രാത്രി മുഴുവൻ കറുവാപ്പട്ട കുതിർത്ത് വെച്ച വെള്ളം രാവിലെ കുടിച്ചാൽ ഷുഗർ കുറയുമോ?

cinnamon

പ്രമേഹരോഗികൾ മാത്രമല്ല, പ്രമേഹമില്ലാത്തവരും ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് അറിയാൻ ഇന്ന് കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിങ് (CGM) സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കറുവാപ്പട്ട വെള്ളം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ എന്തെങ്കിലും മാറ്റമുണ്ടാക്കുമോ എന്നറിയാൻ കണ്ടന്റ് ക്രിയേറ്ററായ മുരളി മദ്ദുല ഒരു പരീക്ഷണം നടത്തിയത്. പരീക്ഷണത്തിലൂടെ ലഭിച്ച നിരീക്ഷണങ്ങളും അതിന്റെ ആരോഗ്യപ്രസക്തിയും ശ്രദ്ധ നേടുകയാണ്.

ഇതിനായി 200 ഗ്രാം വെള്ളച്ചോറിനൊപ്പമാണ് അദ്ദേഹം കറുവാപ്പട്ട വെള്ളം പരീക്ഷിച്ചത്. "ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള സിന്നമാൽഡിഹൈഡ് എന്ന സംയുക്തത്തിന് പേരുകേട്ടതാണ് കറുവാപ്പട്ട. എന്നാൽ ഭക്ഷണത്തിന് മുൻപ് ഇത് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ യഥാർത്ഥത്തിൽ സ്വാധീനിക്കുമോ?" എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

വിവിധതരം അരികൾ രക്തത്തിലെ പഞ്ചസാരയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ അറിയാം. സാധാരണ രീതിയിൽ വേവിച്ച വെള്ളച്ചോറ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുതിച്ചുയരാനും വലിയ വ്യതിയാനങ്ങൾ ഉണ്ടാകാനും കാരണമാകുന്നു. കഞ്ഞിവെള്ളം ഊറ്റിക്കളഞ്ഞ ചോറ് ഗ്ലൂക്കോസ് നിലയിൽ നേരിയ പുരോഗതി കാണിക്കുന്നു. വെള്ളച്ചോറും ക്വിനോവയും (Quinoa) ചേർത്തത് പഞ്ചസാരയുടെ പെട്ടെന്നുള്ള വർധനവ് തടയുകയും സ്ഥിരത നിലനിർത്തുകയും ചെയ്യുന്നു. ലോ ജിഐ ഉള്ള ബസ്മതി അരി പഞ്ചസാരയുടെ അളവിൽ വളരെ നേരിയ വർധനവ് മാത്രമേ ഉണ്ടാക്കുന്നുള്ളൂ.

15 മിനിറ്റ് മാത്രം കുതിർത്ത കറുവാപ്പട്ട വെള്ളം കുടിക്കുന്നതിനേക്കാൾ, രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർത്ത കറുവാപ്പട്ട വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 40 ശതമാനം കുറയ്ക്കാൻ സഹായിക്കുമെന്ന് മുരളി മദ്ദുല വ്യക്തമാക്കുന്നു.

"ഈ പരീക്ഷണം വെറും കണക്കുകളെക്കുറിച്ചല്ല; മറിച്ച് നമ്മുടെ പരമ്പരാഗത ഭക്ഷണങ്ങൾ ആസ്വദിച്ചുകൊണ്ടുതന്നെ ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള പ്രായോഗികവും ശാസ്ത്രീയവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനെക്കുറിച്ചാണ്. നിങ്ങൾ ചോറ് ഇഷ്ടപ്പെടുന്നയാളാണെങ്കിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാനുള്ള വഴികൾ തേടുകയാണെങ്കിൽ ഇത് നിങ്ങൾക്കുള്ളതാണ്," മദ്ദുല പറഞ്ഞു.

എന്തിനാണ് കറുവാപ്പട്ട വെള്ളം കുടിക്കുന്നത്?

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ, പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹമോ ഇൻസുലിൻ റെസിസ്റ്റൻസോ ഉള്ളവർക്ക്, കറുവാപ്പട്ട വെള്ളം വലിയ ഗുണം ചെയ്യുമെന്ന് കരുതപ്പെടുന്നു. "കറുവാപ്പട്ടയിൽ അടങ്ങിയിട്ടുള്ള സിന്നമാൽഡിഹൈഡ് പോലുള്ള ബയോആക്ടീവ് സംയുക്തങ്ങൾ ഇൻസുലിൻ സംവേദനക്ഷമതയും ഗ്ലൂക്കോസ് മെറ്റബോളിസവും മെച്ചപ്പെടുത്താൻ സഹായിക്കും," ഹൈദരാബാദ് ലക്ഡി കാ പൂളിലെ ഗ്ലെനീഗിൾസ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയും കൺസൾട്ടന്റുമായ ഡോ.മനീന്ദ്ര പറഞ്ഞു.

ദഹനനാളത്തിൽ കാർബോഹൈഡ്രേറ്റുകളുടെ ദഹനം സാവധാനത്തിലാക്കാൻ കറുവാപ്പട്ട സഹായിക്കുന്നു. ഇത് രക്തത്തിലേക്ക് ഗ്ലൂക്കോസ് പതുക്കെ മാത്രം എത്താൻ ഇടയാക്കുന്നു. "ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ ഇതിലൂടെ സാധിക്കും. കൂടാതെ, കോശങ്ങളിലേക്ക് ഗ്ലൂക്കോസ് എത്തിക്കുന്ന ഹോർമോണായ ഇൻസുലിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും അതുവഴി മൊത്തത്തിലുള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കറുവപ്പട്ട സഹായിച്ചേക്കാം," ഡോ.മനീന്ദ്ര പറഞ്ഞു.

എത്ര അളവിൽ കഴിക്കണം?

ദിവസവും 1-2 മില്ലിഗ്രാം എന്നിങ്ങനെ മിതമായ അളവിൽ കറുവാപ്പട്ട കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മികച്ച രീതിയിൽ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

മികച്ച ഗുണങ്ങൾക്കായി കറുവാപ്പട്ട പൊടി രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വയ്ക്കണോ?

15 മിനിറ്റ് മാത്രം കുതിർക്കുന്നതിനേക്കാൾ, രാത്രി മുഴുവൻ കറുവാപ്പട്ട പൊടി വെള്ളത്തിലിട്ട് വെക്കുന്നത് കൂടുതൽ ഗുണം ചെയ്യുമെന്ന് ഡയറ്റീഷ്യനും പ്രമേഹരോഗ വിദഗ്ധയുമായ കനിക മൽഹോത്ര പറഞ്ഞു. സിന്നമാൽഡിഹൈഡ്, പോളിഫെനോളുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങൾ വെള്ളത്തിലേക്ക് കൂടുതൽ നന്നായി ഇറങ്ങിച്ചെല്ലുന്നതാണ് ഇതിന് കാരണം. "ഈ സംയുക്തങ്ങൾ കറുവാപ്പട്ടയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കൽ, മെറ്റബോളിസം വർധിപ്പിക്കൽ എന്നീ ഗുണങ്ങൾ നൽകുന്നു. രാത്രി മുഴുവൻ കുതിർത്തു വെക്കുന്നതിലൂടെ ഈ ഗുണകരമായ ഘടകങ്ങൾ വെള്ളത്തിൽ പൂർണമായും ലയിക്കുകയും പരമാവധി ആരോഗ്യഗുണങ്ങൾ ലഭിക്കുകയും ചെയ്യുന്നു," മൽഹോത്ര വ്യക്തമാക്കി.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

"ദൈനംദിന ജീവിതത്തിൽ കറുവാപ്പട്ട ഉൾപ്പെടുത്താനുള്ള എളുപ്പവഴിയാണ് കറുവാപ്പട്ട വെള്ളം കുടിക്കുന്നത്. എന്നാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇത് ഒരു സഹായി മാത്രമാണെന്നും, പ്രമേഹത്തിനുള്ള ഏക ചികിത്സയല്ലെന്നും മനസിലാക്കേണ്ടത് പ്രധാനമാണ്," ഡോ.മനീന്ദ്ര ഓർമ്മിപ്പിച്ചു.

ശരീരത്തിൽ കൗമറിൻ എന്ന ഘടകം അമിതമായി എത്തുന്നത് ഒഴിവാക്കാൻ കറുവാപ്പട്ട മിതമായ അളവിൽ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്ന് കനിക മൽഹോത്ര നിർദേശിച്ചു. പ്രമേഹമോ രക്തത്തിലെ പഞ്ചസാരയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളോ ഉള്ളവർ കറുവാപ്പട്ട വെള്ളത്തെ മാത്രം ആശ്രയിക്കരുത്.

പകരം, ഡോക്ടർ നിർദേശിച്ച മരുന്നുകൾ, ആരോഗ്യകരമായ ഭക്ഷണക്രമം, കൃത്യമായ വ്യായാമം എന്നിവയ്‌ക്കൊപ്പം ഒരു സഹായിയായി മാത്രമേ ഇത് ഉപയോഗിക്കാവൂവെന്ന് ഡോ.മനീന്ദ്ര വ്യക്തമാക്കി. വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർ ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് എപ്പോഴും ഒരു ആരോഗ്യവിദഗ്ധന്റെ ഉപദേശം തേടേണ്ടതാണ്.

Tags