ബേക്കറി രുചിയിൽ വീട്ടിലുണ്ടാക്കാം മുട്ട പഫ്‌സ്
ചേരുവകൾ
പഫ്സ് പേസ്ട്രി ഷീറ്റുകൾ - 4 എണ്ണം
പുഴുങ്ങിയ മുട്ട - 2 എണ്ണം
സവാള - 2 എണ്ണം
പച്ചമുളക് - 2-3 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
വേപ്പില, മല്ലിയില - ആവശ്യത്തിന്
മഞ്ഞൾപ്പൊടി- ½ ടീസ്പൂൺ
മുളകുപൊടി- 1 ടീസ്പൂൺ
കുരുമുളക് പൊടി- 1 ടീസ്പൂൺ
ഗരം മസാല- 1 ടീസ്പൂൺ
ടൊമാറ്റോ കെച്ചപ്പ് - 2 ടേബിൾ സ്പൂൺ
പഞ്ചസാര - ½ ടീസ്പൂൺ
എണ്ണ, ഉപ്പ് - ആവശ്യത്തിന്
എഗ്ഗ് വാഷ്- പഫ്‌സിന് മുകളിൽ പുരട്ടാൻ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് വഴറ്റാം. സവാള വഴന്നു വരുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, വേപ്പില എന്നിവ ചേർക്കാം. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റണം. മസാല കരിഞ്ഞുപോകാതിരിക്കാൻ അല്പം വെള്ളം ഒഴിക്കാം. ശേഷം കെച്ചപ്പും മല്ലിയിലയും ചേർത്ത് ഇളക്കി അടുപ്പിൽ നിന്നും മാറ്റി തണുക്കാൻ വെക്കുക.
അടുത്തതായി ഓവൻ 200°C-ൽ പ്രീഹീറ്റ് ചെയ്യാം. റെഡിമെയ്ഡ് പഫ് പേസ്ട്രി ഷീറ്റുകൾ എടുത്ത് അതിനു നടുവിൽ കുറച്ച് മസാലയും പകുതി മുറിച്ച മുട്ടയും വെക്കാം. ഷീറ്റിന്റെ അരികുകളിൽ അല്പം വെള്ളം തൊട്ടു പുരട്ടിയ ശേഷം നാല് കോണുകളും മധ്യഭാഗത്തേക്ക് മടക്കി ഒട്ടിക്കാം. ഇതിന് മുകളിൽ അല്പം എഗ്ഗ് വാഷ് (മുട്ട അടിച്ചെടുത്തത്) പുരട്ടുന്നത് പഫ്‌സിന് നല്ല സ്വർണ്ണനിറം ലഭിക്കാൻ സഹായിക്കും.
ഓവന്റെ മിഡിൽ റാക്കിൽ വെച്ച് 20 മിനിറ്റ് ബേക്ക് ചെയ്യാം. അവസാനത്തെ 5 മിനിറ്റ് ടോപ്പ് റാക്കിലേക്ക് മാറ്റിയാൽ പഫ്‌സ് നല്ലപോലെ മൊരിഞ്ഞു കിട്ടും. ചൂടുള്ള ചായയോടൊപ്പം ഈ സ്വാദിഷ്ടമായ മുട്ട പഫ്‌സ് വിളമ്പാം.
.jpg)


