നല്ല സാമ്പാര്‍ പൊടി വീട്ടിലുണ്ടാക്കാം

dh

ചേരുവകൾ 

250 ഗ്രാം വറ്റല്‍മുളക്,

500 ഗ്രാം മല്ലി,

50 ഗ്രാം ഉലുവ,

50 ഗ്രാം തുവരപ്പരിപ്പ്,

100 ഗ്രാം കടലപ്പരിപ്പ്,

50 ഗ്രാം പീസ് പരിപ്പ്

50 ഗ്രാം പച്ചരി

20 ഗ്രാം കായം

10 തണ്ട് കറിവേപ്പില

എന്നിവ വൃത്തിയാക്കി വെയിലില്‍ ഉണക്കിയെടുക്കുക.

തയ്യാറാക്കുന്ന വിധം 

നല്ല വിസ്താരമുള്ള ചുവടുകട്ടിയുള്ള പാത്രമാണ് വറക്കാന്‍ പറ്റിയത്. ഓടുകൊണ്ടുള്ള ഉരുളി, വലിയ ഇരുമ്പ് ചീനച്ചട്ടി മുതലായവ നന്നായിരിക്കും. മുളക് ഒട്ടും കരിഞ്ഞുപോകാതെ, ഒടിച്ചാല്‍ ഒടിയുന്ന പാകത്തില്‍ വറുത്തെടുക്കുക. ഗ്യാസിലാണ് വറുക്കുന്നതെങ്കില്‍ ഇടയ്ക്കിടെ ഗ്യാസ് ഓഫ് ചെയ്തിട്ട് ഇളക്കിക്കൊണ്ടിരുന്നാല്‍ ഒട്ടും കരിഞ്ഞുപോവില്ല. മുളക് മൂത്താലുടന്‍ ഒരു മുറത്തിലോ പത്രക്കടലാസിലോ നിരത്തുക. 

അതേ ഉരുളിയില്‍ മല്ലിയിട്ട് തുടരെ ഇളക്കുക. പതുക്കെ ചുവന്നാല്‍ മുളകിന്റെ കൂട്ടത്തിലേക്ക് ചേര്‍ക്കുക. കൈയില്‍ രണ്ടു മല്ലിയെടുത്ത് വിരല്‍കൊണ്ട് ഞെരിച്ചാല്‍ പൊടിയുന്ന പാകത്തിലായിരിക്കും പതുക്കെ ചുവക്കുമ്പോള്‍, പരിപ്പുകള്‍ ഓരോന്നും വേറെ വേറെ വറക്കണം. 50 ഗ്രാം പച്ചരി പൊട്ടുന്ന പാകത്തില്‍ വറുത്തെടുക്കണം. ഉലുവ നന്നായി ചുവക്കണം. കറിവേപ്പില ഒടിച്ചാല്‍ ഒടിയുന്ന പാകത്തിലും. കായം വറുക്കാന്‍ ഉരുളി വേണ്ട.

20 ഗ്രാം കായം കഷണങ്ങളാക്കി മുറിച്ച ശേഷം ഒരു ഇരുന്വുചട്ടുകത്തില്‍ തീയില്‍ കാണിക്കണം. അപ്പോള്‍ അത് നന്നായി പൊള്ളിവരും. രണ്ടു വശവും പൊളളിച്ച് മറ്റു ചേരുവകളിലേക്കിടുക. പരിപ്പുകളും ഒരു ചെറിയ ചീനച്ചട്ടിയില്‍ വറുത്താല്‍ മതി. ഇങ്ങനെ പ്രത്യേകം പ്രത്യേകം വറുത്ത എല്ലാ സാധനങ്ങളും വീണ്ടും ഒന്നിച്ച് ഉരുളിയിലിട്ട് ഇളക്കി ഒന്നുകൂടി ചൂടാക്കണം.. ഇത് വാങ്ങി വച്ച് നന്നായി തണുത്താല്‍ മില്ലില്‍ പൊടിപ്പിക്കാം. മില്ലില്‍ നന്നായി പൊടിഞ്ഞ് കിട്ടും. മിക്‌സിയില്‍ അത്രയും നന്നായി പൊടിയുകയില്ല. ഈ പൊടി മൂന്നോ നാലോ പോളിത്തീന്‍ കൂടുകളിലാക്കി സീല്‍ ചെയ്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ആവശ്യത്തിന് ഒരു കൂടു മാത്രം പൊട്ടിച്ച് ഉണങ്ങിയ കുപ്പിയിലിട്ട് അടച്ച് ഉപയോഗത്തിനായി വയ്ക്കാം. ഇങ്ങനെ സൂക്ഷിച്ചാല്‍ എട്ടുപത്തു മാസം ഒരു കേടും സംഭവിക്കുകയില്ല.

Tags