അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാം

amebic

പാലക്കാട് :  നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം  അഥവാ അമീബിക്  എന്സെഫലൈറ്റിസ്  ഉണ്ടാകുന്നത്.

സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ്ണ പടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും ചെയ്യുമ്പോഴാണ് മെനിഞ്ചോ എന്സെഫലൈറ്റിസ് ഉണ്ടാകുന്നത്.

വെള്ളത്തിലുള്ള ബാക്ട‌ീരിയകളെയും മറ്റും ഭക്ഷിച്ച് ജീവിക്കുന്ന ഇവ നമുക്ക് ചുറ്റുമുള്ള ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ധാരാളമായുണ്ട്.
 തലച്ചോറിലെ ചില രാസവസ്‌തുക്കളെ  വളരെ വേഗം ഭക്ഷണമാക്കുന്നതിനാൽ തലച്ചോർ തീനി അമീബകൾ എന്നും ഇവ അറിയപ്പെടുന്നു.
 പനി, തലവേദന, ഓക്കാനം, ഛർദ്ദി, ബോധം നഷ്ടപ്പെടുക,കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്/വേദന, നടുവേദന എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ. തുടർന്ന് അപസ്‌മാരം, ബോധക്ഷയം, പരസ്‌പരബന്ധം ഇല്ലാതെ സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ആരംഭത്തിൽത്തന്നെ ഡോക്ടറെ കണ്ട് ചികിത്സ എടുക്കുകയും മരുന്ന് കഴിച്ചിട്ടും മാറാത്ത പനിയും മറ്റ്ലക്ഷണങ്ങളുമുണ്ടെങ്കിൽ കൂടുതൽ വിദഗ്‌ധ ചികിത്സ തേടുകയും വേണം. ഈ ലക്ഷണങ്ങളുള്ളവർ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ അടുത്ത കാലത്ത് കുളി ക്കുകയോ വെള്ളം മൂക്കിൽ കയറാൻ ഇടയാകുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ അത് ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം )
അറിയിച്ചു.

 പ്രതിരോധ മാർഗ്ഗങ്ങൾ

 *വൃത്തിയില്ലാത്ത കുളങ്ങൾ/ജലാശയങ്ങൾ, പാറയിടുക്കുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം, ശാസ്‌ത്രീയമായി കോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ മുഖം കഴുകുകയോ ചെയ്യരുത്.

*നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക.
വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക.

 *കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജലസംഭരണികൾ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം  വാട്ടർ ടാങ്കുകൾ വാഹനങ്ങളിൽ നിറച്ച് കൊണ്ടുപോകുന്നവ ഉൾപ്പെടെ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം

*ക്ലോറിനേഷൻ പൂർത്തീകരിച്ച് അരമണിക്കൂർ കഴിഞ്ഞ് ക്ലോറിൻ അളവ് അര മില്ലി ഗ്രാം/ ലിറ്റർ (0. 5 ppm) എന്ന അളവിൽ ഉണ്ടായിരിക്കണം.

*ജലവിതരണ ശൃംഖലകളിൽ എല്ലായിടത്തും ക്ലോറിൻ ലിറ്ററിന് അര മില്ലി ഗ്രാം (0.5 ppm) എന്ന അളവിൽ നിലനിർത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം  *ജലസ്രോതസ്സുകളിലേക്ക് ഒഴുകിയെത്തുന്ന എല്ലാത്തരം ദ്രവമാലിന്യ കുഴലുകളും  ഒഴിവാക്കണം.

*ജലസ്രോതസ്സുകളിൽ ഖരമാലിന്യം നിക്ഷേപിക്കുന്നത് തടയണം.             ഇത്തരം അമീബകളുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെടുന്ന കുടിവെള്ള വിതരണ ശൃംഖലകൾ അമീബയുടെ സാന്നിധ്യം ഇല്ലാതാകുന്നത് വരെ എല്ലാ ദിവസവും ക്ലോറിനേറ്റ് ചെയ്യണം.

ഈ വെള്ളം ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല.
കിണർ വെള്ളം ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം

നീന്തൽ കുളങ്ങളിൽ പാലിക്കേണ്ട ശുചിത്വ നിർദ്ദേശങ്ങൾ

* ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണ്ണമായും ഒഴുക്കി കളയുക.

* സ്വിമ്മിംഗ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക.

* പ്രതലങ്ങൾ നന്നായി ഉണങ്ങാൻ അനുവദിക്കുക.

* നീന്തൽ കുളങ്ങളിലെ ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കുക.

* പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കുക,

* വെള്ളത്തിന്റെ അളവിനനുസരിച്ച് (അഞ്ചു ഗ്രാം ബ്ലീച്ചിംഗ് പൗഡർ 1,000 ലിറ്റർ വെള്ളത്തിന് എന്ന അനുപാതത്തിൽ) ക്ലോറിനേറ്റ് ചെയ്യുക, ക്ലോറിൻ ലെവൽ 0.5 പി പി എം മുതൽ 3 പി പി എം ആയി നിലനിർത്തുക. 
 

Tags