ഈ മുട്ടക്കറി അൽപ്പം സ്പെഷ്യലാണ്

This egg curry is a little special.

ആവശ്യമായ ചേരുവകൾ

മുട്ട - 4-5 പുഴുങ്ങിയത്

ഉള്ളി - 2 (അരച്ചത് അല്ലെങ്കിൽ ചെറുതായി അരിഞ്ഞത്)

തക്കാളി - 2 അരച്ചത്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ

പച്ചമുളക് - 2

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

മുളകുപൊടി - 1 ടീസ്പൂൺ

മല്ലിപ്പൊടി - 1 ടീസ്പൂൺ

ജീരകപ്പൊടി - 1/2 ടീസ്പൂൺ

ഗരം മസാല - 1/2 ടീസ്പൂൺ

കസൂരി മേത്തി (ഉണങ്ങിയ ഉലുവയില) - 1 ടീസ്പൂൺ

ജീരകം - 1/2 ടീസ്പൂൺ

എണ്ണ/നെയ്യ്, ഉപ്പ് - ആവശ്യത്തിന്

മല്ലിയില - അലങ്കരിക്കാൻ

തയാറാക്കുന്ന വിധം

പുഴുങ്ങിയ മുട്ടകളിൽ ചെറിയ വരകൾ ഇട്ട ശേഷം, ഒരു പാനിൽ എണ്ണ ചൂടാക്കി മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് മുട്ടകൾ ഗോൾഡൻ നിറമാകുന്നത് വരെ വറുത്ത് മാറ്റി വയ്ക്കുക. അതേ പാനിൽ ജീരകം പൊട്ടിക്കുക. ശേഷം ഉള്ളി പേസ്റ്റ് ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ നന്നായി വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റണം. തക്കാളി അരച്ചതും ചേർത്ത് എണ്ണ തെളിയുന്നത് വരെ വേവിക്കുക. മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.

ആവശ്യത്തിന് വെള്ളം (ചൂടുവെള്ളം നല്ലത്) ഒഴിച്ച് ഗ്രേവി തിളപ്പിക്കുക. വറുത്ത മുട്ടകൾ ഇതിലേക്ക് ചേർക്കുക. ചെറിയ തീയിൽ 5-10 മിനിറ്റ് മൂടിവച്ച് വേവിക്കുക. ഗരം മസാലയും, കസൂരി മേത്തി കൈവെള്ളയിൽ വച്ച് പൊടിച്ചതും ചേർക്കുക. മല്ലിയില വിതറി തീ ഓഫ് ചെയ്യാം.

ധാബ രുചി ലഭിക്കാൻ കസൂരി മേത്തി നിർബന്ധമാണ്. ഉള്ളി പേസ്റ്റ് ആക്കി ഉപയോഗിക്കുന്നത് ഗ്രേവിക്ക് കട്ടി നൽകും.

Tags