ബയോട്ടിൻ അടങ്ങിയ 6 ഭക്ഷണങ്ങൾ..

google news
egg

 

ചർമ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് വേണ്ട ഒരു സുപ്രധാന പോഷകമാണ് ബയോട്ടിൻ. വിറ്റാമിൻ-ബി കുടുംബത്തിലുള്‍പ്പെടുന്നൊരു ഘടകമാണ് ബയോട്ടിൻ. വിറ്റാമിൻ-ബി 7 എന്നും ഇതറിയപ്പെടുന്നു. ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്ന ബയോട്ടിൻ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്നതാണ്. നഖങ്ങളുടെ ആരോഗ്യത്തിനും ബയോട്ടിൻ പ്രധാനമാണ്.

ബയോട്ടിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. യുവത്വവും തിളക്കവുമുള്ള ചര്‍മ്മത്തിനും തലമുടിയുടെ ആരോഗ്യത്തിനും ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. അത്തരത്തില്‍ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയുടെ മഞ്ഞക്കരുവിലാണ് ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുള്ളത്. അതിനാല്‍ പതിവായി മുട്ട കഴിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകുകയും യുവത്വം നൽകുകയും ചെയ്യുന്നു. കൂടാതെ തലമുടി വളരാനും ഇവ സഹായിക്കും.

രണ്ട്...

ബദാം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബയോട്ടിന്‍ ധാരാളം അടങ്ങിയ ഒരു നട്സ് ആണ് ബദാം. അതിനാല്‍ ഇവ കഴിക്കുന്നതും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.  ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി, ഇ, ഒമേഗ 3 ഫാറ്റി ആസിഡ്, മറ്റ് പോഷകങ്ങളും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

മൂന്ന്...

മധുരക്കിഴങ്ങ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബയോട്ടിന്‍‌, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവ അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

നാല്...

പയറുവര്‍ഗങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയതാണ് ഇവ. കൂടാതെ ബയോട്ടിനും ഇവയില്‍ അടങ്ങിയിരിക്കുന്നു.

അഞ്ച്...

മഷ്റൂം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബയോട്ടിന്‍ ധാരാളം അടങ്ങിയ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ആറ്...

സാല്‍മണ്‍ ഫിഷ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവയിലും ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Tags