പ്രഭാതഭക്ഷണത്തിലുമൊക്കെ മുളപ്പിച്ച ധാന്യങ്ങൾ ഉപയോഗിക്കുന്നവർ ഒന്ന് ശ്രദ്ധിക്കൂ

A healthy salad with sprouted beans

 നിങ്ങളൊക്കെ മുളപ്പിച്ച ധാന്യങ്ങൾ കഴിക്കുന്നവരാണോ ? ആരോഗ്യഭക്ഷണമായി കണക്കാക്കുന്ന മുളപ്പിച്ച ധാന്യങ്ങൾ പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണെന്നാണ് വെയ്പ്പ്. എന്നാൽ അതത്രയ്ക്ക് നല്ലതാണോ ? അല്ലായെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

മുളപ്പിച്ച ധാന്യങ്ങൾ റെഡിയാക്കുന്ന ചൂടുള്ളതും ഈർപ്പമുള്ളതുമായ അന്തരീക്ഷം ബാക്ടീരിയകളുടെ വളർച്ചയ്ക്ക് ഏറെ സാധ്യതകൾ സൃഷ്ടിക്കുന്നു. ഈ സാഹചര്യങ്ങളിൽ ഇ.കോളി, സാൽമൊണല്ല തുടങ്ങിയ മാരക ബാക്ടീരിയകൾ ധാന്യങ്ങളിൽ വളരാനിടയുണ്ട്. കഴുകിയതുകൊണ്ട് മാത്രം ഈ ബാക്ടീരിയകളെ നീക്കം ചെയ്യാനും സാധിക്കില്ല. അതുകൊണ്ടുതന്നെ, മുളപ്പിച്ച ധാന്യങ്ങൾ ചെറുതായി ആവിയിൽ വേവിക്കുകയോ വഴറ്റുകയോ ചെയ്ത ശേഷം മാത്രം ഉപയോ​ഗിക്കാൻ ശ്രദ്ധിക്കണം.


മുളപ്പിച്ച ധാന്യങ്ങൾ വലിയൊരു പ്രോട്ടീൻ സ്രോതസ്സായിട്ടാണ് എല്ലാവരും കണക്കാക്കുന്നത്. 100 ഗ്രാം ധാന്യത്തിൽ വെറും 3-4 ഗ്രാം പ്രോട്ടീൻ മാത്രമേ അടങ്ങിയിട്ടുള്ളൂ. അതിനാൽ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നതിനായി മുളപ്പിച്ച ധാന്യങ്ങളെ മാത്രം ആശ്രയിക്കരുത്. പനീർ, മുട്ട, ടോഫു, പരിപ്പ് വർഗ്ഗങ്ങൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

പച്ചയ്ക്കുള്ള ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന അമിതമായ ഫൈബറും കാർബോഹൈഡ്രേറ്റുകളും ദഹനപ്രക്രിയയേയും ബാധിച്ചേക്കാം. പ്രത്യേകിച്ച് ഐ.ബി.എസ് പോലുള്ള പ്രശ്നങ്ങളുള്ളവർക്ക് ഗ്യാസ്, വയറുവേദന തുടങ്ങിയ അസ്വസ്ഥതകൾ വരാൻ ഇത് കാരണമാകാം. അൽപം വേവിച്ചു കഴിക്കുന്നത് ഭക്ഷണം എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കും.


കൂടാതെ, മുളപ്പിച്ച ധാന്യങ്ങൾ എപ്പോഴും റെഫ്രിജറേറ്ററിൽ തന്നെ സൂക്ഷിക്കണം. തയ്യാറാക്കി 24 മുതൽ 48 മണിക്കൂറിനുള്ളിൽ ഉള്ളവ മാത്രമേ കഴിക്കാനും പാടുള്ളൂ. കൂടുതൽ സമയം വെക്കുന്നത് ബാക്ടീരിയകൾ പെരുകാനും ഭക്ഷണം വിഷമയമാകാനും ‌കാരണമാകും.

Tags