ബിരിയാണി പ്രേമികൾക്ക് ഒരു സന്തോഷവാർത്ത; ഡയറ്റ് തെറ്റിക്കാതെ ഇനി വയറുനിറയെ കഴിക്കാം
"ഇന്ത്യക്കാരുടെ വികാരമാണ് ബിരിയാണി. ഏത് ചോദ്യത്തിനും ബിരിയാണി എന്ന് ഉത്തരം പറയുന്ന ആരാധകർ നമുക്കിടയിലുണ്ട്. എന്നാൽ ഫിറ്റ്‌നസ് പ്രേമികൾക്കിടയിൽ ബിരിയാണി പലപ്പോഴും ഒരു വില്ലനാണ്. കലോറി കൂടുമെന്ന പേടിയിൽ ബിരിയാണി പൂർണ്ണമായും ഒഴിവാക്കുന്നവരാണ് പലരും. എന്നാൽ സത്യത്തിൽ ബിരിയാണി ഒരു അനാരോഗ്യകരമായ ഭക്ഷണമാണോ? ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബിരിയാണിയുടെ രുചി ഒട്ടും ചോരാതെ തന്നെ ആരോഗ്യകരമായ രീതിയിൽ നമുക്കിത് ആസ്വദിക്കാം. അത് എങ്ങനെയാണെന്ന് നോക്കാം."
പലർക്കും ബിരിയാണിയോടൊപ്പം പ്രത്യേകിച്ച് എന്തെങ്കിലും കൂടി വേണം. കബാബ്, ചിലർക്ക് ജ്യൂസ്, ഷേക്ക്, വറുത്തത് എന്നിവ ആ ലിസ്റ്റിൽ ഉൾപ്പെടാം. സാധാരണ ബിരിയാണിയുടെ ഒപ്പം കിട്ടുന്ന സാലഡ് കൂടി ചേരുമ്പോൾ തന്നെ അതൊരു കംപ്ലീറ്റ് മീൽ ആകാറുണ്ട്. അതിനാൽ വീണ്ടും മറ്റെന്തിങ്കിലും വാങ്ങിക്കഴിക്കാതിരിക്കുന്നതാണ് നല്ലത്. നിർബന്ധമില്ലെങ്കിൽ ബിരിയാണിയുടെ കൂടെയുള്ള പപ്പടം, അച്ചാർ എന്നിവ ഒഴിവാക്കാവുന്നതാണ്.
∙ബാലൻസ് വേണം!
നല്ലൊരു ബിരിയാണിക്ക് ഒരുപാട് റൈസ് വേണമെന്നില്ല. അൽപം കഴിച്ചാൽ തന്നെ മനസ്സും വയറും നിറയും. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ എന്നിവയെല്ലാം ചേരുന്നതാണ് ഒരു ബാലൻസ്ഡ് മീൽ എന്ന് അറിയാമല്ലോ? ചോറിന്റെ അളവ് വളരെ കുറച്ച്, ചിക്കൻ, മുട്ട പോലുള്ള പ്രോട്ടീൻ സ്രോതസ്സ് കൂടുതലായി എടുക്കുന്നതാണ് നല്ലത്. സാലഡിലെ തൈരിലുള്ള പ്രോബയോട്ടിക്, പച്ചക്കറിയിലെ ഫൈബർ എന്നിവ ചേരുമ്പോൾ ബിരിയാണി ടേസ്റ്റി മാത്രമല്ല ഹെൽത്തിയുമായി മാറുന്നു. ഇങ്ങനെ നിയന്ത്രിച്ചു കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയരുന്നത് നിയന്ത്രിക്കാനും കഴിയും.
പെട്ടെന്ന് ഉണ്ടാക്കിയെടുക്കുന്ന, ഒരുപാട് എണ്ണ ചേര്‍ത്ത ബിരിയാണിയെക്കാൾ ദം ചെയ്ത് പാകം ചെയ്യുന്ന ബിരിയാണിയാവും കൂടുതൽ നല്ലതെന്ന് ഡയറ്റീഷ്യന്മാർ പറയുന്നു. ഇത്തരത്തിൽ എണ്ണയുടെ ഉപയോഗം കുറച്ച്, കൂടുതൽ സമയമെടുത്ത് പാകം ചെയ്യുന്ന ബിരിയാണി കഴിക്കുമ്പോൾ ഒരുപാട് ഹെവി ആയി തോന്നുകയുമില്ല.
ബിരിയാണിയിൽ ചേർക്കുന്ന മസാലകൾ വെറും രുചിക്ക് വേണ്ടി മാത്രമുള്ളതല്ല. ഇഞ്ചി, ഏലയ്ക്ക, ഗ്രാംപു തുടങ്ങിയവ ദഹനത്തിന് ഏറെ സഹായിക്കും. ആവശ്യത്തിലധികം മുളകും, ഫ്ലേവറുകളുമെല്ലാം ചേർത്താലാണ് പലർക്കും അസിഡിറ്റി പ്രശ്നങ്ങൾ തോന്നുന്നതും, നെഞ്ചെരിച്ചിലും ഹെവി ആയതായി തോന്നുകയും ചെയ്യുന്നത്. ശരിയായി അളവിലുള്ള ചേരുവകൾ ആരോഗ്യത്തിന് നല്ലതാണ്.
∙സമയത്തിനുണ്ട് പ്രാധാന്യം
രാത്രി വൈകിയുള്ള ബിരിയാണി കഴിക്കൽ ചിലർക്ക് സ്പെഷൽ ആയിരിക്കും. പക്ഷേ അത് ഹെൽത്തി അല്ല. ഉച്ചയ്ക്കോ വൈകിട്ടോ ബിരിയാണി കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്. രാത്രിയായാൽ ദഹനം പതുക്കെയാവുകയും ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യും. ക്ഷീണവും, വയറു കമ്പിക്കലും, ഭാരവർധനയും കുറയ്ക്കാൻ നേരത്തെ ബിരിയാണി കഴിക്കുന്നതാണ് നല്ലത്.
∙ ഒഴിവാക്കരുത്!
പലരും ഉച്ചയ്ക്ക് ബിരിയാണി കഴിച്ചാൽ പിന്നെ അന്നത്തേക്ക് ഒന്നും കഴിക്കേണ്ടെന്ന് തീരുമാനിക്കും. ഇപ്പോൾ തന്നെ ഒരുപാട് കാലറി അകത്തെത്തിയല്ലോ എന്നാവും സ്വാഭാവികമായും ചിന്തിക്കുക. പക്ഷേ രാത്രി ആകുമ്പോഴേക്കും നന്നായി വിശക്കാൻ തുടങ്ങും. പിന്നീട് ഇത് കൂടുതൽ ഭക്ഷണം കഴിക്കാനും ദഹനക്കേട് ഉണ്ടാകാൻ കാരണമാവുകയും ചെയ്യും. ബിരിയാണിക്ക് ശേഷം പഴങ്ങൾ, പച്ചക്കറികള്‍, വെള്ളം എന്നിവ ഉൾപ്പെടുത്തി ആഹാരം കഴിക്കുന്നത് നല്ലതാണ്. ഒരു നേരത്തെ ഭക്ഷണവും ഒഴിവാക്കേണ്ട കാര്യമില്ല.
.jpg)


