്‍ച്ചകള്‍, ശബ്ദത്തിലെ വ്യതിയാനം, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ഹെഡ് ആന്‍ഡ് നെക്ക് അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാണ്.  

പാരിസ്ഥിതികമായ ഇത്തരം കാരണങ്ങള്‍ക്ക് പുറമേ ജനിതകപരമായ ചില ഘടകങ്ങളും ഹെഡ് ആന്‍ഡ് നെക്ക് അര്‍ബുദത്തിന് പിന്നിലുണ്ടാകാം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഈ അര്‍ബുദം വന്നിട്ടുണ്ടെങ്കില്‍ ഇത് മറ്റുള്ളവര്‍ക്കും വരാനുള്ള സാധ്യത 3.5 മുതല്‍ 3.8 ശതമാനം വരെ അധികമാണ്. മോശം പ്രതിരോധശേഷിയുള്ളവരില്‍ ഈ അര്‍ബുദം വരാനുള്ള സാധ്യത 500 മുതല്‍ 700 മടങ്ങ് കൂടുതലാണ്.

Tags