വിയർപ്പും ചൂടും മുഖക്കുരുവിന് കാരണമാകുമോ? അറിയാം ചർമസംരക്ഷണ മാർഗങ്ങൾ!

acne

വേനൽക്കാലം ആരംഭിക്കുന്നതോടെ കടുത്ത ചൂടിനൊപ്പം പലവിധ ആരോഗ്യ-ചർമ്മ പ്രശ്നങ്ങളും നമ്മെ തേടിയെത്താറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുഖക്കുരു. അമിതമായ ചൂടും വിയർപ്പും കാരണം ചർമ്മത്തിൽ എണ്ണമയം (Sebum) വർദ്ധിക്കുകയും ഇത് മുഖക്കുരുവിന് കാരണമാവുകയും ചെയ്യുന്നു. വേനൽക്കാലത്ത് മുഖക്കുരു സാധ്യതയുള്ള ചർമ്മത്തെ എങ്ങനെ സംരക്ഷിക്കാമെന്നും എന്തൊക്കെ കരുതൽ നടപടികൾ എടുക്കണമെന്നും നോക്കാം.

അമിതമായ എണ്ണമയം നീക്കം ചെയ്യാൻ കഠിനമായ ഫേസ് വാഷുകൾ ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്തുകയും ചർമ്മത്തെ കൂടുതൽ സെൻസിറ്റീവ് ആക്കുകയും ചെയ്യും. ഇതിനു പകരം സാലിസിലിക് ആസിഡ് (BHA), മാൻഡലിക് ആസിഡ് (AHA), ഗ്ലൂക്കോനോലക്റ്റോൺ (PHA) എന്നിവ അടങ്ങിയ മൃദുവായ ക്ലെൻസറുകൾ ഉപയോഗിക്കുന്നത് സുഷിരങ്ങൾ വൃത്തിയാക്കാനും മൃതകോശങ്ങൾ നീക്കം ചെയ്യാനും സഹായിക്കും. ദിവസവും രണ്ട് തവണ ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുന്നത് ഉചിതമാണ്.

മോയിസ്ചറൈസർ ഉപയോഗിക്കുന്നത് മുഖക്കുരു ഉണ്ടാക്കുമെന്നത് ഒരു തെറ്റായ ധാരണയാണ്. ചർമ്മം സ്വാഭാവികമായി വരളുമ്പോൾ അത് കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കാൻ സെബേഷ്യസ് ഗ്രന്ഥികളെ പ്രേരിപ്പിക്കുകയും ഇത് മുഖക്കുരു വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ സെറാമൈഡുകൾ, ഗ്ലിസറിൻ, ഹൈലൂറോണിക് ആസിഡ് എന്നിവ അടങ്ങിയ കനം കുറഞ്ഞ (lightweight), സുഷിരങ്ങൾ അടയ്ക്കാത്ത തരത്തിലുള്ള മോയിസ്ചറൈസറുകൾ തിരഞ്ഞെടുക്കുക.

സൂര്യപ്രകാശത്തിലെ യുവി (UV) രശ്മികൾ മുഖക്കുരുവിന്റെ പാടുകൾ വർദ്ധിപ്പിക്കാൻ കാരണമാകും. അതിനാൽ കുറഞ്ഞത് SPF 30 ഉള്ളതും ജെൽ രൂപത്തിലുള്ളതുമായ സൺസ്‌ക്രീൻ നിർബന്ധമായും ഉപയോഗിക്കണം. ഇത് മുഖക്കുരു വരാൻ സാധ്യതയുള്ള ചർമ്മത്തിന് സംരക്ഷണം നൽകുന്നു.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

    എക്സ്ഫോളിയേഷൻ: കഠിനമായ സ്ക്രബ്ബുകൾ ഒഴിവാക്കി ആഴ്ചയിൽ ഒരിക്കൽ മാത്രം മൃദുവായ രീതിയിൽ ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യുക.
    ശുചിത്വം: തലയണ ഉറകൾ, മാസ്കുകൾ, സ്കാർഫുകൾ എന്നിവ കൃത്യമായി കഴുകി വൃത്തിയാക്കുക. ഇവയിലെ വിയർപ്പും ബാക്ടീരിയയും മുഖക്കുരുവിന് കാരണമായേക്കാം.
    ഭക്ഷണക്രമം: ധാരാളം വെള്ളം കുടിക്കുക, ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
    ജീവിതശൈലി: മാനസിക സമ്മർദ്ദം കുറയ്ക്കുകയും കൃത്യമായ ഉറക്കം ഉറപ്പാക്കുകയും ചെയ്യുന്നത് മുഖക്കുരു നിയന്ത്രിക്കാൻ സഹായിക്കും.
 

Tags