റംബൂട്ടാൻ കൊണ്ടൊരു കറി
ആവശ്യമായ ചേരുവകൾ:
റംബൂട്ടാൻ - 10 എണ്ണം
തേങ്ങ ചിരകിയത് - 1 കപ്പ്
തൈര് (പുളിയില്ലാത്തത്) - 1/2 കപ്പ്
പച്ചമുളക് - 4-5 എണ്ണം
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
ജീരകം - 1/4 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
പഞ്ചസാര - 1 ടീസ്പൂൺ (ആവശ്യമെങ്കിൽ)
കടുക് - 1/2 ടീസ്പൂൺ
ഉലുവ - 1/8 ടീസ്പൂൺ
ചെറിയ ഉള്ളി - 3 എണ്ണം
ഉണക്കമുളക് - 2 എണ്ണം
കറിവേപ്പില - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
റംബൂട്ടാൻ തൊലി കളഞ്ഞ് മാറ്റിവെക്കുക. ശേഷം റംബൂട്ടാൻ, ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപ്പൊടി, 3 പച്ചമുളക് എന്നിവ അല്പം വെള്ളം ചേർത്ത് വേവിക്കുക. റംബൂട്ടാൻ വെന്തു കഴിയുമ്പോൾ അല്പം പഞ്ചസാര ചേർക്കാം. തേങ്ങ, ബാക്കി പച്ചമുളക്, ജീരകം എന്നിവ അല്പം വെള്ളം ചേർത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക.
ഈ അരപ്പ് വേവിച്ച റംബൂട്ടാനിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് തൈര് ചേർത്ത് ഇളക്കുക. പച്ചമണം മാറി ചെറുതായി തിളച്ചു വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക (കൂടുതൽ തിളച്ചാൽ തൈര് പിരിഞ്ഞുപോകും). ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക്, ഉലുവ, അരിഞ്ഞ ചെറിയ ഉള്ളി, ഉണക്കമുളക്, കറിവേപ്പില എന്നിവ വറുത്ത് കറിയിലേക്ക് ചേർക്കുക. രുചികരമായ റംബൂട്ടാൻ പുളിശ്ശേരി റെഡി!
.jpg)

