പ്രമേഹരോഗികൾക്ക് കറുത്ത ഉണക്കമുന്തിരിയും പ്രൂൺസും സുരക്ഷിതമാണോ?
പ്രകൃതിദത്തമായ മധുരമടങ്ങിയ ഡ്രൈ ഫ്രൂട്ട്സ് പ്രമേഹമുള്ളവർക്ക് കഴിക്കാമോ എന്നത് പലരുടെയും സംശയമാണ്. കറുത്ത ഉണക്കമുന്തിരിയും പ്രൂൺസും പോഷകങ്ങളാൽ സമ്പന്നമാണെങ്കിലും, ഇവയിലെ കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുതൽ ആയതിനാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ പ്രത്യേക ശ്രദ്ധ വേണം.
പ്രമേഹമുള്ളവർ ഉണക്കിയ പഴങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതില്ലെന്നും എന്നാൽ അവയിലെ കാർബോഹൈഡ്രേറ്റിന്റെ അളവ് കണക്കാക്കി വേണം കഴിക്കാനെന്നും താനെ കെ.ഐ.എം.എസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റ് ഡോ.സുകീർത്തി മിശ്ര പറയുന്നു.
പ്രമേഹരോഗികൾക്ക് കറുത്ത ഉണക്കമുന്തിരിയും പ്രൂൺസും കഴിക്കാമോ?
"തീർച്ചയായും, പ്രമേഹമുള്ളവർക്ക് മിതമായ അളവിൽ കറുത്ത ഉണക്കമുന്തിരിയും പ്രൂൺസും കഴിക്കാവുന്നതാണ്. പ്രശ്നം പഴങ്ങളിലല്ല, മറിച്ച് ഉണക്കുന്ന പ്രക്രിയയിലൂടെ അവയിൽ കേന്ദ്രീകരിക്കുന്ന ഉയർന്ന അളവിലുള്ള പഞ്ചസാരയിലും കാർബോഹൈഡ്രേറ്റിലുമാണ്," ഡോ.മിശ്ര വ്യക്തമാക്കി.
കറുത്ത ഉണക്കമുന്തിരിയിൽ പ്രകൃതിദത്ത പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ പ്രൂൺസിൽ കാർബോഹൈഡ്രേറ്റിനൊപ്പം നാരുകളും പ്രകൃതിദത്ത ഷുഗർ ആൽക്കഹോളായ സോർബിറ്റോളും അടങ്ങിയിരിക്കുന്നു. കഴിക്കുന്ന അളവ്, വ്യക്തിയുടെ രക്തത്തിലെ നിലവിലെ പഞ്ചസാരയുടെ അളവ്, ഭക്ഷണക്രമം എന്നിവയെ ആശ്രയിച്ച് ഇവ രണ്ടും രക്തത്തിലെ ഗ്ലൂക്കോസ് നില ഉയർത്താൻ സാധ്യതയുണ്ട്.
"ഇവ രണ്ടിലും പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ തുടങ്ങിയ അത്യാവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ പൂർണമായി ഒഴിവാക്കേണ്ടതില്ല, മറിച്ച് കഴിക്കുന്ന അളവിൽ കൃത്യമായ നിയന്ത്രണം പാലിക്കുകയാണ് വേണ്ടത്," ഡോക്ടർ പറഞ്ഞു.
സുരക്ഷിതമായ അളവ് എത്ര?
ഒരു ദിവസം ഒരു ടേബിൾസ്പൂൺ കറുത്ത ഉണക്കമുന്തിരി (10–15 ഗ്രാം) അല്ലെങ്കിൽ രണ്ടോ മൂന്നോ ചെറിയ പ്രൂൺസ് കഴിക്കാനാണ് ഡോ.മിശ്ര നിർദേശിക്കുന്നത്. ഇവ അധിക ലഘുഭക്ഷണമായി കണക്കാക്കാതെ, ദിവസേന കഴിക്കുന്ന കാർബോഹൈഡ്രേറ്റിന്റെ ആകെ അളവിൽ ഉൾപ്പെടുത്തണം. ഇവ ദിവസവും കഴിക്കാമോ എന്നത് ഓരോരുത്തരുടെയും രക്തത്തിലെ ഗ്ലൂക്കോസ് നില, മരുന്നുകൾ, ശാരീരിക അധ്വാനം, മറ്റ് ഭക്ഷണശൈലി എന്നിവയെ ആശ്രയിച്ചിരിക്കും.
"പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ എന്നിവയടങ്ങിയ സന്തുലിത ഭക്ഷണത്തിനൊപ്പം ഉണക്കിയ പഴങ്ങൾ കഴിക്കുന്നത് തനിയെ കഴിക്കുന്നതിനേക്കാൾ രക്തത്തിൽ ഗ്ലൂക്കോസ് വേഗത്തിൽ കലരുന്നത് തടയാൻ സഹായിക്കും," ഡോക്ടർ വിശദീകരിച്ചു.
വെറും വയറ്റിൽ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് ദോഷകരമല്ലെങ്കിലും, ഒരേസമയം വലിയ അളവിൽ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് ഉയർത്താനിടയാക്കും. അതിനാൽ ഇവ കഴിച്ചശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നത് ശരീരത്തിന്റെ പ്രതികരണം മനസിലാക്കാൻ സഹായിക്കും.
എന്തൊക്കെ മുൻകരുതലുകൾ എടുക്കണം?
അളവ് നിയന്ത്രിക്കുക: ഡ്രൈ ഫ്രൂട്ട്സ് വലിപ്പത്തിൽ ചെറുതായതിനാൽ കൂടുതൽ കഴിച്ചുപോകാൻ സാധ്യതയുണ്ട്. അതിനാൽ അളവിൽ പ്രത്യേക ശ്രദ്ധ വേണം.
അധിക മധുരം ചേർത്തവ ഒഴിവാക്കുക: മധുരം, സിറപ്പ്, മറ്റ് ചേരുവകൾ എന്നിവ കൃത്രിമമായി ചേർക്കാത്ത ഡ്രൈ ഫ്രൂട്ട്സ് തിരഞ്ഞെടുക്കുക. പാക്കറ്റിലെ ലേബൽ പരിശോധിച്ച് ഉറപ്പുവരുത്തുക.
കാർബോഹൈഡ്രേറ്റ് കണക്കാക്കുക: ഡ്രൈ ഫ്രൂട്ട്സിലെ കാർബോഹൈഡ്രേറ്റ് പ്രതിദിന ഭക്ഷണക്രമത്തിൽ കണക്കിലെടുക്കുകയും, പുതിയതായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ് നില കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുക.
മറ്റ് മധുരപലഹാരങ്ങൾക്കൊപ്പം ഒഴിവാക്കുക: മധുരമുള്ള സിറിയലുകൾ, ഡെസേർട്ടുകൾ തുടങ്ങിയ ഉയർന്ന മധുരമടങ്ങിയ ഭക്ഷണങ്ങളോടൊപ്പം ഇവ കഴിക്കുന്നത് ഒഴിവാക്കുക.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലല്ലാത്തവരും മറ്റ് പ്രത്യേക ഭക്ഷണനിയന്ത്രണങ്ങൾ ഉള്ളവരും എൻഡോക്രൈനോളജിസ്റ്റിന്റെയോ ഡയറ്റീഷ്യന്റെയോ ഉപദേശം തേടേണ്ടതാണ്.
"ഭക്ഷണത്തിൽ നിന്ന് പഴങ്ങളെ പൂർണമായി ഒഴിവാക്കുകയല്ല ലക്ഷ്യം, മറിച്ച് രക്തത്തിലെ പഞ്ചസാരയുടെ നില സുസ്ഥിരമായി നിലനിർത്തിക്കൊണ്ട് അവ കൃത്യമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് വേണ്ടത്," ഡോ.മിശ്ര വ്യക്തമാക്കി.
.jpg)

