കുട്ടനാടൻ സ്റ്റൈൽ കുരുമുളകിട്ടു വരട്ടിയ ചിക്കൻ

peppar
peppar

ചേരുവകൾ

    ചിക്കൻ - 500 ഗ്രാം
    സവാള (ഇടത്തരം) - 2 എണ്ണം
    തക്കാളി (ചെറുത്) – 1 എണ്ണം
    ഇഞ്ചി (ഇടത്തരം) – വെളുത്തുള്ളി (10 - 12 അല്ലി) പേസ്റ്റ്‌ -1 1/2 ടേബിൾസ്പൂൺ
    പച്ചമുളക് - രുചിയ്ക്ക് അനുസരിച്ച്
    തേങ്ങാക്കൊത്ത് - ആവശ്യത്തിന്
    കറിവേപ്പില - ആവശ്യത്തിന്
    മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
    കുരുമുളക് പൊടി - 11/2 ടീസ്പൂൺ (എരിവിന് അനുസരിച്ച് )
    ചതച്ച കുരുമുളക് – ½ ടേബിൾസ്പൂൺ
    ചിക്കൻ മസാല – ¾ ടീസ്പൂൺ
    ഉപ്പ് / എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു കടായിയിൽ എണ്ണ ചൂടാക്കി അതിലേക്കു തേങ്ങക്കൊത്തു ചേർത്ത് ഇളക്കുക. അതിനുശേഷം ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്‌ ചേർത്ത് പച്ച മണം മാറുന്നത് വരെ ഇളക്കുക. ശേഷം അരിഞ്ഞു വച്ചിരിക്കുന്ന സവാള, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് സവാള ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ ഇളക്കുക. ശേഷം ചെറിയ തീയിൽ  മഞ്ഞൾപ്പൊടി, ചിക്കൻമസാല, കുരുമുളക് പൊടി എന്നിവ ചേർക്കുക. അതിന്റെ പച്ച മണം മാറുമ്പോൾ തക്കാളിയും ചേർത്ത് നന്നായി ഇളക്കുക. തക്കാളി വെന്തു വരുമ്പോൾ, വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ചേർത്ത് മീഡിയം തീയിലിട്ടു വേവിക്കുക. ഏകദേശം 25 മിനിറ്റ് നേരമെടുക്കും വെന്തു വരാൻ. (വെള്ളം ചേർക്കേണ്ട ആവശ്യം വരില്ല. ചിക്കൻ കഷണങ്ങളിൽ നിന്നും വെള്ളം ഇറങ്ങി വന്നോളും. ആവശ്യമെങ്കിൽ മാത്രം ചേർത്താൽ മതിയാകും).

ചിക്കൻ കഷ്ണങ്ങൾ വെന്തതിനു ശേഷം, ചതച്ച കുരുമുളക് ചേർത്ത് 2 മിനിറ്റു കൂടി വേവിക്കുക. രുചി നോക്കിയിട്ട് ഉപ്പോ കുരുമുളകോ വേണമെങ്കിൽ ചേർക്കാവുന്നതാണ്. ചാർ കൂടുതൽ വേണമെങ്കിൽ തേങ്ങാപ്പാല്‍ ചേർത്ത് ഇളക്കിയെടുക്കാവുന്നതാണ്.

Tags