പഴമയുടെ രുചി ഓർമ്മിപ്പിക്കുന്ന നാടൻ ഉണക്ക ചെമ്മീൻ ചമ്മന്തി
ചേരുവകൾ
ഉണക്ക ചെമ്മീൻ – 75 ഗ്രാം
ചെറിയ ഉള്ളി (ചുമന്നുള്ളി) – 14 മുതൽ 15 വരെ
മുളകുപൊടി – 1/2 ടീ സ്പൂൺ മുതൽ 1 ടീ സ്പൂൺ വരെ (എരിവിന് അനുസരിച്ച്)
വെളിച്ചെണ്ണ – 3 മുതൽ 4 ടേബിൾ സ്പൂൺ വരെ
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1: ചെമ്മീൻ വൃത്തിയാക്കലും വറുത്തെടുക്കലും
ഉണക്ക ചെമ്മീൻ കുറച്ചുനേരം വെള്ളത്തിൽ കുതിർത്ത് വെക്കുക. ശേഷം തലഭാഗത്തെ കറുത്ത അംശങ്ങളും അഴുക്കുകളും കളഞ്ഞ് 4-5 തവണ വെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക.
ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി ചേർത്ത് വഴറ്റുക.
ഉള്ളി വഴന്നു വരുമ്പോൾ കഴുകി വെച്ചിരിക്കുന്ന ഉണക്ക ചെമ്മീൻ ഇതിലേക്ക് ചേർത്ത് നന്നായി വറക്കുക.
ഇതിലേക്ക് മുളകുപൊടി കൂടി ചേർത്ത് ചെമ്മീൻ നല്ല ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. (മുളകുപൊടി വറുക്കുമ്പോൾ ചേർക്കണം എന്നില്ല, വേണമെങ്കിൽ അരയ്ക്കുമ്പോഴും ചേർക്കാം).
സ്റ്റെപ്പ് 2: അരച്ചെടുക്കലും വഴറ്റലും
വറുത്തു വെച്ച കൂട്ടം നന്നായി ആറിയ ശേഷം പാകത്തിന് ഉപ്പ് ചേർത്ത്, ഒട്ടും വെള്ളം ചേർക്കാതെ മിക്സിയിൽ തരുതരുപ്പായോ മയത്തിലോ അരച്ചെടുക്കുക.
വീണ്ടും അതേ പാനിൽ അല്പം കൂടി വെളിച്ചെണ്ണ ഒഴിച്ച് അരച്ചു വെച്ചിരിക്കുന്ന ചെമ്മീൻ ചമ്മന്തി ചേർക്കുക.
ചമ്മന്തിയുടെ നിറം മാറി നല്ല മൊരിഞ്ഞു വരുന്നതുവരെ ചെറിയ തീയിൽ നന്നായി വഴറ്റുക.
ചൂടോടുള്ള ചോറിനൊപ്പം കഴിക്കാൻ ഏറ്റവും രുചികരമായ തേങ്ങയും പുളിയുമില്ലാത്ത ഉണക്ക ചെമ്മീൻ ചമ്മന്തി തയ്യാർ!
.jpg)

