ഒരു തവണ കുടിച്ചാൽ വീണ്ടും കുടിക്കാൻ തോന്നും; വീട്ടിലുണ്ടാക്കാം സ്പെഷ്യൽ ഇറാനി ചായ
ചേരുവകൾ
ചായപ്പൊടി- 3-4 ടേബിൾ സ്പൂൺ
വെള്ളം- 2 കപ്പ്
പാൽ- 2 കപ്പ്
പഞ്ചസാര- ആവശ്യത്തിന്
ഏലക്കായ- 3-4 എണ്ണം
കണ്ടൻസ്ഡ് മിൽക്ക് അല്ലെങ്കിൽ പാൽപ്പൊടി- 2 ടേബിൾ സ്പൂൺ
ആദ്യമായി ഒരു പാത്രത്തിൽ രണ്ട് കപ്പ് വെള്ളം ഒഴിച്ച് അതിലേക്ക് ചായപ്പൊടിയും ഏലക്കായയും ചേർക്കാം. ഇത് അടച്ചു വച്ച് കുറഞ്ഞ തീയിൽ ഏകദേശം 15-20 മിനിറ്റ് തിളപ്പിക്കാം. ഇതിനെയാണ് 'ദം' ചെയ്യുക എന്ന് പറയുന്നത്. വെള്ളം പകുതിയായി കുറയുകയും ചായ നല്ല കടുപ്പമാവുകയും ചെയ്യുന്നത് വരെ ഇത് തുടരാം.
മറ്റൊരു പാത്രത്തിൽ പാൽ ഒഴിച്ച് തിളപ്പിക്കാം. പാൽ പകുതി അളവാകുന്നത് വരെ നന്നായി കുറുക്കിയെടുക്കണം. ഇതിലേക്ക് പഞ്ചസാരയും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് നല്ല ക്രീം പരുവത്തിലാക്കാം. ഇറാനി ചായയുടെ യഥാർത്ഥ രുചി നിൽക്കുന്നത് പാലിന്റെ ഈ കൊഴുപ്പിലാണ്.
ഇറാനി ചായ വിളമ്പുന്ന രീതിയും പ്രത്യേകതയുള്ളതാണ്. ആദ്യം ഒരു കപ്പിലേക്ക് പകുതി ഭാഗം കുറുക്കിവെച്ച പാൽ ഒഴിക്കാം. അതിനു മുകളിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന കടുപ്പമേറിയ തേയില വെള്ളം സാവധാനം ഒഴിക്കാം. ഇത് ഇളക്കണമെന്നില്ല.
ഹൈദരാബാദി ഉസ്മാനിയ ബിസ്കറ്റിനൊപ്പമോ അല്ലെങ്കിൽ ബണ്ണില് വെണ്ണ പുരട്ടിയതിനൊപ്പമോ ഈ ഇറാനി ചായ കുടിക്കുന്നത് അതിമനോഹരമായ ഒരു അനുഭവമായിരിക്കും.
.jpg)


