ശബരിമലയിൽ മരിച്ച ജയിൽ ഉദ്യോഗസ്ഥൻ്റെ കൈകൾ സ്വീകരിച്ച 23 കാരൻ വീട്ടിലേക്ക് മടങ്ങി

23 year-old man returns home after receiving the hands of a deceased prison officer at Sabarimala

ഇത്രയും ദിവസങ്ങൾക്ക് ശേഷം ആശുപത്രി വിടുന്ന ഗോകുലപ്രിയന് കൊച്ചി അമൃത ആശുപത്രി അധികൃതർ സന്തോഷ സൂചകമായി കേക്കുമുറിച്ച് യാത്രയപ്പ് നൽകി.

കൊച്ചി : ശബരിമല ദർശനത്തിന് ശേഷം പമ്പയിൽ വെച്ചാണ് പൂജപ്പുര സെൻട്രൽ ജയിലിലെ ജയിലർ അനീഷ് എ.ആർ അപസ്മാരത്തെ തുടർന്ന് വീഴുന്നത്. വീഴ്ചയുടെ ആഘാതത്തിൽ മസ്തിഷ്കമരണം സംഭവിച്ച അനീഷിൻ്റെ ആഗ്രഹപ്രകാരം തന്നെയാണ് കുടുംബം അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് അനീഷ് ദാനം ചെയ്ത ഇരുകൈകളും ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ചത് സേലം സ്വദേശിയായ 23 കാരനായിരുന്നു. കുടുംബമായി ചെയ്യുന്ന കോഴിഫാമിലെ മേൽക്കൂര ഉറപ്പിക്കുന്നതിനിടെ  ഹൈടെൻഷൻ ലൈനിൽ നിന്ന് വൈദ്യുതാഘാതം ഏറ്റാണ് ഗോകുലപ്രിയന് ഇരു കൈകളും നഷ്ടമായത്. കൂടെയുണ്ടായിരുന്ന മുത്തശ്ശൻ അപകടത്തിൽ മരണപ്പെടുകയും ചെയ്തു. 2018ലെ അപകടത്തിനുശേഷം ഗോകുലപ്രിയൻ കൃത്രിമ കൈകൾ വച്ചുപിടിപ്പിച്ചെങ്കിലും സാധാരണ ജീവിതം അപ്പോഴും ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു.

tRootC1469263">

കൊച്ചി അമൃത ആശുപത്രിയിൽ എത്തിയ ഗോകുലപ്രിയന് വീണ്ടും കാത്തിരിപ്പിന്റെ നാളുകൾ. ചികിത്സ അമൃതയിൽ ആരംഭിച്ചതോടെ യാത്ര സൗകര്യം എളുപ്പമാക്കാൻ ഹരിപ്പാടുള്ള മുത്തശ്ശിയുടെ വീട്ടിലേക്ക് താമസം മാറി. ഇതിനിടെയാണ് അനീഷിന്റെ കൈകൾ മൃതസഞ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ഗോകുലപ്രിയന് ലഭിക്കുന്നത്. 2025 ഒക്ടോബർ 22 നു ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിൽ കൈകൾ ഗോകുലപ്രിയൻ്റെ ശരീരത്തിൽ തുന്നിച്ചേർത്തു. ശസ്ത്രക്രിയയ്ക്കും അതിനു ശേഷമുള്ള ചികിത്സക്കും വിവിധ വിഭാഗങ്ങൾ ഒറ്റമനസ്സോടെ പ്രവർത്തിച്ചു.

കൊച്ചി അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് & റീകൺസ്ട്രക്റ്റീവ് വിഭാഗം മേധാവി ഡോ.സുബ്രമണ്യ അയ്യർ നേതൃത്വം നൽകിയ ശസ്ത്രക്രിയയിലും ശേഷമുള്ള ചികിത്സയിലും ഡോ. കിഷോർ പുരുഷോത്തമൻ, ഡോ. ജിമ്മി മാത്യു, ഡോ. മോഹിത് ശർമ്മ, ഡോ. ജനാർദ്ദനൻ, ഡോ. സാം തോമസ്, ഓർത്തോപീഡിക്‌സ് വിഭാഗത്തിലെ ഡോ. ബാലു സി ബാബു , അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ജെറി പോൾ, ഡോ. സുനിൽ രാജൻ, നെഫ്രോളജി വിഭാഗം ക്ലിനിക്കൽ പ്രൊഫസർ ഡോ. ജോർജ് കുര്യൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം മേധാവി ഡോ.രവി ശങ്കരൻ തുടങ്ങിയവർ പങ്കാളികളായി. മുപ്പത്തി രണ്ടു നാളുകൾ നീണ്ട ആശുപത്രിവാസത്തിൽ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും കുടുംബത്തിനൊപ്പം ഗോകുലപ്രിയൻ്റെ തിരിച്ചുവരവിന് സാധ്യമായതെല്ലാം ഒരുക്കി നൽകി.

ഇത്രയും ദിവസങ്ങൾക്ക് ശേഷം ആശുപത്രി വിടുന്ന ഗോകുലപ്രിയന് കൊച്ചി അമൃത ആശുപത്രി അധികൃതർ സന്തോഷ സൂചകമായി കേക്കുമുറിച്ച് യാത്രയപ്പ് നൽകി. യാത്രയയപ്പു ചടങ്ങിൽ അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ, കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (K-SOTTO) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് .എസ്.എസ്. തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കൈകൾ ലഭിച്ചതോടെ തനിക്ക് പഴയ ജീവിതം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്ന് ഗോകുല പ്രിയൻ പറഞ്ഞു. ഗോകുലപ്രിയന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കാൻ അഛനും മുത്തശ്ശിയും കൊച്ചി അമൃത ആശുപത്രിയിൽ എത്തിയിരുന്നു. പത്തു വർഷം മുൻപ് ആരംഭിച്ച് ഇന്നേക്ക്  ഇരു കൈകളും മാറ്റിവയ്ക്കുന്ന ലോകത്തെത്തന്നെ ഒന്നാമത്തെ സെൻറർ ആയി അമൃത ആശുപത്രി മാറിയെന്ന് ഡോ. സുബ്രഹ്മണ്യ അയ്യർ പറഞ്ഞു. അമൃത കൊച്ചി, ഫരീദാബാദ് ആശുപത്രികളിലായി ഇരു കൈകളും മാറ്റിവയ്ക്കുന്ന 21 ശസ്ത്രക്രിയകളാണ് ഇതിനോടകം പൂർത്തിയായിട്ടുള്ളത്.

Tags