മുരിങ്ങക്കായ കഴിച്ചാൽ ബിപിയും ഷുഗറും കുറയ്ക്കുമോ..

google news
muringa

നമ്മുടെ നാട്ടിൻപുറങ്ങളിലെല്ലാം സമൃദ്ധമായി വിളഞ്ഞുനിന്നിരുന്നതും ഉപയോഗിച്ചിരുന്നതുമായൊരു വിഭവമാണ് മുരിങ്ങക്കായ. ഇന്ന് മുൻകാലങ്ങളിലെ അത്രയും തന്നെ മുരിങ്ങക്കായ സമൃദ്ധി കാണാനില്ലെങ്കിലും ഉപയോഗത്തിന് കുറവൊന്നും വന്നിട്ടില്ല. മിക്കയിടങ്ങളിലും കടകളില്‍ നിന്നാണ് ഇന്ന് ഏറെ പേരും മുരിങ്ങക്കായ വാങ്ങിക്കുന്നത്. 

സാമ്പാര്‍, അവിയല്‍, തീയ്യല്‍, തോരൻ എന്നിങ്ങനെ പല രൂപത്തിലും രുചിയിലും മുരിങ്ങക്കായ തയ്യാറാക്കാവുന്നതാണ്. ഇതിനൊരുപാട് ആരോഗ്യഗുണങ്ങളുള്ളതായി നിങ്ങള്‍ പറഞ്ഞുകേട്ടിരിക്കും. ഇത്തരത്തില്‍ മുരിങ്ങക്കായ ബിപിയും (രക്തസമ്മര്‍ദ്ദം) ഷുഗറും കുറയ്ക്കാൻ സഹായകമാണെന്നും നിങ്ങളൊരുപക്ഷേ കേട്ടിരിക്കാം. പക്ഷേ ഇത് എത്രമാത്രം സത്യമാണെന്ന് നിങ്ങളന്വേഷിച്ചിട്ടുണ്ടോ? ഈ വിഷയത്തിലേക്ക് വെളിച്ചം പകരുന്ന ചില വിവരങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ബിപിയും ഷുഗറും കുറയ്ക്കാൻ മുരിങ്ങക്കായ?

സത്യത്തില്‍ മുരിങ്ങക്കായ പതിവായി കഴിക്കുന്നത് ബിപിയും ഷുഗറും കുറയ്ക്കാൻ സഹായിക്കുമെന്ന വാദം ഒരു പരിധി വരെ സത്യമാണ്. ഇതാണ് ആമുഖമായിത്തന്നെ പറയാനുള്ളത്. മുരിങ്ങക്കായില്‍ അടങ്ങിയിരിക്കുന്ന 'Niaziminin' അതുപോലെ 'Isothiocyanate' എന്നീ ഘടകങ്ങളാണ് ബിപി കുറയ്ക്കുന്നതിന് സഹായകമാകുന്നത്. 

മുരിങ്ങക്കായില്‍ ഉള്ള ആന്‍റി-ഓക്സിഡന്‍റ്സ് ആകട്ടെ രക്തയോട്ടം സുഗമമാക്കുകയും ചെയ്യുന്നു. ഇതും ബിപിയെ നിയന്ത്രിച്ചുനിര്‍ത്താൻ സഹായിക്കുന്നതാണ്. 

ബിപിയെ പോലെ തന്നെ ഷുഗര്‍ അഥവാ പ്രമേഹവും നിയന്ത്രിക്കുന്നതിന് മുരിങ്ങക്കായ സഹായിക്കുന്നു. മുരിങ്ങക്കായില്‍ കലോറി വളരെ കുറവാണ്. അതേസമയം വൈറ്റമിനുകളും ഫൈബറും ധാതുക്കളുമെല്ലാം കാര്യമായി അടങ്ങിയിട്ടുമുണ്ട്. ഈയൊരു സവിശേഷത തന്നെ പ്രമേഹരോഗികള്‍ക്ക് ഉചിതമായ വിഭവമായി മുരിങ്ങക്കായയെ മാറ്റുന്നു. 

ഇതിന് പുറമെ മുരിങ്ങക്കായില്‍ അടങ്ങിയിരിക്കുന്ന 'Isothiocyanate' ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുകയും ഇതോടെ ഷുഗര്‍ നിയന്ത്രിക്കുന്നതിന് കൂടി ഗുണകരമാവുകയും ചെയ്യുകയാണ്. 

എന്നാല്‍ മുരിങ്ങക്കായ കഴിക്കുന്നത് കൊണ്ടുമാത്രം ബിപിയും പ്രമേഹവും കുറയുമെന്ന് ധരിക്കരുത്.  രോഗികള്‍ക്ക് അവരുടെ ഡയറ്റിലുള്‍പ്പെടുത്താവുന്ന ഏറ്റവും ആരോഗ്യകരമായ ഭക്ഷണം എന്ന നിലയില്‍ ആണ് കാണേണ്ടത്. 

മുരിങ്ങക്കായയുടെ മറ്റ് ഗുണങ്ങള്‍...

നിരവധി ആരോഗ്യഗുണങ്ങള്‍ മുരിങ്ങക്കായയ്ക്കുണ്ട്. എല്ലുകളുടെ ആരോഗ്യം ബലപ്പെടുത്തുക, രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുക, വയറിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കുക, വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, ക്യാൻസര്‍ സാധ്യത കുറയ്ക്കുക, കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുക, നീര് കുറയ്ക്കുക, വിവിധ അണുബാധകളെ ചെറുക്കുക, കാഴ്ചാശക്തി വര്‍ധിപ്പിക്കുക, ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുക, മുഖക്കുരു കുറയ്ക്കുക, ബീജത്തിന്‍റെ കൗണ്ട് വര്‍ധിപ്പിക്കുക എന്നിങ്ങനെ പല ഗുണങ്ങളും ഇത് നല്‍കുന്നു. 

Tags