വാഴപ്പഴം കഴിച്ചയുടനെ വെള്ളം കുടിക്കരുതേ?
വാഴപ്പഴം ആരോഗ്യത്തിന് വളരെ നല്ലതാണെന്നതിൽ സംശയമില്ല. വിശപ്പുതോന്നുമ്പോൾ പെട്ടെന്ന് വയറുനിറയ്ക്കാനായി വാഴപ്പഴവും പിന്നാലെ വെള്ളവും കുടിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ വാഴപ്പഴം കഴിച്ചയുടനെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? ഇതിന്റെ പിന്നിലെ വസ്തുത എന്താണെന്ന് പരിശോധിക്കാം.
ദഹനവുമായി ബന്ധപ്പെടുത്തിയാണ് ആരോഗ്യ വിദഗ്ധർ ഇങ്ങനെ പറയാറ്. വാഴപ്പഴം കഴിച്ചയുടനെ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ തടസപ്പെടുത്തിയേക്കാമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു. പൊതുവേ തണുപ്പുളള പഴമാണ് വാഴപ്പഴം. ഇത് കഴിച്ച് കഴിഞ്ഞ്, ആമാശയത്തിലെ ദഹനരസങ്ങൾ പഴത്തെ വിഘടിപ്പിക്കാൻ തുടങ്ങും. ഈ സമയത്ത് വെള്ളം കുടിച്ചാൽ, ദഹനരസങ്ങളെ അത് നേർപ്പിക്കുകയും ദഹനത്തെ മന്ദഗതിയിലാക്കുകയും ചെയ്യും.
ഇതോടെ പഴം ശരിയായി ദഹിക്കാതെയാകും. തുടർന്ന് വയറ് വീർക്കുകയും ദഹനക്കേട് പോലുള്ള അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്യും. വാഴപ്പഴം കഴിച്ച ഉടനെ തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ആന്തരിക സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും. കൂടാതെ തൊണ്ടവേദന, ചുമ, ജലദോഷം പോലുളള ബുദ്ധിമുട്ടുകൾ, കഫം എന്നിവ ഉണ്ടാവുമെന്നും പഴമക്കാർ പറയാറുണ്ട്.
കൂടാതെ വാഴപ്പഴത്തിന്റെ നാരുകളിൽ പ്രകൃതിദത്ത പഞ്ചസാര ധാരാളമായുണ്ട്. അതിനാൽ വാഴപ്പഴം കഴിച്ച ഉടനെ വെളളം കുടിക്കുന്നത് പഞ്ചസാരയുടെ ആഗിരണം വർധിപ്പിക്കുമെന്നും രക്തത്തിലെ ഗ്ലൂക്കോസിനെ താൽക്കാലികമെങ്കിലും വർധിപ്പിക്കുമെന്നും ചില പഠനങ്ങൾ പറയുന്നുണ്ട്. വാഴപ്പഴം കഴിച്ചതിന് പിന്നാലെ വെളളം കുടിച്ചാൽ ആമാശയത്തിലെ ആസിഡിനെ ബാധിക്കും ഇത് ചിലരിൽ ഗ്യാസുണ്ടാകാനും വയറിലെ അസ്വസ്ഥതയ്ക്കും കാരണമാകും, ഓക്കാനവും ഉണ്ടാകാൻ സാധ്യതയുണ്ട്.
അതിനാൽ പഴങ്ങൾ കഴിച്ച് കുറഞ്ഞത് 20 മുതൽ 30 മിനിറ്റിന് ശേഷം വെള്ളം കുടിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാഴപ്പഴം പോഷകസമ്യദ്ധമായ വിഭവമാണെന്നതിൽ തർക്കമില്ല, എന്നാൽ ഇവ കഴിക്കുന്നതിലുമുണ്ട് ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ എന്ന് മാത്രം.
.jpg)


