കരുതൽ വേണം; പുറം വേദന അര്‍ബുദത്തിന്‍റെയും ലക്ഷണമാകാം

backpain
backpain

നമ്മളില്‍ പലര്‍ക്കും പലപ്പോഴും തോന്നിയിട്ടുള്ള ഒന്നാണ് പുറം വേദന. പ്രത്യേകിച്ച് പ്രായമായവര്‍ക്ക്. എന്തെങ്കിലും ഭാരം ഉയര്‍ത്തുമ്പോഴോ  കഷ്ടപ്പാടുള്ള ജോലികള്‍ ചെയ്യുമ്പോഴോ, ശരിയായി ഇരിക്കാത്തത് മൂലമോ ഒക്കെ പുറം വേദന പ്രത്യക്ഷമായിട്ടുണ്ടാകും. എന്തെങ്കിലും ഓയില്‍മെന്‍റ് തേച്ചോ, ചൂട് പിടിച്ചോ ഒക്കെയാണ് ഈ വേദനയെ കൈകാര്യം ചെയ്യാറുള്ളത്. എന്നാല്‍ അത്രയ്ക്ക് നിസ്സാരമായി കാണേണ്ട ഒന്നല്ല പുറം വേദനയെന്നും ചിലപ്പോള്‍ ശരീരത്തിലെ അര്‍ബുദ വളര്‍ച്ച മൂലവും പുറം വേദന ഉണ്ടാകാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

മറ്റ് ഭാഗങ്ങളിലെ അര്‍ബുദം പുറത്തേക്ക് പടരുന്നതിനെ തുടര്‍ന്നാണ് വേദന ആരംഭിക്കുന്നത്. സാധാരണയായി സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, വൃഷണസഞ്ചിയിലെ അര്‍ബുദം, കോളന്‍ അര്‍ബുദം എന്നിവയാണ് ശരീരത്തിന്‍റെ പിന്‍ഭാഗത്തേക്കും പടരാറുള്ളത്. ഇവയെല്ലാം നട്ടെല്ലിനോട് ചേര്‍ന്ന് കിടക്കുന്നതിനാലാണ് ഇത്.

25 ശതമാനം ശ്വാസകോശ അര്‍ബുദ രോഗികള്‍ക്കും പുറം വേദന രോഗലക്ഷണങ്ങളിലൊന്നാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ശ്വാസകോശ അര്‍ബുദം എല്ലുകളിലേക്ക് വ്യാപിക്കുന്നത് പുറം ഭാഗത്ത് താഴെയായി വേദനയുണ്ടാക്കാം. രാത്രിയിലെ വിയര്‍പ്പ്, കുളിര്‍, പനി, വയര്‍ പ്രശ്നം, മൂത്ര സഞ്ചിക്ക് പ്രശ്നം, വിശദീകരിക്കാനാവാത്ത ഭാരനഷ്ടം എന്നീ ലക്ഷണങ്ങളും പുറം വേദനയോടൊപ്പം വന്നാല്‍ അത് ശ്വാസകോശത്തിലെ അര്‍ബുദം മൂലമാകാം.

മറ്റ് പുറം വേദനകളിൽ  നിന്ന് വ്യത്യസ്തമായി അര്‍ബുദം മൂലമുള്ള പുറം വേദന സ്ഥിരമായി തുടരും. ഇരിക്കുന്നതിന്‍റെ സ്ഥാനമോ ചലനമോ മാറ്റിയാലൊന്നും ഇത് മാറില്ല. കുത്തിക്കൊള്ളുന്ന വേദനയാകില്ല മറിച്ച് നേരിയ വിട്ടുമാറാത്ത അസ്വസ്ഥയാണ് അര്‍ബുദം പുറത്തിനുണ്ടാക്കുന്നത്. ഇത്തരം ലക്ഷണങ്ങൾ  ശ്രദ്ധയില്‍പ്പെടുന്നവര്‍ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്താന്‍ വൈകരുത്.

Tags