കേരളത്തിലെ ആദ്യ എന്‍ഡോസ്‌കോപ്പിക് ഫണ്ടോപ്ലിക്കേഷന്‍ പ്രക്രിയ ചെയ്ത് അപ്പോളോ അഡ്ലക്സ് ആശുപത്രി

appolo
കൊച്ചി : ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകുന്ന മാരകമായ അവസ്ഥയായ ഗ്യാസ്‌ട്രോഈസോഫേജിയല്‍ റിഫ്ലക്സ് ഡിസീസ് (GERD) ചികിത്സിക്കുന്നതിനുള്ള കേരളത്തിലെ ആദ്യത്തെ എന്‍ഡോസ്‌കോപ്പിക് ഫണ്ടോപ്ലിക്കേഷന്‍ പ്രക്രിയ അപ്പോളോ അഡ്ലക്സ് ആശുപത്രി വിജയകരമായി പൂര്‍ത്തിയാക്കി. അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ ലീഡ് ഇന്റെര്‍വെന്‍ഷനല്‍ ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. മുഹമ്മദ് നൗഫലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് പ്രക്രിയ നടത്തിയത്.

ശസ്ത്രക്രിയ കൂടാതെ വെറും 20 മിനിറ്റിനുള്ളില്‍ ചെയ്യാവുന്ന പ്രക്രിയയാണ് എന്‍ഡോസ്‌കോപ്പിക് ഫണ്ടോപ്ലിക്കേഷന്‍. ഗ്യാസ്‌ട്രോഈസോഫേജിയല്‍ റിഫ്ലക്സ് ഡിസീസ് ബാധിക്കുന്ന ആയിരക്കണക്കിന് രോഗികള്‍ക്ക് സ്ഥിരമായി ആശ്വാസം നല്‍കുന്ന ചികിത്സയാണ് ഇത്. ഈ രോഗം നെഞ്ചെരിച്ചില്‍ പോലുള്ള മറ്റ് ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു. ചികിത്സിക്കാതെ വിട്ടാല്‍ അന്നനാളത്തില്‍ കാന്‍സര്‍ പോലുള്ള ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് കാരണമാകാം.

appolo.gif

ജീവിതശൈലി മാറ്റങ്ങള്‍, മരുന്നുകള്‍, ശസ്ത്രക്രിയ എന്നിവയാണ് ഈ രോഗത്തിനുള്ള പരമ്പരാഗത ചികിത്സകള്‍. എന്നാല്‍, പല രോഗികള്‍ക്കും  ഈ ചികിത്സകള്‍ കൊണ്ട് കാര്യമായ മാറ്റം ഉണ്ടാകാറില്ലെന്ന് മാത്രമല്ല, പാര്‍ശ്വഫലങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം രോഗികള്‍ക്ക് പുതിയ സാധ്യതയാണ് എന്‍ഡോസ്‌കോപ്പിക് ഫണ്ടോപ്ലിക്കേഷന്‍ നല്‍കുന്നതെന്ന് ഡോ. നൗഫല്‍ പറഞ്ഞു.

ഉപയോഗശേഷം കളയാവുന്ന അത്യാധുനിക ജിഇആര്‍ഡിഎക്സ് എന്ന ഉപകരണം ഉപയോഗിച്ചുള്ള പ്രക്രിയ കേരളത്തില്‍ ആദ്യമായി ഉപയോഗിക്കുന്നതും അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയാണ്. ഈ ഉപകരണം വായയിലൂടെ വയറ്റിലേക്ക് കടത്തിവിട്ട്, ആമാശയത്തിലെയും അന്നനാളത്തിലെയും കേടുപാടുകള്‍ തീര്‍ക്കുന്നതാണ് പ്രക്രിയ. ഇത് ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകുന്നത് തടയുന്നു.

95 ശതമാനത്തോളം വിജയസാധ്യതയുള്ള ഏറെ സുരക്ഷിതവും ഫലപ്രദവുമായ പ്രക്രിയയാണ് എന്‍ഡോസ്‌കോപ്പിക് ഫണ്ടോപ്ലിക്കേഷനെന്ന് ഡോ. നൗഫല്‍ വ്യക്തമാക്കി. പ്രക്രിയ കഴിഞ്ഞ് രോഗികള്‍ക്ക് അതേ ദിവസം തന്നെ ആശുപത്രി വിടാവുന്നതാണ്. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സാധാരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശസ്ത്രക്രിയ കൂടാതെ ജിഇആര്‍ഡി രോഗത്തിന് സുരക്ഷിതവും ഫലപ്രദവുമായ എന്‍ഡോസ്‌കോപ്പിക് ഫണ്ടോപ്ലിക്കേഷന്‍ പ്രക്രിയ കേരളത്തില്‍ ആദ്യമായി നല്‍കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് അപ്പോളോ അഡ്ലക്സ് ആശുപത്രി സിഇഒ ബി സുദര്‍ശന്‍ പറഞ്ഞു. അതിനൂതനവും അത്യാധുനികവുമായ ചികിത്സകള്‍ രോഗികള്‍ക്ക് നല്‍കുന്നതിന് അപ്പോളോ അഡ്ലക്സ് ആശുപത്രി പ്രതിജ്ഞാബദ്ധമാണ്.

കേരളത്തിലെ ആരോഗ്യരംഗത്ത് സുപ്രധാന നാഴികക്കല്ലാണ് ഈ ചികിത്സാരീതിയെന്ന് ആശുപത്രിയിലെ മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. ആര്‍ രമേശ് കുമാര്‍ പറഞ്ഞു. അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ ആദ്യമായി എന്‍ഡോസ്‌കോപിക് ഫണ്ടോപ്ലിക്കേഷന്‍ പ്രക്രിയ നടത്തിയതും സംസ്ഥാനത്ത് ആദ്യമായി ജിഇആര്‍ഡിഎക്‌സ് ഉപകരണം അവതരിപ്പിച്ചതും രോഗികള്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്കുള്ള തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags