ബ്രേക്ക്ഫാസ്റ്റായി കഞ്ഞി കഴിക്കുന്നത് നല്ലതാണോ..?

google news
kanji

രാവിലെ ബ്രേക്ക്ഫാസ്റ്റായി കഞ്ഞി കഴിക്കുന്നത് പണ്ടെല്ലാം മിക്ക വീടുകളിലെയും പതിവായിരുന്നു. എന്നാലിപ്പോള്‍ രാവിലെ കഞ്ഞി കഴിക്കുന്ന ശീലം അധികം വീടുകളിലും കാണാറില്ല. പ്രത്യേകിച്ച് നഗരങ്ങളില്‍ താമസിക്കുന്നവരാണെങ്കില്‍.

മാറി വന്ന ഭക്ഷണസംസ്കാരം, ജീവിതരീതികള്‍ എന്നിവയെല്ലാം തന്നെയാണ് ഇതിന് കാരണമായി വരുന്നത്. തലേന്ന് രാത്രി ഉപയോഗിച്ച ചോറിന്‍റെ ബാക്കി വെള്ളത്തിലിട്ട് വച്ച് അത് രാവിലെ കഞ്ഞിയാക്കി കഴിക്കുന്നതായിരുന്നല്ലോ ശീലം. എന്നാല്‍ രാത്രിയില്‍ ചോറ് കഴിക്കാത്തവരാണ് ഇപ്പോള്‍ അധികപേരും. എന്ന് മാത്രമല്ല കഞ്ഞി കഴിച്ചാല്‍ വണ്ണം വയ്ക്കും എന്ന പേടിയും പലരെയും അലട്ടുന്നതാണ്.

കഞ്ഞിയെന്നല്ല ഏത് ഭക്ഷണവും മിതമായ അളവിലേ കഴിക്കേണ്ടൂ. അങ്ങനെയാണെങ്കില്‍ അത് ശരീരഭാരത്തെ അത്രമാത്രം ബാധിക്കില്ല. കഞ്ഞിയും അങ്ങനെ തന്നെ. മിതമായ അളവിലാണ് കഞ്ഞി കഴിക്കുന്നതെങ്കില്‍ ഒരുപാട് ആരോഗ്യഗുണങ്ങളാണ് അതുവഴി നിങ്ങള്‍ക്ക് ലഭിക്കുക. അതെങ്ങനെയെന്നല്ലേ? വിശദമാക്കാം.

കഞ്ഞിയിലെ പോഷകങ്ങള്‍...

പുളിപ്പിച്ച ഭക്ഷണമായതിനാല്‍ തന്നെ കഞ്ഞിയില്‍ അത്യാവശ്യം ബാക്ടീരിയകള്‍ കാണും. എന്നാലീ ബാക്ടീരിയകളാകട്ടെ, നമ്മുടെ വയറിന് ഏറ്റവുമധികം ആവശ്യമായി വരുന്നവയാണ്. പ്രീബയോട്ടിക് ഭക്ഷണം എന്ന് പറയും ഇത്തരത്തില്‍ വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളെ വര്‍ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ.

വയറിനെ ബാധിക്കുന്ന പല രോഗങ്ങളെയും തടയാനും, ദഹനം എളുപ്പത്തിലാക്കാനും, വയറിനെ തണുപ്പിക്കാനും ഒപ്പം പ്രതിരോധശേഷി മെച്ചപ്പെടുത്താനും മുടിയും ചര്‍മ്മവുമെല്ലാം ആരോഗ്യമുള്ളതാക്കാനുമെല്ലാം കഞ്ഞി സഹായിക്കുന്നതാണ്.

ക്ഷീണമകറ്റാനും ഉന്മേഷം വര്‍ധിപ്പിക്കാനും സഹായിക്കുന്നൊരു ഭക്ഷണം കൂടിയാണ് കഞ്ഞി. അതുപോലെ നിര്‍ജലീകരണം വരാതെ കാക്കാനും കഞ്ഞി സഹായിക്കുന്നു.

എന്തുകൊണ്ട് കഞ്ഞി 'ഹെല്‍ത്തി'യാകുന്നു?

കാത്സ്യം, അയേണ്‍, മഗ്നീഷ്യം എന്നിങ്ങനെയുള്ള- നമ്മുടെ ശരീരത്തിന് അവശ്യം വേണ്ടുന്ന പല പ്രധാന ഘടകങ്ങളുടെയും സ്രോതസാണ് കഞ്ഞി. ചോറിനെക്കാളൊക്കെ എത്രയോ മടങ്ങ് ആരോഗ്യകരമായ ഭക്ഷണമായി കഞ്ഞി മാറുന്നത് തന്നെ ഇങ്ങനെയെല്ലാമാണ്.

ഉന്മേഷം കൂട്ടാൻ സഹായിക്കുന്നതും ഒരുപാട് പോഷകങ്ങള്‍ അടങ്ങിയതുമായതിനാല്‍ തന്നെ കഞ്ഞി കഴിവതും രാവിലെ ബ്രേക്ക്ഫാസ്റ്റായി തന്നെ കഴിക്കുന്നതാണ് ഏറെ ഉചിതം.

Tags