പുരുഷന്മാരില്‍ സ്തനവളര്‍ച്ച ! അറിയാം കാരണം

men
men

സ്ത്രീശരീരവും പുരുഷന്മാരുടെ ശരീരവും തീര്‍ത്തും വ്യത്യസ്തമായ ജൈവസൃഷ്ടികളാണല്ലോ. ഈ രീതിയില്‍ സ്ത്രീയും പുരുഷനും വ്യത്യസ്തമായിരിക്കുന്നതിന് പിന്നില്‍ ഒരുപാട് കാരണങ്ങളുമുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനമാണ് നമ്മുടെ ഹോര്‍മോണുകള്‍.

സ്ത്രീകളിലും പുരുഷന്മാരിലും ഇത്തരത്തില്‍ ലിംഗഭേദം നിശ്ചയിക്കുന്ന, അല്ലെങ്കില്‍ അതിനെ സ്വാധീനിക്കുന്ന ഹോര്‍മോണുകള്‍ പ്രത്യേകമായിത്തന്നെയുണ്ട്. എന്നാല്‍ അനുപാതങ്ങളെയെല്ലാം തെറ്റിച്ചുകൊണ്ട് ഈ ഹോര്‍മോണുകള്‍ അസന്തുലിതമായാല്‍ എന്താണ് സംഭവിക്കുക?

തീര്‍ച്ചയായും ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ക്ക് തന്നെയാണ് ഈ ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണമാവുക. ഇത്തരത്തില്‍ ഹോര്‍മോണ്‍ ബാലൻസ് തെറ്റുന്നതിനെ തുടര്‍ന്ന് പുരുഷന്മാരില്‍ കാണപ്പെടുന്നൊരു പ്രശ്നമാണ് സ്തന വളര്‍ച്ച. പുരുഷന്മാര്‍ക്ക് സ്തനങ്ങളോ, അതെങ്ങനെ സംഭവിക്കും എന്നാണ് ഈ വിഷയത്തെ കുറിച്ച് അറിവില്ലാത്തവര്‍ ചിന്തിക്കുക. പക്ഷേ ഇത് സംഭവിക്കുന്നതാണ്.

നേരത്തെ സൂചിപ്പിച്ചത് പോലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെയാണ് 'ഗൈനക്കോമാസ്റ്റിയ' എന്ന പേരിലറിയപ്പെടുന്ന ഈ അവസ്ഥയ്ക്ക് പ്രധാനമായും കാരണമാകുന്നത്. അതുകൊണ്ട് തന്നെ കൗമാരക്കാരിലാണ് ഈ പ്രശ്നം ഏറെയും കാണുന്നത്. കാരണം കൗമാരകാലത്താണല്ലോ കൂടുതല്‍ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കാണുക.

പക്ഷേ കൗമാരക്കാരില്‍ മാത്രമായി 'ഗൈനക്കോമാസ്റ്റിയ'  ഒതുങ്ങുന്നില്ല. നവജാത ശിശു മുതല്‍ മുതിര്‍ന്ന പുരുഷന്മാര്‍ വരെ ഇത് നേരിടാം. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മാത്രമല്ല കെട്ടോ 'ഗൈനക്കോമാസ്റ്റിയ'യ്ക്ക് കാരണമായി വരുന്നത്.  ചില മരുന്നുകളുടെ ഉപയോഗവും ഇതിന് കാരണമായി വരാം. പ്രത്യേകിച്ച് വിഷാദത്തിനുള്ള ചില മരുന്നുകള്‍, ചില ആന്‍റിബയോട്ടിക്കുകള്‍, കീമോതെറാപ്പി, പ്രോസ്റ്റേറ്റ് ക്യാൻസര്‍ മരുന്നുകള്‍, അള്‍സറിനുള്ള മരുന്നുകള്‍, ഹൃദ്രോഗത്തിനുള്ള മരുന്നുകള്‍, ചില സ്റ്റിറോയിഡുകള്‍ എന്നിങ്ങനെ പല മരുന്നുകളും 'ഗൈനക്കോമാസ്റ്റിയ'യ്ക്ക് കാരണമാകാം.

അതുപോലെ കരള്‍ രോഗം, വൃക്കരോഗങ്ങള്‍, ശ്വാസകോശാര്‍ബുദം, ടെസ്റ്റിക്കുലാര്‍ ക്യാൻസര്‍, അഡ്രിനാല്‍ ഗ്രന്ഥിയിലോ പിറ്റ്യൂട്ടറി ഗ്രന്ഥിയിലെ വരുന്ന ട്യൂമറുകള്‍, തൈറോയ്ഡ് പ്രശ്നങ്ങള്‍, പരുക്കുകള്‍ എന്നിങ്ങനെയുള്ള മെഡിക്കല്‍ കണ്ടീഷനുകളും ചിലപ്പോള്‍ 'ഗൈനക്കോമാസ്റ്റിയ'യ്ക്ക് കാരണമാകാറുണ്ട്.

എന്തായാലും ഇതൊരുപാട് പേടിക്കേണ്ട അവസ്ഥയൊന്നുമല്ല. ചിലര്‍ക്ക് ചികിത്സയേ വേണ്ടിവരില്ല. പ്രത്യേകിച്ച് കൗമാരക്കാരിലെ 'ഗൈനക്കോമാസ്റ്റിയ'.  ബാക്കിയുള്ളവരില്‍ എന്താണ് ഇതിന് കാരണമായി വരുന്നത് എന്നത് മനസിലാക്കി അതിനാണ് പരിഹാരം കാണുക. മരുന്നുകള്‍ മാറ്റുകയോ, നിര്‍ത്തലാക്കുകയോ എല്ലാം ചെയ്യാം. അതുപോലെ ഹോര്‍മോണ്‍ തെറാപ്പിയും എടുക്കാവുന്നതാണ്.

Tags