ചക്ക ബിരിയാണി തയ്യാറാക്കിയാലോ ?

google news
chakka


പൂര്‍ണമായും വെജിറ്റേറിയന്‍ ശൈലിയില്‍ രുചിയേറിയ ചക്ക ബിരിയാണി തയ്യാറാക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവമാണിത്.

ചേരുവകള്‍

    ഇടിച്ചക്ക വൃത്തിയാക്കിയത് മീഡിയം വലിപ്പത്തില്‍ കഷണങ്ങള്‍ ആക്കിയത് - ഒരു കപ്പ്
    വെജിറ്റബിള്‍ ഓയില്‍ - 6 ടേബിള്‍സ്പൂണ്‍
    സവാള കനം കുറച്ചു നീളത്തില്‍ അരിഞ്ഞത് - രണ്ടു കപ്പ്
    നെയ്യ് - ഒരു ടേബിള്‍സ്പൂണ്‍
    ബേ ലീഫ് - രണ്ടെണ്ണം
    ഗ്രാമ്പൂ - മൂന്നെണ്ണം
    ഏലയ്ക്ക - മൂന്നെണ്ണം
    കറുവപ്പട്ട - അര ഇഞ്ച് വലുപ്പത്തില്‍ രണ്ടു കഷണങ്ങള്‍
    തക്കാളി നീളത്തില്‍ അരിഞ്ഞത് - ഒരെണ്ണം
    ബിരിയാണി മസാല - ഒന്നര ടേബിള്‍സ്പൂണ്‍
    ഗരം മസാല - അര ടീസ്പൂണ്‍
    ഉപ്പ് - ആവശ്യത്തിന്
    തൈര് - ഒരു ടേബിള്‍സ്പൂണ്‍
    മല്ലിയില അരിഞ്ഞത് - രണ്ടു ടേബിള്‍സ്പൂണ്‍
    പുതിന ഇല അരിഞ്ഞത് - ഒന്നര ടേബിള്‍സ്പൂണ്‍
    പച്ചമുളക് - രണ്ടെണ്ണം ചതച്ചത്
    ഇഞ്ചി - ഒരു ഇഞ്ച് നീളത്തില്‍ ഉള്ളത് ചതച്ചത്
    വെളുത്തുള്ളി - മൂന്ന് അല്ലി ചതച്ചത്
    ജീരകശാല അരി - ഒന്നര കപ്പ് 

തയ്യാറാക്കുന്ന വിധം

ഇടിച്ചക്ക കഷണങ്ങള്‍ രണ്ടു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ പുരട്ടി പത്തു മിനിറ്റ് വച്ച ശേഷം, ഇളം ചൂടുവെള്ളത്തില്‍ പത്തുമിനിറ്റ് ഇട്ട ശേഷം വെള്ളം വാര്‍ക്കുക. ഒരു ടീസ്പൂണ്‍ നെയ്യ് ചൂടാക്കി, അതില്‍ പൊടിയായി അരിഞ്ഞ ഒരു ടേബിള്‍സ്പൂണ്‍ വീതം വെളുത്തുള്ളിയും ഇഞ്ചിയും ഒന്ന് ചതച്ചു, നെയ്യില്‍ മൂപ്പിക്കുക. അതിലേക്ക് കാല്‍ ടീസ്പൂണ്‍ വീതം മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത്, ഇടിച്ചക്കയും ചേര്‍ത്തിളക്കി, കാല്‍ കപ്പ് വെള്ളം ചേര്‍ത്ത്, മുക്കാല്‍ വേവില്‍ വെള്ളം വറ്റിച്ചെടുക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ ഇടിച്ചക്കയുടെ രുചി വേറെ ആവും.

ഒരു പാനില്‍ എണ്ണ ചൂടാക്കി, സവാള ഗോള്‍ഡന്‍ ബ്രൗണ്‍ ആകുംവരെ വറുത്ത് മാറ്റിവയ്ക്കുക. അതേ എണ്ണയില്‍ നെയ്യ് ചൂടാക്കുക. ചെറിയ തീയില്‍ ആക്കി, ബേ ലീഫ്, ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ മൂപ്പിച്ച് തക്കാളിയും പച്ചമുളക്, വെള്ളുള്ളി, ഇഞ്ചി എന്നിവയും നന്നായി വഴറ്റി, വറുത്ത സവാളയുടെ മുക്കാല്‍ ഭാഗം ചേര്‍ത്ത്, അതിലേക്ക് ബിരിയാണി മസാല, മല്ലിയില, പുതിന ഇല, ഗരം മസാല, ഇടിച്ചക്ക എന്നിവ ചേര്‍ത്തിളക്കി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തീ അണച്ച് വയ്ക്കണം.

ജീരകശാല അരി - ഒന്നര കപ്പ് (പതിനഞ്ച് മിനിറ്റോളം വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കണം. നാലു ഗ്ലാസ് വെള്ളം തിളപ്പിക്കുക. അതില്‍ ആവശ്യത്തിന് ഉപ്പും കാല്‍ ടീസ്പൂണ്‍ നെയ്യും രണ്ടുനുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത്, കഴുകിയ അരി ഇടുക. മുക്കാല്‍ വേവാകുമ്പോള്‍ വാര്‍ത്തുവയ്ക്കണം. വാര്‍ത്തു വച്ച ചോറില്‍ ഒരു ടീസ്പൂണ്‍ വീതം നാരങ്ങാനീരും റോസ് വാട്ടറും ഒഴിച്ച് ഇളക്കിവയ്ക്കുക.). കുറച്ചു കശുവണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും വറുത്തുവയ്ക്കുക. ഒരു ടേബിള്‍സ്പൂണ്‍ ചെറുതായി അരിഞ്ഞ മല്ലിയില എടുത്തുവയ്ക്കുക.

ഒരു ചെറിയ ബിരിയാണി പോട്ടില്‍ കാല്‍ ടീസ്പൂണ്‍ നെയ്യ് ഇട്ട് എല്ലാ ഭാഗത്തേക്കും ആക്കി, കുറച്ചു ചോറ് നിരത്തുക. അതിന്റെ പകുതി ഭാഗത്ത്, കുറച്ച് കശുവണ്ടിപ്പരിപ്പും, മുന്തിരിയും മല്ലിയിലയും ഇടുക, ബാക്കി പകുതിയില്‍ ഇടിച്ചക്ക മസാലയുടെ പകുതി ചേര്‍ക്കുക. ഒരു ലെയര്‍ കൂടി ചോറ് നിരത്തി വീണ്ടും, ഇടിച്ചക്ക മസാലയും ബാക്കി മുഴുവനായും കശുവണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും മല്ലിയിലയും നിരത്തുക. വീണ്ടും ഒരു ലയര്‍ ചോറ് നിരത്തി, ഏറ്റവും മീതെ ബാക്കി മല്ലിയിലയും മാറ്റിവച്ച വറുത്ത സവാളയും വിതറുക. പതിനഞ്ചു മുതല്‍ ഇരുപതു മിനിറ്റ് വരെ ചെറിയ തീയില്‍ വയ്ക്കുക. മേലെ ആവി വന്നാല്‍, ചോറ് ഇളക്കി ഉപയോഗിക്കാം... ഇടിച്ചക്ക ബിരിയാണി റെഡി.

Tags