സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കാൻ തീരുമാനം. അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21നാണ് തദ്ദേശഭരണ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് ആയുഷ് യോഗ ക്ലബുകൾ ആരംഭിക്കുന്നത്.
തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഒരു വാർഡിൽ ചുരുങ്ങിയത് 20 പേർക്ക് ഒരേ സമയം യോഗ പരിശീലനത്തിനുള്ള വേദി ഉറപ്പാക്കുകയും അവിടെ ആയുഷ് യോഗ ക്ലബുകൾ ആരംഭിക്കുകയും ചെയ്യും. ആദ്യഘട്ടത്തിൽ ആരംഭിക്കുന്ന യോഗ ക്ലാസുകളുടെ തുടർച്ചയായി പരമാവധി വാർഡുകളിൽ ആയുഷ് യോഗ ക്ലബുകൾ ആരംഭിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
വിവിധ എൻ.ജി.ഒകൾ, യോഗ അസോസിയേഷനുകൾ, സ്പോർട്സ് കൗൺസിൽ എന്നിവരുടെ സഹകരണം ഉറപ്പാക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗ്രാമ, നഗര വ്യത്യാസങ്ങളില്ലാതെ എല്ലായിടങ്ങളിലും യോഗയുടെ സന്ദേശം എത്തിക്കുക എന്നതാണ് ലക്ഷ്യം.