പൊന്നോമനക്കായി മുലപ്പാൽ ശേഖരിക്കാം

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് മുലയൂട്ടൽ. ആദ്യത്തെ ആറ് മാസം കുഞ്ഞിന് മുലപ്പാൽ അല്ലാതെ മറ്റ് ഭക്ഷണ പദാർത്ഥങ്ങൾ ഒന്നും നൽകാൻ പാടില്ല. ഇക്കാലയളവിൽ കുഞ്ഞിന് ആവശ്യമായ ആന്റിബോഡികൾ, പോഷകങ്ങൾ, വളർച്ച, ദഹന ഹോർമോണുകൾ എന്നിവയെല്ലാം പ്രധാനം ചെയ്യുന്നത് മുലപ്പാലിലൂടെയാണ്. അതേസമയം ഇന്ന് ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചതിനാൽ കുഞ്ഞിന് മുലപ്പാൽ നൽകാൻ ബുദ്ധിമുട്ടുന്നത് സ്ഥിരം സംഭവമാണ്. രണ്ട് വയസ് വരെയെങ്കിലും മുലയൂട്ടണമെന്നാണ് ശാസ്ത്രീയ പഠനങ്ങൾ പറയുന്നതെങ്കിലും നിരവധി അമ്മമാരാണ് വളരെ നേരത്തെ തന്നെ കുഞ്ഞിന്റെ മുലകുടി അവസാനിപ്പിക്കുന്നത്. എന്നാൽ കുഞ്ഞിന്റെ സ്വാഭാവിക വളർച്ചയെ തന്നെ ഇത് ബാധിക്കാൻ കാരണമായേക്കാം എന്നതാണ് വസ്തുത
കുഞ്ഞിന് ആവശ്യത്തിന് പാൽ ലഭിക്കുന്നുണ്ടോ?
കുഞ്ഞിന് മതിയായ പാൽ ലഭിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ ഏറ്റവും മികച്ച മാർഗം കുഞ്ഞിന്റെ ഭാരം നോക്കുന്നതാണ്. കുഞ്ഞിന് ഭാരം കൂടുന്നത് നന്നായി പാൽ ലഭിക്കുന്നതിന്റെ ലക്ഷണമാണ്. ഇതിനായി ഇടക്കിടെ ഭാരം പരിശോധിക്കുന്നത് നല്ലതാണ്. പാൽ കുടിച്ച ശേഷം കുഞ്ഞ് നന്നായി ഉറങ്ങുന്നുണ്ടെങ്കിൽ അതും നന്നായി പാൽ ലഭിക്കുന്നതിന്റെ ലക്ഷണമാണ്. കുഞ്ഞ് പാൽ കുടിക്കാൻ ആവശ്യപ്പെടുന്നതിന്റെ ആവൃത്തി കുറയുന്നതും നന്നായി വയറ്റിൽ നിന്ന് പോകുന്നതുമെല്ലാം മതിയായ പാൽ ലഭിക്കുന്നതിന്റെ സൂചനകളാണ്.
പൊന്നോമനക്കായി മുലപ്പാൽ ശേഖരിക്കാം
കുഞ്ഞ് ജനിച്ച് ആറ് മാസം പൂർത്തിയാകുന്നതിന് മുൻപേ തിരികെ ജോലിയിൽ പ്രവേശിക്കേണ്ടി വരുന്ന അമ്മമാരുടെ എണ്ണം കൂടിയിട്ടുണ്ട്. മുലപ്പാൽ ലഭിക്കാതെ കുഞ്ഞും കുഞ്ഞ് വിശന്ന് കരയുന്നതോർത്ത് അമ്മയും വിഷമിക്കുന്നതിലേക്ക് ഇത് വഴിവെക്കും. ചിലപ്പോഴൊക്കെ യാത്രകളിൽ സ്വകാര്യത സംബന്ധിച്ച ആശങ്കകൾ മൂലവും കൃത്യമായി പാൽ നൽകാൻ കഴിഞ്ഞെന്ന് വരില്ല. ഈ സാഹചര്യങ്ങളിലാണ് ബ്രസ്റ്റ് പമ്പുകൾ പ്രസക്തമാകുന്നത്. പമ്പിന്റെ സഹായത്തോടെ മുലപ്പാൽ ശേഖരിച്ച് സൂക്ഷിക്കാനുള്ള സൗകര്യം ഇന്നുണ്ട്. ഇതു വഴി അമ്മ അടുത്തില്ലെങ്കിലും കുഞ്ഞിന് മുലപ്പാൽ നൽകാനും ആരോഗ്യത്തോടെ പരിരക്ഷിക്കാനും കഴിയും. ബ്രസ്റ്റ് പമ്പ് ഉപയോഗിച്ച് ശേഖരിക്കുന്ന മുലപ്പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും അമ്മ അടുത്തില്ലാത്തപ്പോൾ കുഞ്ഞിനെ പരിചരിക്കുന്നവർക്ക് ആവശ്യാനുസരണം കുപ്പിയിലാക്കി നൽകുകയും ചെയ്യാം. മാനദണ്ഡങ്ങൾ പാലിച്ച് ശേഖരിക്കുകയാണെങ്കിൽ മാസങ്ങളോളം കേടുകൂടാതെ മുലപ്പാൽ സൂക്ഷിച്ച് വെക്കാനും കഴിയും.
മുലപ്പാൽ ശേഖരിക്കുന്നതിന്റെ ഗുണങ്ങൾ
അമ്മക്കും കുഞ്ഞിനും സഹായകമാകുന്ന ഗുണഗണങ്ങളാണ് ബ്രസ്റ്റ് പമ്പുകൾ ഉപയോഗിച്ച് മുലപ്പാൽ ശേഖരിക്കുന്നതിലൂടെ ലഭിക്കുന്നത്. പാൽ ലഭ്യത കുറവുള്ള അമ്മമാർക്ക് കുഞ്ഞിന് എപ്പോഴും മുലപ്പാൽ നൽകാൻ കഴിയും. ഇതു വഴികുഞ്ഞിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കാനും കഴിയും. പാലിന്റെ ഉത്പാദനം നിലനിർത്താൻ സാധിക്കും. സ്തനങ്ങളിൽ പാൽ കെട്ടിക്കിടക്കുന്നത് മുലമുണ്ടാകുന്ന വേദനയും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കാനാകും. ഒന്നിലധികം ദിവസങ്ങളായി ഫീഡ് ചെയ്യാതെ മുലപ്പാൽ നിറഞ്ഞ് നിൽക്കുന്ന സ്ഥിതി വന്നാൽ ഹോർമോൺ ഉൽപാദനം കുറയുകയും ക്രമേണ മുലപ്പാലിന്റെ അളവ് കുറയുകയും ചെയ്യും.
എപ്പോഴെല്ലാം ശേഖരിക്കാം ?
കഴിയുമ്പോഴൊക്കെ മുലപ്പാൽ ശേഖരിച്ച് സൂക്ഷിക്കാവുന്നതാണ്. വീട്ടിലാണെങ്കിൽ കുഞ്ഞിന് പാൽ കൊടുത്ത് ശേഷം പമ്പ് ഉപയോഗിച്ച് പാൽ ശേഖരിച്ച് സൂക്ഷിക്കാം. ഒരു സ്തനത്തിൽ നിന്ന് പൂർണമായും പാൽ ലഭിച്ച ശേഷം മാത്രം അടുത്തതിൽ നിന്ന് എടുക്കുക. ഇങ്ങനെ വരുമ്പോൾ പാൽ ഉൽപാദിപ്പിക്കുന്നതിനുള്ള പ്രോലാക്ടിൻ ഹോർമോണിന്റെ ഉത്പാദനം കൂടുകയും അതിനനുസരിച്ച് കുഞ്ഞിന് കൂടുതൽ പാൽ ലഭിക്കുകയും ചെയ്യും. ജോലി സ്ഥലങ്ങളിൽ അവിടുത്തെ സൗകര്യത്തിന് അനുസരിച്ച് ശേഖരിക്കാവുന്നതാണ്.
മുലപ്പാൽ ശേഖരിച്ച് സൂക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
നേരത്തെ സ്തനങ്ങൾ പിഴിഞ്ഞായിരുന്നു മുലപ്പാൽ ശേഖരിച്ചിരുന്നത്. എന്നാൽ ഏറ്റവും ശാസ്ത്രീയും വൃത്തിയുമുള്ള മാർഗമാണ് ബ്രസ്റ്റ് പമ്പുകൾ. സമയ ലാഭവും സുരക്ഷിതത്വവുമാണ് പമ്പുകൾ ഉപയോഗിക്കുന്നതിന്റെ മറ്റു ഗുണങ്ങൾ.
ഇങ്ങനെ ലഭിക്കുന്ന മുലപ്പാൽ ഗ്ലാസിന്റെയോ സ്റ്റീലിന്റെയോ കണ്ടെയ്നറിൽ വേണം സൂക്ഷിക്കാൻ. പാൽ ശേഖരിച്ച കണ്ടെയ്നർ മറ്റൊരു പാത്രത്തിൽ അടച്ചു വെച്ചാണ് സൂക്ഷിക്കേണ്ടത്. ഫ്രിഡ്ജിന്റെ ഡോറിൽ വെക്കാതെ ഉള്ളിലേക്ക് വെക്കണം. ഇടക്കിടെ ഫ്രിഡ്ജ് തുറന്നാലും തണുപ്പ് പോയി ചീത്തയാകാതിരിക്കാനാണ് ഇത്. ഇങ്ങനെ നാല് ദിവസം വരെ സൂക്ഷിക്കാം. കൂടുതൽ കാലം സൂക്ഷിക്കേണ്ടതുണ്ടെങ്കിൽ ഫ്രീസറിൽ വെക്കുക. ഇങ്ങനെയാണെങ്കിൽ മൂന്ന് മാസം വരെ കേടുകൂടാതെ സൂക്ഷിക്കാനാകും. ഇത്തരം സാഹചര്യങ്ങളിൽ ഗ്ലാസ് കണ്ടെയ്നർ പൊട്ടാനുള്ള സാധ്യത പരിഗണിച്ച് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. മുലപ്പാൽ ശേഖരിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഉയർന്ന നിലവാരത്തിലുള്ള പ്ലാസ്റ്റിക് കണ്ടെയ്നറുകളും സിപ് ലോക് ബാഗുകളും ഉപയോഗിക്കാവുന്നതാണ്.
യാത്രക്കിടയിൽ മുലപ്പാൽ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി ഗുണനിലവാരമുള്ള കൂൾബാഗുകൾ ഉപയോഗിക്കാം. ഇതിനകത്ത് ഐസ് പാക്കുകൾ ഉള്ളതിനാൽ കേടുപാടുകൾ സംഭവിക്കില്ല. ഫ്രിഡ്ജ് സൗകര്യം ഉള്ള സ്ഥലങ്ങളിലെത്തിയാൽ പാൽ സൂക്ഷിച്ചിട്ടുള്ള കണ്ടെയ്നറുകളും ഐസ് പാക്കുകളും ഇതിലേക്ക് മാറ്റാവുന്നതാണ്
മുലപ്പാൽ ശേഖരിക്കുമ്പോൾ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യമാണ് ശുചിത്വം പരിപാലിക്കുക എന്നത്. ഓരോ തവണയും പാൽ ശേഖരിക്കുന്നതിന് മുൻപും ശേഷവും സ്തനങ്ങളും കൈകളും നന്നായി കഴുകി വൃത്തിയാക്കണം. ബ്രസ്റ്റ് പമ്പും നിർബന്ധമായും അണുമുക്തമാക്കേണ്ടതുണ്ട്.
"മുലയൂട്ടലും ജോലിയും ഒരുമിച്ചു കൊണ്ടുപോകാം"
മുലയൂട്ടലും ജോലിയും ഒരുമിച്ചു കൊണ്ടുപോകാം എന്നതായിരുന്നു ഈ വർഷത്തെ ലോക മുലയൂട്ടൽ വാരാചരണത്തിന്റെ മുദ്രാവാക്യം. ബ്രസ്റ്റ് പമ്പിന്റെ സഹായത്തോടെ കുഞ്ഞിന് ആവശ്യമായ മുലപ്പാൽ ശേഖരിച്ച് സൂക്ഷിക്കാനുള്ള ബോധവൽക്കരണം കൂടിയാണ് ഈ മുദ്രാവാക്യത്തിന്റെ ലക്ഷ്യം. പുതുതായി അമ്മമാരായ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഒരു ഫീഡിംഗ് മുറി സജ്ജീകരിച്ചാൽ കുത്തിന് വേണ്ടി മുലപ്പാൽ ശേഖരിക്കാൻ കഴിയും. ഇതിനായി അടച്ചുറപ്പുള്ള ഒരു മുറി നിർബന്ധമാണ്. സുരക്ഷിതമായ ഫീഡിംഗ് മുറി ഒരുക്കിയാൽ മാത്രമേ തുറിച്ചു നോട്ടം ഭയക്കാതെ സമാധാനമായി മുലപ്പാൽ ശേഖരിക്കാനാകൂ. മുറികളിൽ കാമറ ഉണ്ടാകരുത്.
എട്ട് മണിക്കൂർ ജോലിക്കിടെ രണ്ട് തവണ ഇങ്ങനെ മുലപ്പാൽ ശേഖരിക്കാം. സാധാരണ താപനിലയിൽ പരമാവധി നാല് മണിക്കൂർ മാത്രമാണ് പാൽ സൂക്ഷിക്കാൻ കഴിയൂ. ഇത് ഒഴിവാക്കാൻ ശേഖരിക്കുന്ന പാൽ സൂക്ഷിക്കാൻ ഫ്രിഡ്ജ് ആവശ്യമാണ്. ഫ്രിഡ്ജ് ഇല്ലാത്ത സ്ഥലങ്ങളിലാണെങ്കിൽ കുടുംബാംഗങ്ങളിൽ ആരെങ്കിലും എത്തി വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രദ്ധിക്കുക.
ഉപയോഗ ശേഷം പമ്പ് വൃത്തിയാക്കാനും സൂക്ഷിക്കാനും വേണ്ട സോപ്പ്, വാഷ് ബേസിൻ, ഹാൻഡ് റബ് തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കണം. ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾ ഒഴിവാക്കാനും ആവശ്യമായ സഹായങ്ങൾ ചെയ്യാനും സഹപ്രവർത്തകരും തയ്യാറാകണം. കുടുംബത്തിലും തൊഴിലിടങ്ങളിലും പൂർണ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ എന്ന് മാത്രം.