ബിപി കുറയ്ക്കാൻ ഈ പച്ചക്കറി കഴിക്കൂ...
കറിയായോ, മെഴുക്കുപുരട്ടിയായോ, ഫ്രൈ ആയോ എല്ലാം ഉരുളക്കിഴങ്ങ് തയ്യാറാക്കാറുണ്ട്. അല്ലെങ്കിള്‍ ഫ്രഞ്ച് ഫ്രൈസ്, ബജി പോലുള്ള വിഭവങ്ങളും ഇതുവച്ച് തയ്യാറാക്കാറുണ്ട്. വിഭവം ഏതായാലും ഉരുളക്കിഴങ്ങ് പതിവായി കഴിക്കുന്നത് അത്ര നല്ലതല്ലെന്ന് വാദിക്കുന്നവരുണ്ട്.
ഉരുളക്കിഴങ്ങില്‍ നല്ലതുപോലെ കാര്‍ബോഹൈഡ്രേറ്റും കലോറിയും അടങ്ങിയിരിക്കുന്നു എന്നതിനാല്‍ ഇത് ഷുഗര്‍ കൂട്ടുമെന്നാണ് ഒരു വാദം. അതുപോലെ തന്നെ ഈ ഘടകങ്ങളെല്ലാം വണ്ണം കൂട്ടാൻ ഇടയാക്കുമെന്നത് മറ്റൊരു വാദം. അങ്ങനെയെങ്കില്‍ ഉരുളക്കിഴങ്ങ് പതിവായി കഴിക്കുന്നത് ഒരു പ്രശ്നമാണോ?
ഉരുളക്കിഴങ്ങ് പതിവാക്കുമ്പോള്‍...
പതിവായി, എന്നുവച്ചാല്‍ ദിവസവും തന്നെ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആരോഗ്യത്തിന് യാതൊരു ദോഷവും ഉണ്ടാക്കില്ല. എന്നാല്‍ ചില കാര്യങ്ങള്‍ ഇതില്‍ ശ്രദ്ധിക്കാനുണ്ടെന്ന് മാത്രം. പ്രമേഹമുള്ളവരാണെങ്കില്‍ നിര്‍ബന്ധമായും നിങ്ങള്‍ കഴിക്കുന്ന അളവ് ശ്രദ്ധിക്കണം. കാരണം നേരത്തെ സൂചിപ്പിച്ചത് പോലെ ഇത് കാര്‍ബിനാലും കലോറിയാലും സമ്പന്നമായതിനാല്‍ തന്നെ ഷുഗര്‍ വര്‍ധിപ്പിക്കും. അതുപോലെ തന്നെ പതിവായി വലിയ അളവില്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നതും ചിലപ്പോള്‍ വണ്ണം കൂടുന്നതിലേക്ക് നയിക്കാം. എന്നാലീ ആശങ്കകള്‍ എല്ലാം അത്ര കടുപ്പിക്കേണ്ട കര്യമില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. പൊതുവെ ഉരുളക്കിഴങ്ങ് അത്ര ഭീഷണി ഉയര്‍ത്തുന്നില്ല എന്ന് തന്നെ പറയാം.
ഉരുളക്കിഴങ്ങിന്‍റെ ഗുണങ്ങള്‍...
ഉരുളക്കിഴങ്ങ് ദോഷമല്ലെന്ന് മാത്രമല്ല, ഇത് കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് ചില ഗുണങ്ങളുമുണ്ട്. ഫൈബര്‍, പൊട്ടാസ്യം, അയേണ്‍, വൈറ്റമിൻ-സി, വൈറ്റമിൻ ബി6 എന്നിവയുടെയെല്ലാം സ്രോതസാണ് ഉരുളക്കിഴങ്ങ്. ഇവയെല്ലാം തന്നെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന ഘടകങ്ങളാണ്.
ഉരുളക്കിഴങ്ങ് ബിപി (രക്തസമ്മര്‍ദ്ദം) കുറയ്ക്കാൻ സഹായിക്കുന്നൊരു ഭക്ഷണം കൂടിയാണ്. അതുപോലെ ഇതിലുള്ള പൊട്ടാസ്യം പേശികളുടെ പ്രവര്‍ത്തനത്തെ പോസിറ്റീവായി സ്വാധീനിക്കുന്നു. ഹൃദയാരോഗ്യത്തിനും ഉരുളക്കിഴങ്ങ് നല്ലത് തന്നെ.
എപ്പോഴാണ് ഉരുളക്കിഴങ്ങ് പ്രശ്നമാകുന്നത്?
ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് അല്‍പം ഭീഷണിയാകുന്ന അവസരങ്ങളുണ്ട്. ഒന്ന് നേരത്തെ തന്നെ സൂചിപ്പിച്ചത് പോലെ പതിവായി, വലിയ അളവില്‍ കഴിക്കുന്നതാണ്. മിക്കവരും ഇങ്ങനെ കഴിക്കുന്നവരായിരിക്കില്ല എന്നതിനാല്‍ ഇതൊരു വലിയ ആശങ്കയല്ല. അതേസമയം ഉരുളക്കിഴങ്ങ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നത് വളരെ പ്രധാനമാണ്.
വേവിച്ച് കറിയാക്കിയോ മെഴുക്കുപുരട്ടിയാക്കിയോ ഒക്കെ കഴിക്കുന്നത് ആരോഗ്യകരമായ രീതിയാണ്. എന്നാല്‍ എപ്പോഴും എണ്ണയില്‍ വറുത്ത് കഴിക്കുന്നതോ, ഫ്രഞ്ച് ഫ്രൈസാക്കി എടുക്കുന്നതോ ഒന്നും അത്ര നല്ലതല്ല. എന്ന് മാത്രമല്ല മറ്റ് കലോറി അധികമുള്ള വിഭവങ്ങളോ സാച്വറേറ്റഡ് ഫാറ്റ് അടങ്ങിയ വിഭവങ്ങളോ ഇതിനൊപ്പം പതിവാക്കുന്നതും നല്ലതല്ല.ഇതിനുദാഹരണമാണ് ഫ്രഞ്ച് ഫ്രൈസും മയൊണൈസും കോംബോ.