ഗസ്റ്റ് വരുമ്പോൾ ഒരു വെറൈറ്റി ആയാലോ? കൊതിയൂറും സ്റ്റഫഡ് കാട ബിരിയാണി
Jan 5, 2026, 14:50 IST
ചേരുവകൾ 1. കാട വൃത്തിയാക്കി മുഴുവനോടെ ആറെണ്ണം 2. ചെറുനാരങ്ങനീര് ഒരു ടേബിൾസ്പൂൺ 3. മുളകുപൊടി ഒരു ടേബിൾ സ്പൂൺ 4. മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ 5. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ കാടക്കഷണങ്ങളിൽ രണ്ടു മുതൽ അഞ്ചുവരെ ചേരുവകൾ യോജിപ്പിച്ച് പുരട്ടിവെക്കണം. 6. കോഴിമുട്ട കഷണങ്ങളാക്കിയത് ഒരു കപ്പ് 7. ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത് ഒരു കപ്പ് 8. സവാള പൊടിയായരിഞ്ഞത് ഒരു കപ്പ് 9. കാരറ്റ് പൊടിയായരിഞ്ഞത് കാൽ കപ്പ് 10. സിലറി അരിഞ്ഞത് കാൽ കപ്പ് 11. തക്കാളി അരിഞ്ഞത് കാൽ കപ്പ് 12. പച്ചമുളക് പൊടിയായരിഞ്ഞത് ഒരു ടേബിൾസ്പൂൺ 13. ഗരംമസാലപ്പൊടി ഒരു ടീസ്പൂൺ 14. വെജിറ്റബിൾ ഓയിൽ, ഉപ്പ് ആവശ്യത്തിന് പാത്രം ചൂടാകുമ്പോൾ കുറച്ച് എണ്ണ ഒഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് 10 മുതൽ 14 വരെ ചേർത്ത് വഴറ്റി, ഇതിലേക്ക് ഉരുളക്കിഴങ്ങ് ഉടച്ചതും അരിഞ്ഞ മുട്ടയും ചേർത്തിളക്കണം. കാടക്കഷണങ്ങളിൽ ഈ കൂട്ട് നിറയ്ക്കണം. കോഴിമുട്ട വെള്ളയിൽ ഒരു നുള്ള് ഉപ്പും മൈദയും ചേർത്ത് കുഴച്ച് കാടയുടെ തുറന്ന വശങ്ങളിൽ നന്നായി സീലു ചെയ്യണം. അൽപം കുഴിയുള്ള വലിയ ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കാട കൂടുതൽ മൂത്തുപോകാതെ വറുത്തു കോരണം. സ്റ്റഫ് ചെയ്ത ഭാഗം പൊട്ടിപ്പോകാതെ സൂക്ഷിക്കണം. ഇനി കാട ചേർത്ത് മസാല തയ്യാറാക്കാം. അതിനു വേണ്ട സാധനങ്ങൾ. 1. സവാള വലുതായി മുറിച്ചത് രണ്ടു കപ്പ് 2. ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒരു ടേബിൾസ്പൂൺ 3. പച്ചമുളക് ചതച്ചത് ഒരു ടേബിൾസ്പൂൺ 4. തക്കാളി അരിഞ്ഞത് ഒരു കപ്പ് 5. കസ്‌ക്കസ് അരച്ചത് ഒരു ടേബിൾസ്പൂൺ 6. അണ്ടിപ്പരിപ്പ് അരച്ചത് ഒരു ടേബിൾസ്പൂൺ 7. ഗരംമസാലപ്പൊടി ഒരു ടീസ്പൂൺ 8. തൈര് അര കപ്പ് 9. മല്ലിയില പൊതീന അരിഞ്ഞത് അര കപ്പ് 10. വെജി. ഓയിൽ, ഉപ്പ് ആവശ്യത്തിന് കാട വറുത്തു ബാക്കി വന്ന എണ്ണയിൽ കുറച്ചുകൂടി ഒഴിച്ച് സവാള വഴറ്റണം. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത്, തക്കാളി എന്നിവ വഴറ്റണം. ഇതിലേക്ക് കസ്‌ക്കസ്, അണ്ടിപ്പരിപ്പ്, ഗരംമസാല, തൈര്, ഇലകൾ എന്നിവ ചേർത്തിളക്കണം. എല്ലാംകൂടി യോജിപ്പിച്ച് കൂട്ടിൽ സ്റ്റഫു ചെയ്ത് കാടക്കഷണങ്ങൾ ചേർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങിവെക്കണം. സ്റ്റഫ്ഡ് കാട മസാല തയ്യാറായി. ഇനി ബിരിയാണി റൈസ് തയ്യാറാക്കണം. അതിനു വേണ്ട സാധനങ്ങൾ. 1. നല്ലയിനം കൈമ അരി രണ്ടു കപ്പ് വടിച്ചെടുത്തത്. 2. തിളച്ച വെള്ളം നാലു കപ്പ് 3. സവാള വളരെ നേർമയായരിഞ്ഞത് മുക്കാൽ കപ്പ് 4. അണ്ടിപ്പരിപ്പ് കീറിയത് പത്തെണ്ണം 5. കിസ്മിസ് ഒരു ടേബിൾസ്പൂൺ 6. പട്ട (മുക്കാൽ ഇഞ്ച് കഷണം) മൂന്നെണ്ണം 7. ഗ്രാമ്പൂ ആറെണ്ണം 8. ഏലയ്ക്ക നാലഞ്ചെണ്ണം 9. ബിരിയാണി മസാലപ്പൊടി അര ടീസ്പൂൺ 10. നെയ്യ് ആവശ്യത്തിന് ഒരു പാത്രത്തിൽ കുറച്ച് നെയ്യൊഴിച്ച് സവാള പൊൻനിറത്തിൽ വറുത്ത് കോരിവെച്ച് അണ്ടിപ്പരിപ്പും കിസ്മിസും വറുത്തുകോരി ഇതിലേക്കിട്ട് മാറ്റിവെക്കണം. ബാക്കി നെയ്യിൽ ആറു മുതൽ എട്ടുവരെ മൂപ്പിച്ച് കുറച്ചുകൂടി നെയ്യൊഴിച്ചുകൊടുത്ത് കഴുകി കുതിർത്ത് വെള്ളം വാർത്തുവെച്ച് അരി ചേർത്ത് വഴറ്റണം. കടിച്ചാൽ പൊട്ടുന്ന പാകമാകുമ്പോൾ നാലു കപ്പ് തിളച്ച വെള്ളവും ബിരിയാണി മസാലയും ചേർത്തിളക്കി അടച്ചു വേവിക്കണം. രണ്ടു മൂന്നു തവണ ഇളക്കിക്കൊടുക്കാം. അടിയിൽ പിടിക്കാതെ നോക്കണം. ബിരിയാണി സെറ്റാക്കാൻ പറ്റിയ പാത്രത്തിലേക്ക് റൈസ് നിരത്തി മുകളിൽ കാടമസാല നിരത്തണം. മുകളിൽ അൽപം നെയ്യ്, തൈര്, ഇലകൾ, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ കുടഞ്ഞിട്ടതിനു ശേഷം വീണ്ടും റൈസ് നിരത്തണം. മുകളിൽ വീണ്ടും കാടമസാല നിരത്തി കുറച്ച് തൈരും ഇലയും മറ്റും കുടഞ്ഞിട്ട് ടൈറ്റായി അടച്ച് ദം ചെയ്‌തെടുക്കുകയോ മൈക്രോവേവിൽ വെച്ചു സെറ്റു ചെയ്‌തോ അതുമല്ലെങ്കിൽ വെട്ടിത്തിളച്ച ദോശക്കല്ലിനു മുകളിൽ ബിരിയാണി പാത്രം 10 മിനുട്ട് വെച്ചോ ആവി കയറ്റിയെടുക്കാം.
.jpg)


