രാവിലത്തെ പ്രഭാതഭക്ഷണം ഗംഭീരമാക്കാൻ ഇതാ ഒരു പെർഫെക്റ്റ് നാടൻ കടലക്കറി!
ആവശ്യമായ ചേരുവകൾ
കടല വേവിക്കാൻ:
കടല - 1 കപ്പ് (രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തത്)
സവാള - ½ എണ്ണം (അരിഞ്ഞത്)
മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ
ചിക്കൻ മസാല - 2 ടേബിൾ സ്പൂൺ
വെള്ളം, ഉപ്പ് - ആവശ്യത്തിന്
തേങ്ങ വറുത്തരയ്ക്കാൻ:
ചിരകിയ തേങ്ങ - ½ കപ്പ്
ചെറിയ ഉള്ളി - 8 അല്ലി
കറിവേപ്പില - കുറച്ച്
വെളിച്ചെണ്ണ - ആവശ്യത്തിന്
കറിയ്ക്കായി:
പച്ചമുളക് - 2 എണ്ണം
ഗരം മസാല - ½ ടീസ്പൂൺ
വേവിച്ച കടല - 1 സ്പൂൺ (അരയ്ക്കാൻ)
താളിക്കാൻ (കടുക് വറക്കാൻ):
കടുക് - ആവശ്യത്തിന്
ചെറിയ ഉള്ളി, കറിവേപ്പില, വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കടല വേവിക്കുക: രാത്രി മുഴുവൻ കുതിർത്തുവെച്ച കടല ഒരു കുക്കറിലേക്ക് മാറ്റുക. അതിലേക്ക് അരിഞ്ഞ സവാള, മഞ്ഞൾപ്പൊടി, ചിക്കൻ മസാല, ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് കുക്കർ അടച്ചുവെച്ച് 6 വിസിൽ വരുന്നതുവരെ വേവിച്ചെടുക്കുക.
തേങ്ങ വറുക്കുക: ഈ സമയം കൊണ്ട് ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അരക്കപ്പ് തേങ്ങ, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ നന്നായി വറുത്തെടുക്കുക.
അരച്ചെടുക്കുക: വറുത്തുവെച്ച തേങ്ങയുടെ കൂടെ, വേവിച്ചുവെച്ച കടലയിൽ നിന്ന് ഒരു സ്പൂൺ കടലയും ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക (കടല ചേർത്ത് അരയ്ക്കുന്നത് കറിയ്ക്ക് നല്ല കട്ടി കിട്ടാൻ സഹായിക്കും).
കറി തിളപ്പിക്കുക: അരച്ചുവെച്ച തേങ്ങക്കൂട്ട് വേവിച്ച കടലയിലേക്ക് ഒഴിച്ചു കൊടുക്കുക. അതിലേക്ക് വെ കീറിയ പച്ചമുളകും, ½ ടീസ്പൂൺ ഗരം മസാലയും കറിവേപ്പിലയും ചേർത്ത് 5 മിനിറ്റ് നന്നായി തിളപ്പിക്കുക.
താളിക്കുക: മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കുക.
പുട്ട്, അപ്പം, ഇടിയപ്പം, പൂരി എന്നിവയ്‌ക്കൊപ്പം കഴിക്കാൻ പാകത്തിലുള്ള അടിപൊളി നാടൻ കടലക്കറി തയ്യാർ
.jpg)

