വിഷുവിന് രുചി പകരാൻ പാലട തയ്യാറാക്കാം..

prepare Palada to add flavor to Vishu
prepare Palada to add flavor to Vishu


ആവശ്യമുള്ള സാധനങ്ങൾ:

അടയ്ക്ക്:

ഉണക്കലരി : 250 ഗ്രാം

(പായസത്തിന് പ്രത്യേകമായി കിട്ടുന്ന നുറുങ്ങലരിയാണ് ഫോട്ടോയിലുള്ളത്.പാലടയ്ക്ക് നുറുങ്ങലരി തന്നെ വേണമെന്ൻ നിർബ്ബന്ധമില്ല.)
നെയ്യ് : 1 സ്പൂൺ
വെള്ളം
വാഴയില

പായസത്തിന്:

പാൽ : 3 ലിറ്റർ
പഞ്ചസാര : അര മുതൽ മുക്കാൽ ‍കിലോ വരെ.
നെയ്യ് : 1- 2 സ്പൂൺ

ഉണ്ടാക്കുന്ന വിധം:
ഉണക്കലരി കഴുകി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തശേഷം ഊറ്റിയെടുത്ത് വെള്ളം വലിയാനായി ഒരു ന്യൂസ്‌പേപ്പറിൽ പരത്തിയിടുക. നന്നായി വലിഞ്ഞശേഷം മിക്സിയിലിട്ട് പൊടിച്ച് അരിച്ചെടുക്കുക. ഒട്ടും തരിയില്ലാത്ത, മിനുസമുള്ള പൊടിയായിരിക്കണം(ഉണക്കലരി പെട്ടെന്ന് പൊടിഞ്ഞുകിട്ടും).
ഈ പൊടി വെള്ളം ഒഴിച്ച്,ഒരു സ്പൂൺ നെയ്യ് ഉരുക്കിയതും ചേർത്ത് അയവിൽ കലക്കി വയ്ക്കുക.

വാഴയില നന്നായി തുടച്ചെടുത്ത്, കഷ്ണങ്ങളാക്കി, ഒന്നു വാട്ടിയെടുക്കുക.

ഓരോ കഷ്ണങ്ങളിലും അരിവാവ് അണിയുന്നതുപോലെ ഒഴിയ്ക്കുക(കൈപ്പത്തി അരിമാവിൽ മുക്കി വിരലുകളുടെ അറ്റം കൊണ്ട് ഒഴിയ്ക്കൽ) .

ഇതിനെ ഒന്നുകൂടി കനം കുറയ്ക്കാനായി വേണമെങ്കിൽ വിരലുകൾ കൊണ്ട് ഒന്നു നേർപ്പിക്കുകയും ചെയ്യാം. ദാ, ഇതുപോലെ:

അതിനുശേഷം ഓരോ ഇലയും തെറുത്തെടുക്കുക

തെറുത്തെറുത്ത ഇലക്കഷ്ണങ്ങൾ തിളയ്ക്കുന്ന വെള്ളത്തിലേയ്ക്കിട്ട് വേവിച്ചെടുക്കുന്നതാണ് ശരിയായ രീ‍തി. പക്ഷേ അത് വളരെ ബുദ്ധിമുട്ടുള്ള പണിയാണെന്നു മാത്രമല്ല, നല്ല പരിചയവും അത്യാവശ്യമാണ്. ഇല്ലെങ്കിൽ ആകെ കുളമാവും. നമുക്ക് തൽക്കാലം എളുപ്പപ്പണി ചെയ്യാം:
ഇലച്ചുരുളുകൾ കുക്കറിന്റെ തട്ടിലോ ഇഡ്ഡലിത്തട്ടിലോ നിരത്തിവച്ച് ആവിയിൽ വേവിച്ചെടുക്കുക.അധിക സമയമൊന്നും വേണ്ടിവരില്ല. പെട്ടെന്ന് വേവും.
വെന്തശേഷം നന്നായി തണുക്കാൻ അനുവദിയ്ക്കുക(ഇത് വളരെ പ്രധാനമാണ്). പിന്നീട് ഇലച്ചുരുളുകൾ നിവർത്തി മാവ് (അട) അടർത്തിയെടുക്കുക.

ഈ അടകളെ കഴിയുന്നത്ര ചെറുതായി നുറുക്കിയെടുക്കുക.എത്ര ചെറുതാക്കുന്നോ, അത്രയും നല്ലത്.

അങ്ങനെ അട തയ്യാറായി.
ഇനി പായസം ഉണ്ടാക്കാം.
പാലിൽ നിന്ന് പകുതിയെടുത്ത് നന്നായി തിളച്ചുവരുമ്പോൾ തയ്യാറാ‍ക്കിയ അട സാവധാനം ഇടുക.തുടരെ ഇളക്കുക.

കുറച്ചു നേരം കഴിയുമ്പോൾ അടയും പാലും നന്നായി യോജിച്ചുവരും.

ഈ ഘട്ടത്തിൽ ബാക്കിയുള്ള പാൽ ചേർത്ത് തിളയ്ക്കുമ്പോൾ പഞ്ചസാരയും ചേർക്കുക.(പഞ്ചസാര മുഴുവൻ അളവും ആദ്യം തന്നെ ഇടരുത്. കുറേശ്ശേ ചേർത്ത് അവരവരുടെ പാകത്തിന് ക്രമീകരിയ്ക്കുക). തുടരെ ഇളക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ പാൽ പാട കെട്ടും. നെയ്യ് പലതവണകളായി ചേർത്തുകൊടുക്കുക.എല്ലാം കൂടി നന്നായി യോജിച്ച് കുറുകുന്ന പരുവത്തിൽ വാങ്ങിവയ്ക്കുക. പായസം തണുക്കുമ്പോൾ ഒന്നുകൂടി കട്ടിയാവും.അതുകൊണ്ട് അധികം കുറുകാത്ത പരുവത്തിൽ വേണം വാങ്ങാൻ.
പാട കെട്ടാതിരിയ്ക്കാനായി പായസം വാങ്ങിവച്ച ശേഷവും കുറച്ചുനേരം ഇളക്കിക്കൊടുക്കണം.

Tags