ഇതാ ഒരു സ്പെഷ്യൽ കാട റെസിപ്പി

kaada

ആവശ്യമുള്ള സാധനങ്ങൾ:

    ബിരിയാണി അരി - 3 കപ്പ്
    പട്ട - 2 എണ്ണം (ഇടത്തരം)
    ഗ്രാമ്പൂ - 4 എണ്ണം
    ഏലക്കായ - 5 എണ്ണം
    ഓയിൽ - 2 ടീസ്പൂൺ

മസാല ഉണ്ടാക്കാൻ:

    കാട - 6
    വലിയ ഉള്ളി - 3
    തക്കാളി - 3
    ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് - 5 ടേബിൾ സ്പൂൺ
    മല്ലിയില, പുതിനയില - ആവശ്യത്തിന്
    തൈര് - രണ്ട് ടേബിൾ സ്പൂൺ
    മഞ്ഞൾപൊടി - കാൽ ടീസ്പൂൺ
    ഗരം മസാല - അര ടീസ്പൂൺ
    മല്ലിപ്പൊടി - ഒരു ടീസ്പൂൺ
    മുളകുപൊടി - അര ടീസ്പൂൺ
    സോയാസോസ് - ഒരു ടീസ്പൂൺ
    ഗ്രീൻ ചില്ലി സോസ് - ഒരു ടീസ്പൂൺ
    ക്യാപ്സിക്കം - പകുതി (ചെറുതായി അരിഞ്ഞത്)
    ഓയിൽ - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

കാട നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം ഉപ്പ് കാൽ ടീസ്പൂൺ, മഞ്ഞൾ പൊടി രണ്ട് ടേബിൾസ്പൂൺ, കാശ്മീരി ചില്ലി പൗഡർ രണ്ട് ടീസ്പൂൺ, ലെമൺ ജ്യൂസ് എന്നിവ ചേർത്ത് നന്നായി മസാല പുരട്ടി രണ്ടു മണിക്കൂർ നേരം റസ്റ്റ് ചെയ്യാൻ വെക്കണം. രണ്ടു മണിക്കൂറിനു ശേഷം ഇതൊന്ന് ഫ്രൈ ചെയ്തെടുക്കണം.

ഇനി ഇതിലേക്കുള്ള മസാല ഉണ്ടാക്കിയെടുക്കാം. അതിനുവേണ്ടി ഫ്രൈ ചെയ്ത ഓയിൽ നിന്ന് 3 ടേബിൾ സ്പൂൺ ഒഴിച്ചു കൊടുക്കണം. അതിലേക്ക് കനംകുറച്ച് അരിഞ്ഞുവെച്ച സവാള ഇട്ടുകൊടുക്കാം. നന്നായി വാടി വരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് എന്നിവ ചേർക്കാം. ഇത് മൂത്തുവരുന്ന സമയത്ത് തക്കാളി അരിഞ്ഞത് ഇടാം. തക്കാളി നന്നയി വാടി വരുമ്പോൾ മഞ്ഞൾ പൊടി, മുളക് പൊടി, ഗരം മസാല, മല്ലിപൊടി ആവശ്യത്തിനുള്ള ഉപ്പ് ചേർത്തു ഒന്നൂടെ വഴറ്റിയെടുക്കാം. ശേഷം, 1 ടീസ്പൂൺ സോയാസോസ്, 1 ടീസ്പൂൺ ഗ്രീൻ ചില്ലി സോസ്, ഒരു ക്യാപ്സിക്കത്തിന്‍റെ പകുതി ചെറുതായി അരിഞ്ഞത്, തൈര്, മല്ലിയില, പുതിനയില കൂടെ ചേർത്ത് നന്നായി വഴറ്റി 3 മിനിട്ട് അടച്ചുവെച്ച് കുക്ക് ചെയ്യണം. ശേഷം, ഫ്രൈ ചെയ്തുവെച്ച കാട കൂടി ചേർത്ത് മസാലയിൽ മിക്സ്‌ ചെയ്ത് 5 മിനിട്ട് വേവിക്കണം.

ഇനി റൈസ് വേവിച്ചു എടുക്കാം

അരി നന്നായി കഴുകിയ ശേഷം 15 മിനിട്ട് വെള്ളത്തിൽ കുതിർക്കാൻ വെക്കണം. ശേഷം, വലിയ ഒരു പാനിൽ വെള്ളം ഒഴിച്ച് തിള വരുന്ന സമയത്ത് സ്‌പൈസസ് ഇട്ടുകൊടുക്കണം. ആവശ്യത്തിന് ഉപ്പ് കൂടെ ചേർത്തണം. ഇനി തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് അരി ഇടണം. അരി ഒന്ന് തിളച്ചു വരുമ്പോൾ 2 ടീസ്പൂൺ ഓയിൽ കൂടെ ചേർക്കണം (അരി സോഫ്റ്റ്‌ ആവാൻ വേണ്ടിയാണ്) റൈസ് 90 ശതമാനം വേവായാൽ ഊറ്റി എടുക്കാം.

ഇനി ദം ഇടാം

നേരത്തെ, ഉണ്ടാക്കിവെച്ച മസാലയിലേക്ക് 2 ടീസ്പൂൺ നെയ്യ് കൂടെ ചേർത്ത് ഒന്ന് മിക്സ്‌ ആക്കുക. ഇനി അതിന്‍റെ മുകളിൽ വേവിച്ച് ഊറ്റിയെടുത്ത ചോറ് ഇട്ടുകൊടുക്കണം. ഓരോ ലയറിലും മല്ലിയില, ഗരം മസാല, 1 ടീസ്പൂൺ നെയ്യ് (വേണമെങ്കിൽ) ചേർക്കാം. അവസാനം കുറച്ച് ഫ്രൈ ചെയ്ത സവാള, അണ്ടിപ്പരിപ്പ്, മുന്തിരി, ഗരം മസാല, മല്ലിയില എന്നിവ ഉപയോഗിച്ച് ഗാർണിഷ് ചെയ്യുക. 15 മിനിട്ട് ചെറിയ തീയിൽ ബിരിയാണി ദം ചെയ്തെടുക്കാം.

Tags