പച്ചടി ഇങ്ങനെ തയ്യാറാക്കാം

google news
pachadi

ചേരുവകൾ:

1. കുരുവില്ലാത്ത ഫ്രഷ് പച്ചമുന്തിരി -അര കപ്പ്‌ (കഴുകി നാലായി മുറിക്കണം)

2. പൂവൻപഴം -ഒന്ന്​

3. പച്ച ആപ്പിൾ -അരക്കഷണം (തൊലി കളഞ്ഞ് അരിഞ്ഞുവെച്ചത്)

4. തേങ്ങ ചിരകിയത് - ഒരു മുറി

5. ഇഞ്ചി പൊടിയായി അരിഞ്ഞത് - 1/4 ടീസ്പൂൺ

6. പച്ചമുളക് പൊടിയായി അരിഞ്ഞത് - ഒരു ടേബ്ൾ സ്പൂൺ

7. കടുക് - 1/2 ടീസ്പൂൺ

8. കട്ടത്തൈര് - ഒരു കപ്പ്‌

9. വെളിച്ചെണ്ണ - 2 ടേബ്ൾ സ്പൂൺ

10. കടുക്- അര ടീസ്പൂൺ

11. വറ്റൽ മുളക് - 2 എണ്ണം (നുറുക്കിയത്)

12. കറിവേപ്പില - 2 തണ്ട്.

തയാറാക്കുന്ന വിധം:

തേങ്ങ അൽപം വെള്ളം ചേർത്ത് മിക്സിയിൽ അരക്കുക. അരഞ്ഞുവരുമ്പോൾ കടുകു ചേർത്ത് വീണ്ടും അരച്ചശേഷം മാറ്റിവെക്കുക. ഒരു പാത്രത്തിൽ വെളിച്ചെണ്ണയെടുത്ത് ചൂടാക്കിയശേഷം കടുക്, മുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക. അതിലേക്ക്‌ ആപ്പിളും മുന്തിരിയും ചേർത്ത് കുറച്ചുനേരം വഴറ്റുക. ശേഷം പൂവൻപഴം കായ വറുത്തുപ്പേരിക്കെന്നപോലെ നാലാക്കി അൽപം തിക്ക്നെസിൽ നുറുക്കി അതിലേക്ക് ചേർത്തിളക്കി കോരി മാറ്റിവെക്കാം.

അതേ പാത്രത്തിൽ അൽപംകൂടി വെളിച്ചെണ്ണ ചേർത്തശേഷം ഇഞ്ചിയും പച്ചമുളകും വഴറ്റി തേങ്ങക്കൂട്ടും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കുക. തൈര് ഉടച്ചതും കുറച്ചു കറിവേപ്പിലയും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. തിള വരുമ്പോൾ വഴറ്റിവെച്ച പഴക്കൂട്ടിൽ പകുതി അതിലേക്ക് ചേർത്ത് ഇളക്കുക. ഒന്നുകൂടി തിളപ്പിച്ചശേഷം ഇറക്കിവെക്കാം. അവ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയശേഷം ബാക്കിയുള്ള വഴറ്റിവെച്ച പഴക്കൂട്ടുകൊണ്ട് അലങ്കരിക്കാം. മധുരവും പുളിയും എരിവും ഉപ്പും ചേർന്ന രുചികരവും ഹെൽത്തിയുമായ പച്ചടി തയാർ.

Tags