മിനിട്ടുകൾക്കുള്ളിൽ ടേസ്റ്റി ഹൽവ തയ്യാറാക്കാം

Tasty halwa can be prepared in minutes.

പോഷക​ഗുണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഫലമാണ് പപ്പായ. ​ഹൃദയാരോ​ഗ്യത്തിനും ആമാശയത്തിന്റെ ആരോ​ഗ്യത്തിനും ച‍‌ർമ്മസംരക്ഷണത്തിനും പപ്പായ ഏറെ ​ഗുണം ചെയ്യും. 100 ​ഗ്രാം പഴുത്ത പപ്പായയിൽ 40 മുതൽ 45 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂവെങ്കിലും വിറ്റാൻ സി, വിറ്റാമിൻ എ, ഫൈബ‍‌ർ, പൊട്ടാസ്യം തുടങ്ങി നിരധി ഘടകങ്ങളുമുണ്ട്.

എന്നാലും ചവർപ്പ് കാരണം പലരും പഴുത്ത പപ്പായ കഴിക്കാറില്ല. പഴുത്ത പപ്പായ കൊണ്ട് ഒരു രുചിയൂറുന്ന വിഭവം തയ്യാറാക്കിയാലോ. ഡെസേർട്ടായും അല്ലാതെയും കഴിക്കാൻ സാധിക്കുന്ന പപ്പായ ഹൽവ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം.

നെയ്യ്, പഞ്ചസാര, ഏലക്കായ എന്നിവ ചേർത്ത് 25-30 മിനിറ്റിനുള്ളിൽ പപ്പായ ഹൽവ തയ്യാറാക്കാം. പഴുത്ത പപ്പായ തൊലി കളഞ്ഞ്, വിത്തുകൾ നീക്കം ചെയ്ത് ചെറുതായി അരിയുകയോ അല്ലെങ്കിൽ നന്നായി ഉടയ്ക്കുകയോ ചെയ്യുക (അരച്ചെടുക്കുന്നതാണ് കൂടുതൽ നല്ലത്). ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യ് ചൂടാക്കി ഉടച്ചുവെച്ച പപ്പായ ചേർത്ത് പച്ചമണം മാറുന്നത് വരെ 10-14 മിനിറ്റ് നന്നായി വഴറ്റുക. പപ്പായ നന്നായി ഉടഞ്ഞു വരുമ്പോൾ ആവശ്യത്തിന് പഞ്ചസാര ചേർക്കുക.

മിശ്രിതം കുറുകി വരുന്നത് വരെ ഇടത്തരം തീയിൽ ഇളക്കുക. ഇതിലേക്ക് ഏലക്കായ പൊടിച്ചതും, ബാക്കി നെയ്യും ചേർക്കുക. ഹൽവ പാത്രത്തിൽ നിന്ന് വിട്ടുപോരുന്ന പാകമാകുമ്പോൾ, നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് തീ അണയ്ക്കാം. കൂടുതൽ രുചിക്ക് പാലോ കണ്ടൻസ്ഡ് മിൽക്കോ ചെറിയ അളവിൽ ചേർക്കുന്നത് ഹൽവയ്ക്ക് കൂടുതൽ കൊഴുപ്പ് കിട്ടാൻ സഹായിക്കും. ഇത് തണുത്ത ശേഷം ഒരു എയർ ടൈറ്റ് പാത്രത്തിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരാഴ്ച വരെ കേടുകൂടാതെ ഇരിക്കും.
 

Tags