ഹോട്ടലിലെ മന്തി ഇനി വീട്ടിൽ! കുക്കറിൽ എളുപ്പത്തിൽ ചിക്കൻ മന്തി തയ്യാറാക്കാം

pressure cooker Chicken Mandi


ആവശ്യമായ ചേരുവകൾ
1. ചിക്കനും മസാലയും:
ചിക്കൻ (തൊലിയോടു കൂടിയത്) – 1 എണ്ണം (മുറിച്ചത്)
അറേബ്യൻ മസാല – 2 1/2 ടേബിൾ സ്പൂൺ (1 1/2 ടേബിൾ സ്പൂൺ ചിക്കനിൽ പുരട്ടാൻ + 1/2 ടേബിൾ സ്പൂൺ മസാലയിൽ ചേർക്കാൻ)
കാശ്മീരി മുളകുപൊടി – 1 ടീ സ്പൂൺ
ഒലീവ് ഓയിൽ (അല്ലെങ്കിൽ ബട്ടർ) – 1 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ചിക്കൻ വേവിക്കാൻ കുറച്ച്
2. റൈസിനും മസാലയ്ക്കും:
ബസ്മതി റൈസ് – 2 കപ്പ് (കഴുകി വൃത്തിയാക്കിയത്)
സവാള – 1 എണ്ണം (അരിഞ്ഞത്)
തക്കാളി – 1 എണ്ണം (അരച്ചത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീ സ്പൂൺ
കറുവാപ്പട്ട – 2 കഷ്ണം
തക്കോലം (Star anise) – 2 എണ്ണം
ഏലക്ക – 3 എണ്ണം
പെരുംജീരകം – 1 ടേബിൾ സ്പൂൺ
കുരുമുളക് – 1/2 ടേബിൾ സ്പൂൺ
ഗ്രാമ്പൂ – 6 എണ്ണം
വഴനയില (Bay leaf) – 1 എണ്ണം
നാരങ്ങാനീര് – 1 ടേബിൾ സ്പൂൺ
സൺഫ്ലവർ ഓയിൽ – 1/2 കപ്പ് (1/4 കപ്പ് റൈസ് മസാലയ്ക്കും + 1/4 കപ്പ് ചിക്കൻ/റൈസ് ലെയറിംഗിനും)
ചൂടുവെള്ളം – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
3. സ്മോക്കി ഫ്ലേവറിന്:
ചാർക്കോൾ (കരി) അല്ലെങ്കിൽ ചിരട്ട കനൽ – 1 കഷ്ണം
എണ്ണ – അല്പം (പുകയ്ക്കാൻ)
തയ്യാറാക്കുന്ന വിധം
ചിക്കൻ മാരിനേഷനും വേവിക്കലും: ചിക്കനിൽ 1 1/2 ടേബിൾ സ്പൂൺ അറേബ്യൻ മസാലയും, പാകത്തിന് ഉപ്പും, ഒലീവ് ഓയിലും പുരട്ടുക. കുറച്ചു വെള്ളം ചേർത്ത് 5 മിനിറ്റ് തിളപ്പിച്ച്, ആ ചിക്കൻ സ്റ്റോക്ക് വെള്ളം ഒരു ബൗളിലേക്ക് അരിച്ചു മാറ്റി വെക്കുക. വേവിച്ച ചിക്കനിലേക്ക് 1 ടീ സ്പൂൺ കാശ്മീരി മുളകുപൊടി കൂടി ചേർത്ത് നന്നായി പുരട്ടി മാറ്റി വെക്കുക.
റൈസ് മസാല തയ്യാറാക്കൽ: ഒരു പ്രഷർ കുക്കറിൽ 1/4 കപ്പ് സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കറുവാപ്പട്ട, തക്കോലം, ഏലക്ക, പെരുംജീരകം, കുരുമുളക്, ഗ്രാമ്പൂ, വഴനയില എന്നിവ ചേർത്ത് മൂപ്പിക്കുക. ചൂടായി വരുമ്പോൾ അരിഞ്ഞ സവാളയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി വഴറ്റുക.
റൈസ് വേവിക്കൽ: വഴന്ന മസാലയിലേക്ക് അരച്ചു വെച്ച തക്കാളിയും 1/2 ടേബിൾ സ്പൂൺ അറേബ്യൻ മസാലയും ചേർത്ത് ഇളക്കുക. ഇത് ചൂടായി വരുമ്പോൾ നേരത്തെ മാറ്റി വെച്ചിരിക്കുന്ന ചിക്കൻ വേവിച്ച വെള്ളം ഒഴിക്കുക. ഇതിലേക്ക് കഴുകി വെച്ച ബസ്മതി റൈസ്, കുറച്ചു ചൂടുവെള്ളം, നാരങ്ങാനീര്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കി, കുക്കർ അടച്ച് 1 വിസിൽ കേൾക്കുന്നതുവരെ വേവിക്കുക. ആവി പൂർണ്ണമായും പോയിക്കഴിഞ്ഞാൽ കുക്കർ തുറന്ന് റൈസ് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക.
ലെയറിംഗും സ്മോക്കിംഗും: കുക്കർ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം 1/4 കപ്പ് എണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടാകുമ്പോൾ മസാല പുരട്ടി വെച്ച ചിക്കൻ കഷ്ണങ്ങൾ ഇതിൽ നിരത്തുക. അതിന്റെ മുകളിലായി വേവിച്ചു മാറ്റി വെച്ചിരിക്കുന്ന റൈസ് ഇട്ടു കൊടുക്കുക.
ഫൈനൽ കുക്കിംഗ്: റൈസിന് മുകളിൽ ഒരു ചെറിയ പാത്രത്തിൽ കത്തിച്ച കോൾ / ചിരട്ട കനൽ വെക്കുക. ഇതിലേക്ക് അല്പം എണ്ണ ഒഴിച്ച് നന്നായി പുക വരുമ്പോൾ പെട്ടെന്ന് തന്നെ കുക്കർ അടച്ചു വെക്കുക. 1 വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക.
അടിപൊളി സ്മോക്കി ഫ്ലേവറുള്ള കുക്കർ ചിക്കൻ മന്തി തയ്യാർ.

Tags