തുണിയിൽ ചായക്കറ പുരണ്ടോ? നീക്കാം

Did you get tea stains on your clothes? Easy fix

വസ്ത്രങ്ങളിൽ പറ്റിയ ചായക്കറ നീക്കം ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല. പുതിയ വസ്ത്രങ്ങൾ പോലും ഇതിന്റെ പേരിൽ മാറ്റിവയ്ക്കേണ്ടി വരും. എന്നാൽ വീട്ടിൽ തന്നെ ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോ​ഗിച്ച് വളരെ എളുപ്പത്തിൽ വസ്ത്രത്തിൽ നിന്ന് ചായക്കറ ഒഴിവാക്കാം.

ചായക്കറ പുരണ്ട വസ്ത്രങ്ങൾ കഴുകുമ്പോൾ

    ചായക്കറ നീക്കം ചെയ്യാൻ വസ്ത്രങ്ങൾ അമിതമായി ഉരയ്ക്കരുത്. വെള്ളം വലിച്ചെടുക്കുന്ന തരം തുണിയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് കറ വീണ ഭാഗത്ത് അമർത്തി കറ വലിച്ചെടുക്കാം. 

    അൽപം വിനാഗിരിയും തണുത്ത വെള്ളവും 1:3 എന്ന അനുപാതത്തിൽ കലർത്തുക. തുണിയിലെ കറയുള്ള ഭാഗം പത്തോ പതിനഞ്ചോ മിനിറ്റ് ഇതിൽ മുക്കി വയ്ക്കാം. നിറം ഇളകി പോകുന്ന തുണിയിൽ പാച്ച് ടെസ്റ്റ് ചെയ്തശേഷം ഈ മാർഗം പിന്തുടരുക. കറ ഇളകിയ ശേഷം വെള്ളത്തിൽ കഴുകിയാൽ മതിയാകും.

    നാരങ്ങയിലെ സ്വാഭാവിക ബ്ലീച്ചിങ് ഏജന്റും ഉപ്പിന്റെ ഗുണങ്ങളും കറ നീക്കം ചെയ്യാൻ നല്ലതാണ്. കറയുള്ള ഭാഗത്ത് അൽപം ഉപ്പുപൊടി വിതറിയ ശേഷം നാരങ്ങാനീര് പിഴിഞ്ഞ് കറയിൽ ഉരയ്ക്കുക. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിയെടുക്കാം. ഇളം നിറത്തിലുള്ള ലിനൻ - കോട്ടൻ തുണിത്തരങ്ങൾക്ക് ഇത് നല്ലതാണ്. എന്നാൽ കടുംനിറങ്ങളിൽ ഈ മാർഗം ഒഴിവാക്കുന്നതാണ് നല്ലത്.

വസ്ത്രം അറിഞ്ഞ് കറ നീക്കാം

കോട്ടൻ, ലിനൻ തുണിത്തരങ്ങൾ : ബേക്കിങ് സോഡ വെള്ളത്തിൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കറയിൽ പുരട്ടി 15 മിനിറ്റ് വയ്ക്കുക. ശേഷം ചെറുചൂടു വെള്ളത്തിൽ ഡിറ്റർജന്റ് ഉപയോഗിച്ച് കഴുകിയെടുക്കാം.

പട്ട് പോലെയുള്ള മൃദുവായ തുണിത്തരങ്ങൾ : ചെറുചൂടുവെള്ളത്തിൽ മുക്കിയെടുക്കുക. ശേഷം പട്ടിനായി മാത്രം നിർമിച്ചിരിക്കുന്ന ഡിറ്റർജെന്റോ ബേബി ഷാംപൂവോ കറയിൽ പുരട്ടാം. ശേഷം സാധാരണ വെള്ളത്തിൽ കഴുകിയെടുക്കണം. കറ നീക്കം ചെയ്യുന്നതിന് വേണ്ടി തുണിയിൽ അമർത്തി ഉരസരുത്. കഠിനമായ കറയാണ് പിടിച്ചിരിക്കുന്നതെങ്കിൽ പ്രൊഫഷനൽ ഡ്രൈ ക്ലീനിങ്ങാണ് പരിഹാരം.

പോളിസ്റ്റർ - നൈലോൺ സിന്തറ്റിക് തുണിത്തരങ്ങൾ : ലിക്വിഡ് ഡിറ്റർജന്റ് അല്ലെങ്കിൽ ഇത്തരം തുണിത്തരങ്ങൾക്കായി ഉള്ള ക്ലീനർ ഉപയോഗിച്ച് കഴുകിയെടുക്കുക. ശേഷം ഫാബ്രിക് സോഫ്റ്റ്നർ ഉപയോഗിക്കുക.

Tags