ബിപി ഗുളികകൾ ഒരു ദിവസം പോലും മുടക്കരുതോ? അറിയാം ആരോഗ്യവിദഗ്ധർ പറയുന്നത്

bp

ഉയർന്ന രക്തസമ്മർദത്തിനുള്ള മരുന്നുകൾ ഇടയ്ക്കിടെ കഴിക്കാൻ മറന്നുപോകുന്നവരാണോ നിങ്ങൾ? എങ്കിൽ ജാഗ്രതൈ! 91,000-ത്തിലധികം ആളുകളിൽ നടത്തിയ ഒരു പുതിയ പഠനം ഇതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് വെളിച്ചം വീശുന്നു. 'ഇഎസ്സി കോൺഫറൻസ് 2026'-ൽ അവതരിപ്പിച്ച ഈ വിശകലനം അനുസരിച്ച്, ബിപി ഗുളികകൾ മുടങ്ങാതെ കൃത്യമായി കഴിക്കുന്നവരിലാണ് ചികിത്സയുടെ പൂർണ ഫലം ലഭിക്കുന്നത്.

എന്നാൽ, കൃത്യമായി മരുന്ന് കഴിക്കുന്നവരും കഴിക്കാത്തവരും തമ്മിൽ എത്രത്തോളം വ്യത്യാസമുണ്ട്? ഒരു ദിവസം ഗുളിക കഴിക്കാൻ മറന്നാൽ അത് ഉടൻ തന്നെ ഹൃദയാഘാതത്തിനോ മസ്തിഷ്കാഘാതത്തിനോ കാരണമാകുമോ?.

ഗവേഷകർ കണ്ടെത്തിയത് എന്താണ്?

ഒൻപത് ക്ലിനിക്കൽ ട്രയലുകളിൽ നിന്നായി 91,339 ആളുകളുടെ വിവരങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. മരുന്ന് കൃത്യമായി കഴിച്ചവരെയും അതിൽ വീഴ്ച വരുത്തിയവരെയും താരതമ്യം ചെയ്തപ്പോൾ വലിയ വ്യത്യാസങ്ങളാണ് കണ്ടെത്തിയത്. മരുന്ന് കൃത്യമായി കഴിച്ചവരിൽ സിസ്റ്റോളിക് രക്തസമ്മർദം ശരാശരി 5.2 mmHg കുറഞ്ഞു. എന്നാൽ മരുന്ന് കഴിക്കുന്നതിൽ വീഴ്ച വരുത്തിയവരിൽ ഇത് 3.0 mmHg മാത്രമാണ് കുറഞ്ഞത്.

മരുന്ന് കൃത്യമായി കഴിച്ചവരിൽ ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ 11% കുറവാണെന്ന് കണ്ടെത്തി. എന്നാൽ മരുന്ന് കൃത്യമായി കഴിക്കാത്തവരിൽ ഇത്തരം സംരക്ഷണം സ്ഥി സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. "മരുന്നുകൾ ഇടയ്ക്കിടെ മുടക്കുന്നത് ചികിത്സയുടെ പ്രയോജനം കാര്യമായി കുറയ്ക്കുമെന്നാണ് ഈ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്," മുംബൈ നാരായണ ഹെൽത്ത് എസ്ആർസിസി ചിൽഡ്രൻസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഡോ.പ്രിയ പ്രധാൻ ചൂണ്ടിക്കാട്ടി.

ഒരു ഗുളിക മറന്നാൽ ഉടൻ അപകടമുണ്ടാകുമോ?

തീർച്ചയായും ഇല്ലെന്നാണ് വിദഗ്ധർ പറയുന്നത്. "പഠനത്തിൽ പറഞ്ഞിരിക്കുന്ന 11% അപകടസാധ്യതയിലെ കുറവ് മരുന്ന് കൃത്യമായി കഴിക്കുന്ന ഗ്രൂപ്പുകൾക്ക് ബാധകമായ ഒന്നാണ്. ഒരു ഗുളിക കഴിക്കാൻ മറന്നുപോയാൽ അത് ഉടൻ തന്നെ ഹൃദയാഘാതമോ സ്ട്രോക്കോ ഉണ്ടാക്കുമെന്ന് ഇതിനർത്ഥമില്ല," ഐഎസ്ഐസി മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാർഡിയാക് സയൻസ് ഡയറക്ടർ ഡോ.അസീം ധാൽ വ്യക്തമാക്കി.

ബിപി സാധാരണ നിലയിലായാലും മരുന്ന് തുടരേണ്ടത് എന്തുകൊണ്ട്?

ഉയർന്ന രക്തസമ്മർദത്തിന് പലപ്പോഴും ബാഹ്യമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ല. അതിനാൽ ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നുമില്ലെങ്കിലും ഉയർന്ന ബിപി രക്തധമനികളെയും ഹൃദയത്തെയും സാവധാനം നശിപ്പിക്കാം. "ഉയർന്ന രക്തസമ്മർദം ധമനികളുടെ ഭിത്തികളിൽ നിരന്തരം സമ്മർദം ചെലുത്തുകയും അവ ചുരുങ്ങാനോ അടഞ്ഞുപോകാനോ കാരണമാവുകയും ചെയ്യുന്നു," ഡോ.ധാൽ വിശദീകരിച്ചു.

സ്ഥിരമായി ബിപി ഉയർന്ന നിലയിൽ തുടരുന്നത് ഹൃദയാഘാതം, സ്ട്രോക്ക്, ഹൃദയസ്തംഭനം, വൃക്ക രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ബിപി പരിശോധിക്കുമ്പോൾ സാധാരണ നിലയിലാണെന്ന് കണ്ടാലും മരുന്ന് സ്വന്തമായി നിർത്തരുത്. മരുന്ന് കൃത്യമായി കഴിക്കുന്നത് കൊണ്ടാണ് ബിപി നിയന്ത്രണവിധേയമായി നിൽക്കുന്നത്.

ഗുളിക കഴിക്കാൻ മറന്നാൽ എന്ത് ചെയ്യണം?

ഒരു തവണ മരുന്ന് മറന്നുപോയാൽ ഭയക്കേണ്ടതില്ല. മരുന്നിന്റെ നിർദേശങ്ങൾ പാലിക്കുകയോ ഫാർമസിസ്റ്റിനോടോ ഡോക്ടറോടോ ചോദിക്കുകയോ ചെയ്യാം. ഡോക്ടർ നിർദ്ദേശിക്കാതെ അടുത്ത തവണ കഴിക്കുമ്പോൾ ഇരട്ടി ഡോസ് മരുന്ന് കഴിക്കരുത്. മരുന്ന് കഴിക്കാൻ ഇടയ്ക്കിടെ മറന്നുപോകുന്നുവെങ്കിൽ അലാറം, പിൽ ഓർഗനൈസർ അല്ലെങ്കിൽ ദിവസേന ചെയ്യുന്ന മറ്റേതെങ്കിലും കാര്യങ്ങളുമായി (ഉദാഹരണത്തിന് രാവിലത്തെ ഭക്ഷണത്തിന് ശേഷം) ഇതിനെ ബന്ധപ്പെടുത്തുക. പാർശ്വഫലങ്ങൾ, മരുന്നിന്റെ ഉയർന്ന വില അല്ലെങ്കിൽ മറ്റു തടസങ്ങൾ കാരണമാണ് മരുന്ന് മുടങ്ങുന്നതെങ്കിൽ സ്വയം മരുന്ന് നിർത്താതെ ഡോക്ടറോട് സംസാരിച്ച് അനുയോജ്യമായ മാറ്റങ്ങൾ വരുത്തുക.


അടിയന്തര മുന്നറിയിപ്പ്

ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന തളർച്ച, മുഖകോടൽ, സംസാരിക്കാൻ ബുദ്ധിമുട്ട്, നെഞ്ചുവേദന, കഠിനമായ ശ്വാസതടസം എന്നിവ അനുഭവപ്പെട്ടാൽ ഒട്ടും വൈകാതെ അടിയന്തര വൈദ്യസഹായം തേടുക. ഇവ വെറുമൊരു ഗുളിക മുടങ്ങിയതിന്റെ ഫലമാണെന്ന് കരുതി അവഗണിക്കരുത്. ബിപി മരുന്നുകൾ നിർദേശിച്ച പ്രകാരം കൃത്യമായി കഴിക്കുമ്പോഴാണ് അവ പൂർണ സംരക്ഷണം നൽകുന്നത്. ഒരു ദിവസം കഴിക്കാൻ മറന്നാൽ ഉടൻ അപകടമുണ്ടാകില്ലെങ്കിലും, സ്ഥിരമായി മരുന്ന് മുടക്കുന്നത് ആരോഗ്യത്തിന് വലിയ ഭീഷണിയാണ്.

Tags