തയ്യാറാക്കാം ഹെൽത്തി സ്പാനിഷ് ഓംലെറ്റ്


ആവശ്യമായ ചേരുവകൾ;
ഒലിവ് ഓയിൽ – ആവശ്യത്തിന്
ഉരുളക്കിഴങ്ങ് – ½ കപ്പ്, ചെറുതായി അരിഞ്ഞത്
സവാള – 1 വലുത്, ചെറുതായി അരിഞ്ഞത്
മുട്ട – 2 എണ്ണം
തക്കാളി – 1 ചെറുതായി അരിഞ്ഞത് ‘
സ്പ്രിങ് ഒനിയൻ – ചെറുതായി അരിഞ്ഞത് (ഓപ്ഷണൽ)
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടിച്ചത് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം;
ഒരു പാനിൽ ഒലിവ് ഓയിൽ ഒഴിച്ച് ചൂടാക്കുക. ചൂടായ എണ്ണയിലേക്ക് ഉരുളക്കിഴങ്ങ് ചേർത്ത് വഴറ്റുക. അതിലേക്ക് ഉപ്പ്, കുരുമുളക് എന്നിവ ചെറുതായി ചേർക്കുക. ഗോൾഡൻ ബ്രൗൺനിറമാകുന്നതുവരെ ഇടയ്ക്കിടെ ഇളക്കി കൊടുത്തുകൊണ്ടിരിക്കുക. ശേഷം ഇതിലേക്ക് ചെറുതായി അറിഞ്ഞുവെച്ചിരിക്കുന്ന സവാള ചേർത്തുകൊടുക്കുക. ഇത് ചെറിയ ബ്രൗൺ നിറമാകുന്നത് വരെ വേവിച്ച് ഇളക്കുക.
ഒരു പാത്രത്തിലേക്ക് മുട്ട അടിക്കുക, അതിലേക്ക് ഉപ്പ്, കുരുമുളക്, എന്നിവ ചേർക്കുക. ശേഷം പാനിലേക്ക് അടിച്ചുവെച്ചിരിക്കുന്ന മുട്ട ഒഴിക്കുക. ശേഷം ഉരുളക്കിഴങ്ങും ഉള്ളിയും ചേർത്ത് ചെറുതായി ഇളക്കുക. ആവശ്യമെങ്കിൽ അരിഞ്ഞുവെച്ചിരിക്കുന്ന തക്കാളിയും ചേർക്കുക. ചെറു തീയിലിട്ടാണ് മുട്ടവേവിക്കേണ്ടത്. ഒരു സ്പാറ്റുല ഉപയോഗിച്ച് മുട്ട പാനിൽ നിന്നും അടർത്തിയെടുക്കുക.

പാനിന്റെ മുകളിലേക്ക് ഒരു പ്ലേറ്റ് വെച്ച് ശ്രദ്ധയോടെ ഓംലെറ്റ് പ്ലേറ്റിലേക്ക് ഫ്ളിപ് ചെയ്യുക. വീണ്ടും മുട്ടയുടെ വേവാത്ത വശം പാനിൽ താഴേക്ക് വരുന്ന രീതിയിൽ ഫ്ളിപ് ചെയ്യുക. ചെറു തീയിൽ 4 മുതൽ 5 മിനുട്ട് വരെ മുട്ട വേവിച്ചെടുക്കുക. ആവശ്യമെങ്കിൽ തക്കാളിയും സവാളയും കൊണ്ട് അലങ്കരിച്ച് വിളമ്പുക. ആവശ്യങ്ങൾക്കനുസരിച്ച് ചീസ് ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. ഹെൽത്തിയായ ബ്രേക്ഫാസ്റ്റ് ആയും ബ്രഞ്ച് ആയും ഉപയോഗിക്കാവുന്ന സ്പാനിഷ് ഓംലെറ്റ് തയ്യാർ…