ചെറിയ കാന്താരിമുളകിൽ വലിയ രുചിയൊരുക്കുന്ന കൊതിയൂറും കാന്താരി ചിക്കൻ കറി!

kanthari chicken curry

ചേരുവകൾ
ചെറുതായി നുറുക്കിയ ചിക്കൻ – 1/2 കിലോ
കാന്താരി മുളക് ചതച്ചത് – 1/2 കപ്പ് (ചതയ്ക്കുന്നതിനു മുൻപുള്ള അളവ്; കറിയിൽ കാണാൻ പാകത്തിന് ഒന്ന് ചതച്ചെടുത്തത്)
ചെറിയുള്ളി (കുഞ്ഞുള്ളി) ചതച്ചത് – 1 കപ്പ്
ഇഞ്ചി ചതച്ചത് – 3/4 ടേബിൾ സ്പൂൺ
വെളുത്തുള്ളി ചതച്ചത് – 3/4 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
കറിവേപ്പില – 1 പിടി
തക്കാളി കനം കുറച്ച് നീളത്തിൽ അരിഞ്ഞത് – 1 മീഡിയം വലുപ്പമുള്ളത്
സവാള കുറച്ചു കനത്തിൽ നീളത്തിൽ അരിഞ്ഞത് – 1 ചെറുതിന്റെ പകുതി (ആവശ്യമെങ്കിൽ മാത്രം, ഒഴിവാക്കാം)
പച്ചമുളക് നെടുകെ കീറിയത് – 3 എണ്ണം
കട്ടിയുള്ള തേങ്ങാപ്പാൽ – 1 കപ്പ്
തിളച്ച വെള്ളം – 1 1/2 കപ്പ്
മഞ്ഞൾപ്പൂടി – 1/4 ടീ സ്പൂൺ
മല്ലിപ്പൊടി – 1 1/2 ടീ സ്പൂൺ
ഗരം മസാലക്കൂട്ട് (പട്ട, ഗ്രാമ്പു, ഏലയ്ക്ക, തക്കോലം, ജാതിപത്രി എന്നിവ പൊടിച്ചത്) – 1/2 ടീ സ്പൂൺ
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1: ചിക്കൻ തയ്യാറാക്കൽ
കഴുകി വൃത്തിയാക്കിയ ചിക്കൻ കഷ്ണങ്ങളിലേക്ക് അല്പം ഉപ്പും 1 ടേബിൾ സ്പൂൺ തൈരും ചേർത്ത് ഒരു മണിക്കൂർ വെള്ളത്തിൽ ഇട്ടു വെക്കുക (ഇത് ചിക്കൻ സോഫ്റ്റ് ആകാൻ സഹായിക്കും).
ഒരു മണിക്കൂറിനു ശേഷം ഇത് നന്നായി കഴുകി വെള്ളം വാർന്നുപോകാനായി മാറ്റി വെക്കുക.
സ്റ്റെപ്പ് 2: മസാല വഴറ്റൽ
ഒരു മൺചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക (മൺചട്ടിയിൽ വെച്ചാൽ നല്ല സ്വാദ് ലഭിക്കും; തീ കുറച്ചു വെച്ച് അടിപിടിക്കാതെ ഇളക്കാൻ ശ്രദ്ധിക്കണം).
ഇതിലേക്ക് ചതച്ചു വെച്ച ചെറിയുള്ളിയും അല്പം ഉപ്പും ചേർത്ത് നന്നായി വഴറ്റുക. ഉള്ളി സോഫ്റ്റ് ആയി വരുമ്പോൾ ചതച്ചു വെച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റി മൊരിയിക്കുക.
ഇവ നന്നായി മൊരിഞ്ഞു വരുമ്പോൾ പകുതി കറിവേപ്പില, കീറിയ പച്ചമുളക്, ചതച്ചു വെച്ച കാന്താരി മുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക (നല്ല നാടൻ മണം വരുന്ന പാകമാകണം).
ഇതിലേക്ക് മഞ്ഞൾപ്പൂടി, മല്ലിപ്പൊടി, പൊടിച്ചു വെച്ചിരിക്കുന്ന ഗരം മസാല എന്നിവ ചേർത്ത് ചെറിയ തീയിൽ കരിഞ്ഞുപോകാതെ നന്നായി മൊരിയിച്ചെടുക്കുക.
സ്റ്റെപ്പ് 3: ചിക്കൻ വേവിക്കലും തേങ്ങാപ്പാൽ ചേർക്കലും
മസാല നന്നായി മൊരിഞ്ഞു വരുമ്പോൾ അരിഞ്ഞു വെച്ച സവാളയും തക്കാളിയും ചേർത്ത് പാത്രം അടച്ചുവെച്ച് ചെറിയ തീയിൽ 5 മിനിറ്റ് വഴറ്റുക (തക്കാളി ഉടഞ്ഞു തുടങ്ങണം).
ഇതിലേക്ക് കഴുകി വാരി വെച്ചിരിക്കുന്ന ചിക്കൻ, തിളച്ച വെള്ളം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി മീഡിയം തീയിൽ 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക (ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം).
ചിക്കൻ വെന്തു കഴിഞ്ഞാൽ പാത്രം തുറന്ന് വെള്ളം ഒന്ന് വറ്റിച്ചെടുക്കുക.
ഇതിലേക്ക് കട്ടിയുള്ള തേങ്ങാപ്പാലും ബാക്കി കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി ഒരു തിള വരുമ്പോൾ ഉപ്പ് പാകത്തിനാണോ എന്ന് നോക്കി തീ ഓഫ് ചെയ്യാം.
അവസാനം മുകളിലായി 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ കൂടി ഒഴിച്ച് പാത്രം അടച്ചുവെക്കുക.
10 മിനിറ്റിനു ശേഷം വിളമ്പാം. (ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധിക്കുന്നവർക്ക് കറി തണുത്തു കഴിയുമ്പോൾ മുകളിലെ വെളിച്ചെണ്ണ മാറ്റി ഉപയോഗിക്കാവുന്നതാണ്).
ചൂടുള്ള ചോറ്, ചപ്പാതി, അപ്പം, നൂലപ്പം, പത്തിരി, ദോശ എന്നിവയ്‌ക്കെല്ലാം ഒപ്പം കഴിക്കാൻ കിടിലൻ എരിവുള്ള നാടൻ കാന്താരി ചിക്കൻ കറി തയ്യാർ!

Tags