ഗുണങ്ങളിൽ മുമ്പിലാണ് കൈതച്ചക്ക


പോഷകങ്ങൾക്ക് പുറമേ ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യപ്രദമായ എൻസൈമുകൾ എന്നിവയെല്ലാം കൈതച്ചക്കയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കൈതച്ചക്ക കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളും നിരവധിയാണ്. വിറ്റാമിനുകളായ എ, സി, കെ, ഫോസ്ഫറസ്, കാൽസ്യം, സിങ്ക് എന്നിവയെല്ലാം കൈതച്ചക്കയിൽ അടങ്ങിയിട്ടുണ്ട്.
tRootC1469263">ദഹനം മെച്ചപ്പെടുത്തുന്നു
അമിതമായി ഭക്ഷണം കഴിക്കുകയോ അല്ലെങ്കിൽ കൂടുതൽ കൊഴുപ്പും എണ്ണയുമടങ്ങിയ ഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോൾ വയറിനുള്ളിൽ അസ്വസ്ഥത ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇത്തരം സന്ദർഭങ്ങളിൽ കൈതച്ചക്ക കഴിക്കുന്നത് ഉത്തമമാണ്. കൈതച്ചക്കയോ ജ്യൂസോ കഴിക്കാം. കൈതച്ചക്കയിലെ ബ്രോമെലെയൻ എൻസൈം, ഫൈബർ, വിറ്റാമിൻ സി എന്നിവ വയറിനുള്ളിലെ അസ്വസ്ഥതകൾ കുറച്ച് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

എല്ലുകളുടെ ബലത്തിന്
മാംഗനീസിന്റെ മികച്ച സ്രോതസ്സാണ് കൈതച്ചക്ക. ഇത് എല്ലുകളുടെ ബലത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ്. നിശ്ചിത അളവിൽ കൈതച്ചക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യമുള്ള ശരീരം നിലനിർത്താനും എല്ലുകളെ ബലപ്പെടുത്താനും ഉപകരിക്കും.
രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു
വിറ്റാമിൻ സിയുടെ കലവറയാണ് കൈതച്ചക്ക. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഏറെ സഹായിക്കുന്ന ഘടകമാണ് വിറ്റാമിൻ സി. ഇത് കൂടാതെ, കൈതച്ചക്കയിലടങ്ങിയിട്ടുള്ള പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും രോഗങ്ങൾക്കെതിരേയുള്ള പോരാട്ടത്തിന് സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കുന്നു
പൈനാപ്പിൾ സ്ഥിരമായി കഴിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും കൊഴുപ്പിനെ വിഘടിക്കാൻ സഹായിക്കുകയും ചെയ്യുന്നു.