കോവിഡിന് പിന്നാലെ പുതിയ ഭീതി ; എബോളയെക്കുറിച്ച് അറിയേണ്ടതെല്ലാം

Similar to Ebola; six health workers die of Marburg virus in Rwanda

കോവിഡിന് ശേഷം ജനങ്ങളെ ആശങ്കയിലാഴ്ത്തിയ പകർച്ചവ്യാധി. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ലോകത്തെ പലവട്ടം ഭീതിയിലാഴ്ത്തിയ അപകടകാരിയായ വൈറസാണ് എബോള. ആഫ്രിക്കൻ രാജ്യങ്ങളായ സുഡാനിലും കോം​ഗോയിലും പടർന്നു പിടിച്ചിരിക്കയാണ് ഇപ്പോൾ എബോള. ഇതുവരെ 130ലേറെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കേരളവും എബോള വ്യാപന ആശങ്കയിലാണ്. രോ​ഗത്തെക്കുറിച്ചും രോ​ഗബാധയെക്കുറിച്ചും വലിയ ആശങ്കകളാണ് ജനങ്ങൾക്കുള്ളത്. ഇപ്പോഴിതാ എബോളയെക്കുറിച്ച് വിശദ വിവരങ്ങളുമായി രം​ഗത്ത് വന്നിരിക്കയാണ് ഡോക്ടർ ഇക്ബാൽ ബാപ്പുകുഞ്ഞ്.

എബോള വൈറസ് ഡിസീസ് (Ebola virus disease), എബോള ഹെമോറേജിക് ഫീവർ (Ebola haemorrhagic fever) എന്നീ പേരുകളിൽ അറിയപ്പെടുന്ന എബോള, മനുഷ്യരിൽ മാരകമായ രക്തസ്രാവത്തോടുകൂടിയ പനി ഉണ്ടാക്കുന്ന ഒരു വൈറസ് രോഗമാണ്. 1976 ലാണ് കോംഗോയിലെ എബോള നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തിൽ ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. പ്രധാനമായും പഴതീനി വവ്വാലുകളിൽ നിന്നാണ് വൈറസ് മനുഷ്യരിലെത്തുന്നത്. ചിമ്പാൻസി, കുരങ്ങ്, ഗറില്ല, പന്നി തുടങ്ങിയ മറ്റ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത്. രോഗികളുടെ ശരീരസ്രാവങ്ങൾ, രക്തം, അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്.

എബോള വൈറസ് ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ, രണ്ടു ദിവസം മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് ആദ്യകാല ലക്ഷണങ്ങൾ. എലൈസ (ELISA), ആർ ടി പി സി ആർ പോലുള്ള ടെസ്റ്റുകളിലൂടെ രോഗനിർണ്ണയം നടത്താം. രോഗം പുരോഗമിക്കുമ്പോൾ, ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവവും വൃക്ക, കരൾ തുടങ്ങിയ ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങൾ ക്ഷയിക്കുന്നത് മരണത്തിന് കാരണമാകുന്നു. മരണനിരക്ക് 50 ശതമാനത്തോളം വരുന്ന ഈ രോഗത്തെക്കുറിച്ചുള്ള ആധുനിക അറിവുകൾ, അതിജീവിച്ചവരിൽ തലവേദന, സന്ധി വേദന തുടങ്ങിയ ദീർഘകാല ലക്ഷണങ്ങൾ വർഷങ്ങളോളം തുടരാമെന്ന് വ്യക്തമാക്കുന്നുണ്ട്.

1976 ൽ കോംഗോയിലും (മുൻ സൈർ) സുഡാനിലും ആണ് എബോള ആദ്യമായി പൊട്ടിപ്പുറപ്പെടുന്നത്. വ്യത്യസ്തമായ സൈർ, സുഡാൻ വൈറസുകളാണ് (Zaire ebolavirus, Sudan ebolavirus) രോഗകാരണമെന്ന് കണ്ടെത്തിയിരുന്നു. കോംഗോയിൽ 318 പേരെ രോഗം ബാധിക്കുകയും 280 പേർ മരണമടയുകയും ചെയ്തു (മരണനിരക്ക് 88%). സുഡാനിൽ 284 പേരെ ബാധിച്ച് 151 പേർ മരണമടയുകയും ചെയ്തു (മരണനിരക്ക് 53%). പിന്നീട് ഗാബൺ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലേക്കും നേരിയ തോതിൽ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.
2014-16 ൽ സിറലിയോൺ, ലൈബീരിയ, ഗിനി എന്നീ രാജ്യങ്ങളിൽ ഉണ്ടായ എബോള വൻതോതിൽ പടർന്നുപിടിച്ചത് ലോകമെമ്പാടും ആശങ്കയുണ്ടാക്കി. സിറലിയോൺ (14124-3956-28%), ലൈബീരിയ (10675-4809-45%), ഗിനി (3811-2543-67%) എന്നിങ്ങനെയായിരുന്നു ഈ രാജ്യങ്ങളിലെ രോഗികൾ, മരിച്ചവർ എന്നിവരുടെ എണ്ണവും മരണനിരക്കും. 2018-20 കാലത്ത് കോംഗോയിൽ വീണ്ടും എബോള പൊട്ടിപ്പുറപ്പെടുകയും 3481 പേരെ രോഗം ബാധിച്ച് 2299 പേർ മരണമടയുകയും ചെയ്തു (മരണനിരക്ക് 66%). 2021 ഫെബ്രുവരിയിൽ ഒറ്റപ്പെട്ട കേസുകൾ കോംഗോ, ഗിനി എന്നീ രാജ്യങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Tags