കറിയിൽ നാടൻ തനിമ, ഓരോ കഷ്ണത്തിലും പൊളി രുചി

nadan chicken curry

ചേരുവകൾ-
1, കോഴി - ചെറിയ കഷണം ആക്കി മുറിച്ചത് ഒരു കിലോ
2, ഇഞ്ചി - ഒരു വലിയ തുണ്ടം കൊത്തിയരിഞ്ഞത്
3, വെളുത്തുള്ളി - എട്ടു അല്ലി, അരിഞ്ഞത്
4, പച്ചമുളക് – മൂന്ന് എണ്ണം രണ്ടായി കീറിയത്
5, സവാള – ഇടത്തരം രണ്ടു എണ്ണം അരിഞ്ഞത്
6, കുഞ്ഞുള്ളി – 10 എണ്ണം
7, തക്കാളി - ചെറിയ ഒരെണ്ണം
8, ചിക്കൻ മസാല കൂട്ട്
കറുകപ്പട്ട - ഒരു ചെറിയ കഷണം
ഗ്രാമ്പൂ - അഞ്ചു എണ്ണം
ഏലയ്ക്ക - ആറു എണ്ണം
ജാതിപത്രി - ഒരു ചെറിയ കഷണം
പെരുംജീരകം - അര ടേബിൾ സ്‌പൂൺ
കുരുമുളക് - അര ടീസ്‌പൂൺ
തക്കോലം - ഒന്ന്
ഇവ ചൂടാക്കി മിക്‌സറിൽ പൊടിച്ചു എടുക്കുക
7, മുളകു പൊടി - ഒരു ടേബിൾ സ്‌പൂൺ
8, മല്ലി പൊടി - രണ്ടു ടേബിൾ സ്പൂൺ
(മുളകും മല്ലിയും വീട്ടിൽ തന്നെ പൊടിച്ചു ഉണ്ടാക്കിയത് ഉപയോഗിച്ചാൽ നല്ലതാണ്)
9, മഞ്ഞൾ പൊടി - അര ടീസ്‌പൂൺ
10, കടുക് - അര ടീസ്‌പൂൺ
11, കായം - കാൽ ടീസ്‌പൂൺ(ഇത് പത്തനംതിട്ടക്കാരുടെ ഒരു രീതിയാണ്. ഇറച്ചിക്കറികളിൽ കായം ചേർക്കാറുണ്ട്. ആവശ്യമില്ലെങ്കിൽ നിങ്ങൾക്ക് അത് ഒഴിവാക്കാം.)
12, തേങ്ങാക്കൊത്ത് - കാൽ മുതൽ അര കപ്പ് വരെ
13, കറിവേപ്പില - രണ്ടു തണ്ട്
14, വെളിച്ചെണ്ണ - കുറച്ച്
15, ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം-
ഒരു പാനിലോ ചുവടു കട്ടിയുള്ള ചീനച്ചട്ടിയിലോ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് വഴറ്റുക, ഇഞ്ചിയും വെളുത്തുള്ളിയും ഒന്ന് വാടി കഴിയുമ്പോൾ തേങ്ങാക്കൊത്ത് ചേർക്കുക. തേങ്ങാ ഒന്ന് ബ്രൗൺ നിറം ആയി വരുമ്പോൾ പച്ചമുളകും സവാള അരിഞ്ഞതും കുഞ്ഞുള്ളി അരിഞ്ഞതും ചേർത്തു നന്നായി വഴറ്റുക. ഇതിലേക്ക് മുളക് പൊടി ചേർത്തു മൂപ്പിക്കുക. മുളക് പൊടി മാത്രമായി ഇട്ടു മൂപ്പിക്കണം. മുളക് പൊടി മൂത്തതിനു ശേഷം തക്കാളി ചെറുതായി അരിഞ്ഞത് ചേർത്തു വഴറ്റുക, ഇതിലേക്ക് മല്ലിപൊടി, മഞ്ഞപ്പൊടി, ഇറച്ചി മസാല കൂട്ട്, കായം എന്നിവ ചേർത്തു വഴറ്റുക. ഒരു തണ്ട് കറിവേപ്പിലയും കൂടി ചേർത്തിളക്കിയതിനു ശേഷം കോഴി കഷണങ്ങൾ ചേർക്കാം. രണ്ടു മിനിട്ട് ഇളക്കിയതിനു ശേഷം പാകത്തിന് ഉപ്പും ചെറിയ ചൂടു വെള്ളവും ചേർത്ത് അടച്ചു വെച്ച് വേവിയ്ക്കുക. 30 മിനിട്ട് കഴിയുമ്പോൾ വെന്തു പാകം ആകും. വെന്തു കഴിഞ്ഞു കടുകും കറി വേപ്പിലയും താളിച്ചു ചേർക്കാം. രുചികരമായ കോഴിക്കറി തയ്യാർ.

Tags