അപൂർവ മസ്തിഷ്കരോഗവും ശ്വാസകോശ തകരാറും; കൊൽക്കത്ത സ്വദേശിയായ കുഞ്ഞിന് അമൃതയിൽ പുതുജീവൻ

AMRITAHOSPITAL

  കൊച്ചി: മസ്തിഷ്കത്തെ ബാധിക്കുന്ന അതീവ സങ്കീർണ്ണമായ ജന്മനാ ഉള്ള വൈകല്യവും (Pediatric Brain Disorder) അതോടൊപ്പമുള്ള ശ്വാസകോശ തകരാറും ബാധിച്ച കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിൽ വിജയകരമായി ചികിത്സിച്ചു. പീഡിയാട്രിക് ന്യൂറോളജി, ന്യൂറോ സർജറി, പൾമണോളജി, റീഹാബിലിറ്റേഷൻ വിഭാഗങ്ങളുടെ സംയുക്ത പരിശ്രമത്തിലൂടെയാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്.

tRootC1469263">

കൊൽക്കത്ത സ്വദേശിയായ കുഞ്ഞിന് ജനിച്ച ആദ്യ ആഴ്ച മുതൽ തന്നെ കഠിനമായ അപസ്മാരം ബാധിച്ചിരുന്നു. ലോകത്ത് വളരെ കുറച്ച് കുട്ടികളിൽ മാത്രം കാണപ്പെടുന്ന, തലച്ചോറിന്റെ ഒരു വശത്തെ പൂർണ്ണമായും ബാധിക്കുന്ന വൈകല്യമായിരുന്നു ഇത്. മരുന്നുകൾ കൊണ്ട് നിയന്ത്രിക്കാനാവാത്ത വിധം അപസ്മാരം തുടർന്നതും ഒപ്പം ബാധിച്ച ഗുരുതരമായ ശ്വാസകോശ അണുബാധയും ചികിത്സ അതീവ ദുഷ്കരമാക്കി. വെന്റിലേറ്ററിന്റെ സഹായത്തോടെ എയർ ആംബുലൻസിലാണ് കുഞ്ഞിനെ കൊൽക്കത്തയിൽ നിന്നും അമൃത ആശുപത്രിയിൽ എത്തിച്ചത്.

 വിദഗ്ധ പരിശോധനകൾക്ക് ശേഷം മസ്തിഷ്കത്തിലെ തകരാറുള്ള ഭാഗം മറ്റ് ഭാഗങ്ങളിൽ നിന്നും വേർപെടുത്തുന്ന 'ഹെമിസ്ഫെറോടമി' (Hemispherotomy) എന്ന സങ്കീർണ്ണ ശസ്ത്രക്രിയയ്ക്ക് കുഞ്ഞിനെ വിധേയനാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം അപസ്മാരം പൂർണ്ണമായും ഭേദമായി. എന്നാൽ ശ്വാസകോശ രോഗം നിലനിന്നിരുന്നതിനാൽ ദീർഘകാലം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരേണ്ടി വന്നു. കഴുത്തിൽ ഘടിപ്പിച്ച ട്യൂബിലൂടെയുള്ള ശ്വസന സഹായിയും (Tracheostomy), ആമാശയത്തിലേക്ക് നേരിട്ട് ഭക്ഷണം നൽകുന്ന ട്യൂബും (Gastrostomy) കുഞ്ഞിന് അത്യാവശ്യമായിരുന്നു.

 രണ്ടര വർഷം നീണ്ട നിതാന്ത പരിശ്രമത്തിനൊടുവിൽ കുഞ്ഞ് പൂർണ്ണമായി സുഖം പ്രാപിച്ചു. ട്യൂബുകളെല്ലാം നീക്കം ചെയ്യുകയും ഫിസിയോതെറാപ്പിയിലൂടെ ശാരീരിക ചലനശേഷി വീണ്ടെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കുഞ്ഞും കുടുംബവും കൊൽക്കത്തയിലേക്ക് മടങ്ങി.

 ഇത്തരം സങ്കീർണ്ണമായ കേസുകളിൽ കൃത്യസമയത്തുള്ള രോഗനിർണ്ണയവും വിവിധ വിഭാഗങ്ങളുടെ ഏകോപിപ്പിച്ചുള്ള ചികിത്സയുമാണ് നിർണ്ണായകമെന്ന് ഡോക്ടർമാർ പറഞ്ഞു. പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. വിനയൻ കെ.പി. ചികിത്സയ്ക്ക് നേതൃത്വം നൽകി. ഡോ. അശോക് പിള്ള (ന്യൂറോ സർജറി), ഡോ. സജിത് കേശവൻ (ഐസിയു, പൾമണോളജി), ഡോ. വൈശാഖ് ആനന്ദ് (പീഡിയാട്രിക് ന്യൂറോളജി), ഡോ. രവി ശങ്കരൻ (ഫിസിക്കൽ മെഡിസിൻ) എന്നിവരടങ്ങിയ സംഘമാണ് ചികിത്സ ഏകോപിപ്പിച്ചത്.

Tags