ബാത്ത്‌റൂമിൽ പോകുമ്പോൾ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരണോ നിങ്ങൾ?

google news
mobile

മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും ഉപയോഗത്തിന്റെ ദൈര്‍ഘ്യവും കൂടുകയാണ്. ഇതാണ് പലപ്പോഴും ഫോണ്‍ ബാത്ത്‍റൂമില്‍ പോകുമ്പോള്‍ അങ്ങോട്ട് വരെ എടുത്തുകൊണ്ടുപോകാൻ മിക്കവരെയും പ്രേരിപ്പിക്കുന്നത്. ബാത്ത്റൂമില്‍- പ്രത്യേകിച്ച് കക്കൂസില്‍ പോകുന്ന സമയത്താണ് അധികവും ഫോണ്‍ ഉപയോഗം. വീഡിയോ കാണുന്നതോ മെസേജുകള്‍ക്കോ മെയിലുകള്‍ക്കോ മറുപടി അയക്കുന്നതോ പോലും പലരും ടോയ്‍ലറ്റ് സീറ്റില്‍ ഇരുന്നുകൊണ്ടാണ് എന്നതാണ് സത്യം.

എന്നാല്‍ ഈ ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന സൂചന. ടോയ്‍ലറ്റില്‍ പോകുമ്പോള്‍ ഫോണ്‍ കൂടെ കൊണ്ടുപോകുന്നത് ഫോണില്‍ നിരവധിയായ രോഗാണുക്കള്‍ കയറിക്കൂടുന്നതിന് കാരണമാകുമെന്നും ഇവ പിന്നീട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ കയ്യിലൂടെ വായ്ക്കകത്തും കണ്ണിലും മൂക്കിനുള്ളിലുമെല്ലാം എത്തി, രോഗാണുക്കള്‍ ശരീരത്തിന് അകത്ത് കടക്കുന്നതിലേക്ക് നയിക്കുമെന്നും ഇവര്‍ പറയുന്നു.

ഈ ഡിജിറ്റല്‍ യുഗത്തില്‍ പല രോഗങ്ങളെയും പരത്തുന്ന രോഗാണുക്കളെ വഹിക്കുന്ന കൊതുകിന് പകരം പ്രവര്‍ത്തിക്കുന്നത് സ്മാര്‍ട് ഫോണ്‍ ആണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഫോണില്‍ കടന്നുകൂടുന്ന രോഗാണുക്കള്‍ 28 ദിവസം വരെ അതില്‍ തന്നെ ജീവനോടെ കാണുമെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. പലരിലും കാണുന്ന പതിവ് ആരോഗ്യപ്രശ്നങ്ങളുടെ കാരണം തന്നെ സ്മാര്‍ട് ഫോണുകളില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന അണുക്കള്‍ ആണെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

മൂത്രാശയ അണുബാധ, വയറിളക്കം, ഭക്ഷ്യവിഷ ബാധ, വയറുവേദന, വിവിധ അണുബാധകള്‍ എന്നിവയെല്ലാം ടോയ്‍ലറ്റില്‍ നിന്നുള്ള രോഗാണുക്കള്‍ ശരീരത്തിലെത്തുന്നത് മൂലമുണ്ടാകാം. ഇതിന് പുറമെ ടോയ്‍ലറ്റിലേക്ക് ഫോണ്‍ കൊണ്ടുപോകുമ്പോള്‍ അവിടെ ചെലവിടുന്ന സമയം കൂടുകയും ഇതോടെ സ്കിൻ ഇൻഫെക്ഷൻ, ശ്വാസകോശാണുബാധ (സൈനസൈറ്റിസ് പോലുള്ള) എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ വരാമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags