ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ? പഴം കഴിക്കേണ്ട ശരിയായ സമയം അറിയാം
രാത്രിയിൽ ഉറക്കം കിട്ടാതെ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? ഭക്ഷണശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചേക്കാം. ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട ഒന്നാണ് പഴം. ഉറക്കവുമായി ബന്ധപ്പെട്ട ഹോർമോണുകളുടെ ഉത്പാദനത്തിന് ആവശ്യമായ ട്രിപ്റ്റോഫാൻ ഉൾപ്പെടെയുള്ള പോഷകങ്ങൾ പഴത്തിൽ അടങ്ങിയിട്ടുണ്ട്. രാത്രി കിടക്കുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുമ്പ് ഒരു പഴം കഴിക്കുന്നത് ചിലർക്ക് വിശ്രമിക്കാനും ഉറക്കത്തിന് തയ്യാറെടുക്കാനും സഹായിച്ചേക്കാം. എന്നാൽ പഴം കഴിക്കുന്ന സമയം മാത്രമല്ല, ഉറക്കത്തെ സ്വാധീനിക്കുന്ന മറ്റു ശീലങ്ങളും പ്രധാനമാണ്.
കിടക്കുന്നതിന് എത്ര സമയം മുമ്പാണ് പഴം കഴിക്കേണ്ടത്?
രാത്രി കിടക്കുന്നതിന് 1 മുതൽ 2 മണിക്കൂർ മുമ്പ് പഴം കഴിക്കുന്നതാണ് ഏറ്റവും അനുയോജ്യം. ഉറങ്ങുന്നതിന് മുമ്പ് ട്രിപ്റ്റോഫാൻ അടങ്ങിയ ലഘുഭക്ഷണം കഴിക്കുന്നത് ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങൾ കുറയ്ക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പഴം ദഹിച്ച്, അതിലെ ട്രിപ്റ്റോഫാൻ രക്തത്തിൽ കലരാൻ ശരീരത്തിന് കൃത്യമായ സമയം ആവശ്യമാണ്.
അതിനാൽ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പഴം കഴിക്കുന്നത് വിചാരിച്ച ഫലം നൽകണമെന്നില്ല. ട്രിപ്റ്റോഫാന് പെട്ടെന്ന് തന്നെ ഉറക്കം കൊണ്ടുവരാൻ കഴിയില്ല എന്നതിനാലാണ് കിടക്കുന്നതിന് കുറച്ച് സമയം മുമ്പേ കഴിക്കണം എന്ന് പറയുന്നത്.
ട്രിപ്റ്റോഫാൻ എങ്ങനെയാണ് ഉറക്കത്തെ സഹായിക്കുന്നത്?
ശരീരത്തിലെ ചില രാസസന്ദേശവാഹകരും ഹോർമോണുകളുമാണ് ഉറക്കത്തെ നിയന്ത്രിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടവ ട്രിപ്റ്റോഫാൻ, സെറോട്ടോണിൻ, മെലാടോണിൻ എന്നിവയാണ്. ട്രിപ്റ്റോഫാൻ ഒരു അത്യന്താപേക്ഷിത അമിനോ ആസിഡാണ്.
നമ്മുടെ ശരീരത്തിന് ഇത് സ്വയം ഉത്പാദിപ്പിക്കാൻ കഴിയില്ല എന്നതിനാൽ ഭക്ഷണത്തിലൂടെ മാത്രമേ ലഭിക്കൂ. ശരീരത്തിലെത്തുന്ന ട്രിപ്റ്റോഫാൻ 'സെറോട്ടോണിൻ' ആയും, അത് പിന്നീട് ഉറക്കത്തെ നിയന്ത്രിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന 'മെലാടോണിൻ' എന്ന ഹോർമോൺ ആയും മാറുന്നു.
പഴം ഉറക്കത്തെ സഹായിക്കുന്ന മറ്റ് വഴികൾ
ട്രിപ്റ്റോഫാന് പുറമെ, പേശികൾക്ക് അയവ് നൽകാനും ക്ഷീണം കുറയ്ക്കാനും സഹായിക്കുന്ന മറ്റ് ചില പോഷകങ്ങളും പഴത്തിലുണ്ട്: ശരീരത്തിലെ സ്വാഭാവിക ഉറക്കച്ചക്രത്തെ ക്രമീകരിക്കുന്നതിൽ മഗ്നീഷ്യം പ്രധാന പങ്ക് വഹിക്കുന്നു. ഇത് മെലാടോണിന്റെ ഉത്പാദനം വർധിപ്പിക്കുകയും, മാനസികസമ്മർദം ഉണ്ടാക്കുന്ന കോർട്ടിസോൾ ഹോർമോണിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഒരു പഴത്തിൽ ഏകദേശം 32 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.
പേശികൾക്ക് അയവ് നൽകാനും, നാഡീപ്രവർത്തനം മെച്ചപ്പെടുത്താനും, രക്തസമ്മർദം ക്രമീകരിക്കാനും പൊട്ടാസ്യം സഹായിക്കുന്നു. രാത്രിയിലുണ്ടാകുന്ന പേശിവലിവും അസ്വസ്ഥതകളും തടയാൻ ഇത് നല്ലതാണ്. ഒരു പഴത്തിൽ ഏകദേശം 375 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ട്രിപ്റ്റോഫാനെ സെറോട്ടോണിൻ ആക്കി മാറ്റാൻ വൈറ്റമിൻ ബി 6 അത്യാവശ്യമാണ്. പഴത്തിൽ ഉയർന്ന അളവിൽ വൈറ്റമിൻ ബി 6 അടങ്ങിയിട്ടുള്ളതിനാൽ ഇത് ഉറക്ക ഹോർമോണുകളുടെ ഉത്പാദനത്തെ സഹായിക്കുന്നു.
രാത്രിയിലെ വിശപ്പ് മാറ്റാനും പഴം മികച്ചൊരു ഉപാധിയാണ്. കൊഴുപ്പുള്ളതോ ദഹിക്കാൻ പ്രയാസമുള്ളതോ ആയ ഭക്ഷണങ്ങൾ രാത്രി കഴിക്കുന്നത് അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. എന്നാൽ എളുപ്പത്തിൽ ദഹിക്കുന്നതും കൊഴുപ്പ് കുറഞ്ഞതുമായ പഴം രാത്രി കഴിക്കാൻ പറ്റിയ പോഷകസമൃദ്ധമായ ലഘുഭക്ഷണമാണ്.
.jpg)

