ബാക്ലോഫിന്‍ പമ്പ് ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് വീണ്ടും പിച്ചവെക്കാനൊരുങ്ങി 69കാരന്‍

xg

കൊച്ചി: വീൽചെയറിൽ ജീവിതം അവസാനിക്കുമെന്ന് കരുതിയ വയോധികന് പ്രതീക്ഷയുടെ വെളിച്ചവുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. ബാക്ലോഫിൻ പമ്പ് ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയിലൂടെ 69കാരനെ ജീവിതത്തിലേക്ക് വീണ്ടും പിച്ചവെപ്പിക്കുകയായിരുന്നു മെഡ്സിറ്റിയിലെ ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷൻ  (പി.എം.ആര്‍) വിഭാഗം.  സംസ്ഥാനത്ത്  ആദ്യമായിട്ടാണ് പി.എം.ആര്‍ വിഭാത്തിന്റെ നേതൃത്വത്തിൽ ഇത്തരമൊരു ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നത്.

കോട്ടയം സ്വദേശിയായ വയോധികന് 10 വർഷം മുൻപായിരുന്നു പ്രോഗ്രസീവ് സ്പാസ്റ്റിക് ക്വാഡ്രിപാരസിസ് എന്ന രോഗം ബാധിച്ചത്. ആദ്യമെല്ലാം കോച്ചിപ്പിടുത്തവും പേശീ സങ്കോചവും മൂലം കൈകാലുകൾ അനക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. മൾട്ടിപ്പിൾ സ്ക്ലിറോസിസ്, സെറിബ്രൽ പാഴ്സി, സുഷ്മന നാഡിക്കുണ്ടാക്കുന്ന പരിക്കുകൾ തുടങ്ങിയ  രോഗങ്ങൾക്ക് സമാനമായിരുന്നു അവസ്ഥ. 2014 ആയപ്പോഴേക്കും ഇദ്ദേഹത്തിന്റെ സ്ഥിതി വഷളാകുകയും വാക്കറിന്റെ സഹായമില്ലാതെ  നടക്കാൻ പോലും കഴിയാത്ത സ്ഥിതിയിലേക്ക് എത്തി. അധികം വൈകാതെ പൂർണമായും വീൽചെയറിനെ ആശ്രയിക്കേണ്ട സ്ഥിതിയിലായി ഇദ്ദേഹം. മരുന്നുകളുടെ അമിതമായ ഉപയോഗം നേരത്തെ മുതൽ ഉണ്ടായിരുന്ന കോച്ചിപ്പിടുത്തം  രൂക്ഷമാക്കുകയും ചെയ്തു.

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സിച്ചെങ്കിലും വേണ്ടത്ര ഫലം ലഭിച്ചില്ല. തുടർന്ന് അവസാന ആശ്രയം എന്ന നിലക്കാണ് ആസ്റ്റർ മെഡ്സിറ്റിയിലെ  ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷൻ വിഭാഗത്തിൽ ചികിത്സ തേടിയത്. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ ബാക്ലോഫിൻ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയിലൂടെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് കണ്ടെത്തി.

പേശികളുടെ കോച്ചിപ്പിടുത്തം ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നാണ് ബാക്ലോഫിൻ. വായിലൂടെ കഴിക്കുന്നതിന് പകരമായി ശസ്ത്രക്രിയ വഴി ശരീരത്തിൽ സ്ഥാപിക്കുന്ന ബാക്ലോഫിൻ പമ്പ് വഴി കുറഞ്ഞ അളവിൽ തുടർച്ചയായി മരുന്ന് നൽകുകയാണ് ചെയ്യുന്നത്. പാർശ്വഫലങ്ങൾ കുറവാണ് എന്നതും ചികിത്സയുടെ മേന്മയാണ്.

ജൂലൈ അഞ്ചിന് പി.എം.ആർ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. കെ.എം മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിൽ കൺസൾട്ടൻറ് ഡോ. സക്കറിയ ടി സക്കറിയ, സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. ശ്രീജ കെ.എസ് എന്നിവർ പങ്കാളികളായി. പി.എം.ആര്‍ വിഭാഗത്തിൽ നിന്ന് കേരളത്തിലെ ആദ്യ ബാക്ലോഫെൻ പമ്പ് ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇത് സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് വിശ്വസിക്കുന്നതായും ഡോ. കെ.എം മാത്യു പറഞ്ഞു.

ശസ്ത്രക്രിയക്ക് ശേഷമുള്ള ഫിസിയോ തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി തുടങ്ങിയവ കൂടി പൂർത്തിയായാൽ  വർഷങ്ങൾക്ക് ശേഷം വീൽ ചെയറിനെയോ വാക്കറിനെ ആശ്രയിക്കാതെ ഒരിക്കൽ കൂടി  നടക്കാനുള്ള തയ്യാറെടുപ്പിലാണ് 69കാരനായ കോട്ടയം സ്വദേശി.


 

Tags