പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്;ഈ ലക്ഷണങ്ങൾ അവഗണിക്കരുതേ

ഒരു മനുഷ്യന് തന്റെ പ്രിയപ്പെട്ട കുടുംബത്തെയോ അവന്റെ പ്രിയപ്പെട്ട കാറിനെയോ ഒരു ഗാഡ്‌ജെറ്റിനെയോ മടികൂടാതെ പരിപാലിക്കാൻ കഴിയും, ഇതിനെല്ലാം ഇടയിൽ, അവന്റെ ആരോഗ്യം ഒരു പിൻസീറ്റ് എടുക്കുന്നു.ദിവസവുമുള്ള തിരക്കുകൾക്കിടയിൽ പുരുഷന്മാർ ആരോഗ്യം പലപ്പോഴും അവഗണിക്കുകയാണ് പതിവ്.മാനസികവും ശാരീരികവുമായ ആരോഗ്യം ഗൗരവമായി കാണാത്ത പുരുഷന്മാർക്ക് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.എന്നാൽ ശരീരം പ്രകടമാക്കുന്ന ചില ലക്ഷണങ്ങളെ അവഗണിക്കരുത്.
നെഞ്ചിന് അസ്വസ്ഥതയോ വേദനയോ
പുരുഷന്മാർ അവഗണിക്കാനേ പാടില്ലാത്ത ഒരു പ്രധാന സൂചനയാണ് നെഞ്ചിന് അസ്വസ്ഥതയോ നെഞ്ചുവേദനയോ ഉണ്ടാകുന്നത്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മൂലമാകാം ഇതുണ്ടാകുന്നത്. മറ്റു പല കാരണങ്ങൾ കൊണ്ടും നെഞ്ചുവേദന ഉണ്ടാകാം. ഈ ലക്ഷണങ്ങളെ അവഗണിക്കരുത്. ജീവനുതന്നെ ഭീഷണി ആയേക്കാം. നെഞ്ചിന് എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ ഉടൻതന്നെ വൈദ്യസഹായം തേടണം
കിതപ്പ്
ശ്വാസമെടുക്കാന്‍ പ്രയാസം അനുഭവപ്പെടുകയോ കിതയ്ക്കുകയോ ചെയ്യുന്നത് ശ്വാസകോശസംബന്ധമായതോ ഹൃദയസംബന്ധമായതോ ആയ പ്രശ്നങ്ങൾ മൂലമാകാം. പെട്ടെന്നുണ്ടാകുന്ന കിതപ്പ്, തുടർച്ചയായി ശ്വാസമെടുക്കാൻ പ്രയാസമനുഭവപ്പെടുക പ്രത്യേകിച്ചും ശാരീരികാധ്വാനത്തിൽ ഏർപ്പെടുമ്പോഴും വിശ്രമിക്കുമ്പോഴും കിതപ്പ് വരുക .
ശരീരഭാരം കുറയുകയോ കൂടുകയോ ചെയ്യുക
പെട്ടന്ന് ശരീരഭാരം കുറയുന്നതും കൂടുന്നതും ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം. വളരെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് കാൻസർ, ഹൈപ്പർ തൈറോയ്ഡിസം, ദഹനപ്രശ്നങ്ങൾ ഇവയുടെ എല്ലാം ലക്ഷണങ്ങളാകാം. അതുപോലെ പെട്ടെന്ന് കൂടുന്നത് ഹോർമോൺ അസംതുലനം മൂലമോ മെറ്റബോളിക് പ്രശ്നങ്ങൾ മൂലമോ ആകാം.
ക്ഷീണം
പതിവായി കടുത്ത ക്ഷീണവും തളർച്ചയും തോന്നുക, ഉന്മേഷമില്ലായ്മ ഇതെല്ലാം അവഗണിക്കുത്. കടുത്ത ക്ഷീണം തുടർച്ചയായുണ്ടാകുന്നത് വിളർച്ച, വിഷാദം, സ്‌ലീപ് അപ്നിയ, തൈറോയ്ഡ് പ്രശ്നങ്ങൾ തുടങ്ങി നിരവധി അവസ്ഥകളുടെ സൂചനയാകാം. ഊർജനില കൈവരിക്കാനും ക്ഷീണമകറ്റാനും കൃത്യസമയത്ത് വൈദ്യസഹായം തേടാം.
ഇടയ്ക്കിടെയുള്ള മൂത്രശങ്ക
മൂത്രസംബന്ധമായ ലക്ഷണങ്ങൾ അതായത് ഇടയ്ക്കിടെയുള്ള മൂത്രശങ്ക, പെട്ടെന്ന് മൂത്രമൊഴിക്കാൻ തോന്നുക, മൂത്രത്തിൽ രക്തത്തിന്റെ അംശം ഇതൊന്നും അവഗണിക്കരുത്. ഈ ലക്ഷണങ്ങൾ മൂത്രത്തിലെ അണുബാധയുടേതോ, വൃക്കയിൽ കല്ല്, പ്രോസ്റ്റേറ്റ് കാൻസർ ഉൾപ്പെടെയുള്ള പ്രോസ്റ്റേറ്റ് പ്രശ്നങ്ങളുടേതോ ആകാം. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും രോഗത്തെ ഫലപ്രദമായി തടയാനും നിയന്ത്രിക്കാനും സഹായിക്കും. സങ്കീർണതകൾ ഒഴിവാക്കാനും ഇതു മൂലം സാധിക്കും.
∙ തുടർച്ചയായ നടുവേദന
നടുവേദന പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. തുടർച്ചയായി നീണ്ടു നിൽക്കുന്ന നടുവേദന ചില രോഗങ്ങളുടെ ലക്ഷണമാകാം. തുടർച്ചയായ പുറംവേദന സ്പൈനൽ പ്രശ്നങ്ങൾ മൂലമോ, വൃക്കയിലെ തകരാറുകളോ മറ്റ് രോഗാവസ്ഥകൾ മൂലമോ ആകാം. അതുകൊണ്ടു തന്നെ ഇതിനെ അവഗണിക്കരുത്.
∙ മാനസികാരോഗ്യപ്രശ്നങ്ങൾ
ജോലിയും ജോലിസ്ഥലത്തെ സമ്മർദങ്ങളുമെല്ലാം പലപ്പോഴും പുരുഷന്‍മാരുടെ മാനസികാരോഗ്യത്തെപ്പോലും ബാധിക്കാറുണ്ട്. 32 ശതമാനം പുരുഷന്മാരും മാനസികാരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ്. മാനസികപ്രയാസങ്ങൾ ഉണ്ടെങ്കിൽ വൈദ്യസഹായം തേടാൻ മടിക്കരുത്.