ഓരോ ഉരുളയിലും പുളിയും എരിവും നിറയ്ക്കുന്ന പച്ചമാങ്ങാ സാദം

Raw mango rice that infuses every mouthful with tanginess and spice.

ആവശ്യമായ ചേരുവകൾ
1. ചോറ് തയ്യാറാക്കാൻ:
പച്ചരി – 1 കപ്പ്‌
വെള്ളം – ചോറ് വേവിക്കാൻ ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
2. താളിപ്പിനും മസാലയ്ക്കും:
പച്ചമാങ്ങ – 1 എണ്ണം (ചെറുത്, കഴുകി തൊലി മാറ്റി ഗ്രേറ്റ് ചെയ്തത്)
വലിയ ഉള്ളി (സവാള) – 1 എണ്ണം (ചെറുതായി മുറിച്ചത്)
കടുക് – 1 ടീ സ്പൂൺ
കടലപ്പരിപ്പ് – 2 ടീ സ്പൂൺ
നിലക്കടല (Peanuts) – 2 ടീ സ്പൂൺ
ഉഴുന്ന് പരിപ്പ് – 1 ടീ സ്പൂൺ
ചുവന്ന മുളക് – 1 എണ്ണം
പച്ചമുളക് – 2 എണ്ണം (നീളത്തിൽ മുറിച്ചത്)
കറിവേപ്പില – 1 പിടി
കായപ്പൊടി – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – 1/4 ടീ സ്പൂൺ
ഉപ്പ് – പാകത്തിന്
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചോറ് വേവിച്ചെടുക്കൽ: ആദ്യം നല്ലയിനം പച്ചരി കൊണ്ട് ചോറ് കുഴഞ്ഞോ വെന്തുടഞ്ഞോ പോകാതെ, ഓരോ മണിയും വേറിട്ടു നിൽക്കുന്ന പാകത്തിൽ വേവിച്ച് മാറ്റി വെക്കുക.
പരിപ്പുകളും നിലക്കടലയും മൂപ്പിക്കൽ: ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ഇതിലേക്ക് കടലപ്പരിപ്പും നിലക്കടലയും ചേർത്ത് ചെറുതീയിൽ (Low flame) ബ്രൗൺ നിറമാകുന്നതുവരെ റോസ്റ്റ് ചെയ്യുക. തുടർന്ന് ഉഴുന്ന് പരിപ്പും ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ ഇളക്കി മൂപ്പിക്കുക.
ഉള്ളിയും മസാലകളും വഴറ്റൽ: പരിപ്പുകൾ മൂത്തു വരുമ്പോൾ ചുവന്ന മുളക് (1 എണ്ണം), നീളത്തിൽ മുറിച്ച പച്ചമുളക് (2 എണ്ണം), 1 പിടി കറിവേപ്പില, കായപ്പൊടി, ചെറുതായി മുറിച്ച വലിയ ഉള്ളി എന്നിവ ചേർത്ത് ഉള്ളി മൃദുവാകുന്നതുവരെ നന്നായി വഴറ്റുക.
പച്ചമാങ്ങയും മഞ്ഞൾപ്പൊടിയും: ഇതിലേക്ക് പാകത്തിന് ഉപ്പ്, ഗ്രേറ്റ് ചെയ്തു വെച്ചിരിക്കുന്ന പച്ചമാങ്ങ, 1/4 ടീ സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. 1 മിനിറ്റ് നേരം ചെറുതീയിൽ ഇളക്കി യോജിപ്പിക്കുക.
ചോറ് ചേർത്ത് യോജിപ്പിക്കൽ: മാങ്ങയുടെ പച്ചമണം മാറി വരുമ്പോൾ നേരത്തെ വേവിച്ചു മാറ്റി വെച്ചിരിക്കുന്ന ചോറ് ചേർക്കുക. ചോറ് ഉടയാതെ ശ്രദ്ധിച്ച് മസാലയുമായി നന്നായി മിക്സ് ചെയ്ത ശേഷം 3 മിനിറ്റ് നേരം ചെറുതീയിൽ വെച്ച് തീ ഓഫ് ചെയ്യാം.
ലഞ്ച് ബോക്സിലും ഉച്ചയൂണിനും അപ്പളമോ തൈരോ കൂട്ടി കഴിക്കാൻ കിടിലൻ രുചിയുള്ള പച്ച മാങ്ങാ സാദം (മംഗോ റൈസ്) തയ്യാർ!

Tags