വൈറ്റ് സോസ് പാസ്ത വീട്ടിൽ തന്നെ തയാറാക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
വെള്ളം – ഒരു പാത്രത്തിൽ മുക്കാൽ ഭാഗം
എണ്ണ- 2 ടേബിൾസ്പൂൺ
പാസ്ത – 1 കപ്പ്
കാപ്സിക്കം – 1 1/2 കപ്പ്
വേവിച്ച ചോളം – 1/2 കപ്പ്
കാരറ്റ് – 1/2 കപ്പ്
ഉപ്പ് – 1 1/2 ടീസ്പൂൺ
ബട്ടർ – 3 ടേബിൾസ്പൂൺ
മൈദ – 1 1/2 ടേബിൾസ്പൂൺ
പാൽ – അര ലിറ്റർ
ചീസ് ക്യൂബ്സ്- 2 എണ്ണം
കുരുമുളകുപൊടി- 1/4 ടീസ്പൂൺ
ഒറിഗാനോ – 3 നുള്ള്
ചതച്ച മുളക് – 3 നുള്ള്
പാകം ചെയ്യുന്ന വിധം
ആദ്യം തന്നെ ഒരു പാത്രത്തിൽ മുക്കാൽഭാഗം വെള്ളമെടുത്ത് നന്നായി തിളപ്പിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പും ഒരു ടീസ്പൂൺ എണ്ണയും ചേർത്ത് തിളച്ചു വരുമ്പോൾ അതിലേക്ക് പാസ്ത ചേർക്കുക. ഇത് ഒരു 7 മുതൽ 9 മിനിറ്റിൽ വെന്തു വരുന്നതായിരിക്കും. പാസ്ത വെന്തോ എന്ന് ചെക്ക് ചെയ്യാൻ വേണ്ടി നമുക്ക് ഒരു ഫോർക്ക് വെച്ച് പ്രസ് ചെയ്തു നോക്കാവുന്നതാണ്. പാസ്ത പെട്ടെന്നുതന്നെ മുറിഞ്ഞു വരികയാണെങ്കിൽ അത് വെന്തു എന്നു മനസിലാക്കാം. അധികം വെന്തുപോകാതെയും സൂക്ഷിക്കണം. ഇത് ഒരു അരിപ്പയിലൂടെ അരിച്ച് മാറ്റിവെയ്ക്കുക.
ഒരു പാനിൽ ഓയിൽ ഒഴിച്ച് അതിൽ കാപ്സിക്കം, വേവിച്ച ചോളം, കാരറ്റ് എന്നിവ ചേർത്ത് അൽപം ഉപ്പും ചേർത്ത് നല്ല തീയിൽ ഇളക്കുക. വെജിറ്റബിൾസ് അധികം വേവിക്കേണ്ട. ഇത് മാറ്റി വയ്ക്കുക. ഇനി മറ്റൊരു പാത്രത്തിൽ ബട്ടർ ചൂടാക്കി അതിലേക്ക് മൈദ ചേർത്ത് നന്നായി യോജിപ്പിക്കുക. മൈദയും ബട്ടറും നന്നായി യോജിച്ച ശേഷം അതിലേക്കു എടുത്തു വച്ചിരിക്കുന്ന പാൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. കട്ടകൾ ഉണ്ടാകാതെ വേണം മിക്സ് ചെയ്യാൻ. ആവശ്യത്തിന് ഉപ്പും ചേർക്കുക. ചീസ് ക്യൂബ്സ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. പിന്നീട് നേരത്തെ വേവിച്ചുവെച്ച വെജിറ്റബിൾസ് ചേർത്ത് നന്നായി യോജിപ്പിക്കുക. വേവിച്ചുവെച്ച പാസ്ത ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്കു കുരുമുളകുപൊടി, ഒറീഗാനോ, ചതച്ച മുളക് എന്നിവ ചേർത്ത് അലങ്കരിക്കാവുന്നതാണ്.
.jpg)

