പോഷകങ്ങളുടെ പവർഹൗസ്; കോഴിമുട്ടയുടെ ആരോഗ്യഗുണങ്ങൾ
ആരോഗ്യദായകമായതും സമീകൃതമായതുമായ ആഹാരത്തിൽ ഉൾപ്പെടേണ്ട പോഷകങ്ങൾ ബഹുഭൂരിപക്ഷവും അടങ്ങിയ ഉത്തമാഹാരമാണ് മുട്ട. കോഴി മുട്ടയിൽ ജലാംശം, മാംസ്യം, കൊഴുപ്പ്, അന്നജം, ധാതുലവണങ്ങൾ എന്നിവയുടെ അളവ് യഥാക്രമം 76.1, 12.6, 9.5, 0.7, 1.1 എന്നിങ്ങനെ ശതമാനമാണ്. മഞ്ഞക്കരുവും വെള്ളയും മാംസ്യത്തിന്റെ സമൃദ്ധമായ കലവറയാണ്. ശരാശരി 50 -55 ഗ്രാം തൂക്കമുള്ള ഒരു കോഴിമുട്ടയിൽ 6.3 ഗ്രാമോളം മാംസ്യം മാത്രമാണ്. മനുഷ്യശരീരത്തിന് ആവശ്യമായ അമിനോ അമ്ലങ്ങൾ എല്ലാം അടങ്ങിയ മികച്ച പ്രോട്ടീൻ സ്രോതസ്സായാണ് മുട്ട പരിഗണിക്കപ്പെടുന്നത്.
tRootC1469263">ആഹാരത്തിൽ അടങ്ങിയ മാംസ്യമാത്രകൾ എത്രത്തോളം കാര്യക്ഷമമായി ശരീരകലകളായി പരിവർത്തനം ചെയ്യപ്പെടും എന്നതിന്റെ സൂചകമാണ് ജൈവികമൂല്യം അല്ലെങ്കിൽ ബയോളജിക്കൽ വാല്യൂ. മുലപ്പാലിൽ അടങ്ങിയ മാംസ്യത്തിന്റെ ജൈവികമൂല്യത്തോട് അടുത്തുനിൽക്കുന്നതാണ് മുട്ടയിലെ ജൈവികമൂല്യം.
550ഓളം വ്യത്യസ്ത പ്രോട്ടീനുകൾ മുട്ടയുടെ മഞ്ഞക്കരുവിൽ നിന്നും വെള്ളയിൽ നിന്നും ഇതുവരെയും വേർതിരിച്ചെടുത്തിട്ടുണ്ടെന്ന് ലോകപ്രശസ്ത ഗവേഷണ ജേർണലായ ന്യൂട്രിയന്റ്സിൽ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം പറയുന്നു. എന്നാൽ, ഇതിൽ ഇരുപതോളം മാംസ്യ മാത്രകളുടെ പ്രവർത്തനത്തെ പറ്റി മാത്രമേ ശാസ്ത്രത്തിന് ഇതുവരെ പൂർണമായും തിരിച്ചറിയാൻ സാധിച്ചിട്ടുള്ളൂ . എത്രയോ പോഷക രഹസ്യങ്ങൾ ഇനിയും മുട്ടക്കുള്ളിൽ മറഞ്ഞിരിപ്പുണ്ടെന്ന് ചുരുക്കം.
മാംസ്യ സമൃദ്ധി മാത്രമല്ല, ധാതു ജീവക സമൃദ്ധിയിലും മുട്ടയുടെ മികവ് ഒട്ടും പിന്നിലല്ല. ഫോസ്ഫറസ്, കാത്സ്യം,പൊട്ടാസ്യം,സോഡിയം എന്നിവയെല്ലാം നൂറ് ഗ്രാമിൽ 142 മില്ലിഗ്രാം വരെ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. കോപ്പർ, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, സെലീനീയം, സിങ്ക്, അയഡിൻ തുടങ്ങി മുട്ടയിൽ അടങ്ങിയ മറ്റ് ധാതുമൂലക മാത്രകളും ഏറെ. അയേണിന്റെയും സിങ്കിന്റെയും സമൃദ്ധിയുള്ളതിനാൽ മുട്ടയുടെ മഞ്ഞക്കരു വിളർച്ച തടയാനുള്ള പ്രതിരോധ ഔഷധമായാണ് പരിഗണിക്കുന്നത്.
ജീവകം സി. ഒഴിച്ച് സകല ജീവകങ്ങളും മുട്ടയുടെ മഞ്ഞക്കരുവിൽ മറഞ്ഞിരിപ്പുണ്ട്. മുട്ടയുടെ വെള്ളയിലാവട്ടെ ബി. വിഭാഗത്തിൽ പെട്ട ജീവകങ്ങൾ ധാരാളമായും അടങ്ങിയിരിക്കുന്നു. ഏറെ ആരോഗ്യഗുണങ്ങൾ കണക്കാക്കുന്ന കോളിൻ എന്ന ഘടകത്തിന്റെ നിറഞ്ഞ കലവറ കൂടിയാണ് മുട്ട. മഞ്ഞക്കരുവിൽ നൂറ് ഗ്രാമിൽ 680 മില്ലിഗ്രാം വരെയും വെള്ളയിൽ ഒരു മില്ലിഗ്രാം വരെയും കോളിൻ അടങ്ങിയിട്ടുണ്ട്. നാഡീവ്യൂഹത്തിന്റെ പ്രവർത്തനം, മസ്തിഷ്കത്തിന്റെ വികാസം, എല്ലുകളുടെ ആരോഗ്യം എന്നിവക്കെല്ലാം ഒഴിച്ചുകൂടാൻ കഴിയാത്തതാണ് കോളിൻ. കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമെന്ന് ആരോഗ്യശാസ്ത്രം വിലയിരുത്തുന്ന ലൂട്ടിൻ മാത്രകളും കോളിൻ ഘടകത്തിനൊപ്പം മുട്ടയിൽ ഉണ്ട്.
.jpg)


