ചായ ഇഷ്ടമാണോ? എന്നാൽ ഈ സമയങ്ങളിൽ കുടിക്കരുത്
ദിനചര്യയിൽ ഒരിക്കലും ഒഴിച്ചുനിർത്താൻ സാധിക്കാത്ത ഒരു പാനീയമാണ് ചായ. ചിലരുടെയെങ്കിലും ഒരു ദിവസം ആരംഭിക്കുന്നത് ഒരു കപ്പ് ചായ കുടിച്ചിട്ടായിരിക്കും.എന്നാൽ സമയം തെറ്റി ചായ കുടിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ഒരു ദിവസം എത്ര കപ്പ് ചായ കുടിക്കുമെന്നതുപോലെ പ്രധാനപ്പെട്ടതാണ് നിങ്ങൾ എപ്പോൾ കുടിക്കുന്നുവെന്നതും. ചായ കുടിക്കുന്നവർ ചില കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്.
ഒഴിഞ്ഞ വയറ്റിൽ ചായ കുടിച്ച് ദിവസം ആരംഭിക്കുന്നത് കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുകയും വീക്കം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് തുടർന്നാൽ ആമാശയത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും അസിഡിറ്റി, അൾസർ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.വൈകുന്നേരമോ ഉറങ്ങാൻ കിടക്കുന്നതിന് തൊട്ടുമുമ്പോ ചായ കുടിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കാൻ സാധ്യതയുണ്ട്. കഫീൻ ശരീരത്തിലെത്തിയാൽ അവ ഉത്കണ്ഠ, വരൾച്ച, ഉറക്കമില്ലായ്മ എന്നിവയിലേക്ക് നയിച്ചേക്കാം.
അസിഡിറ്റിയോ നെഞ്ചെരിച്ചിലോ അനുഭവപ്പെടുന്ന സമയത്ത് ചായ കുടിക്കുന്നത് അവസ്ഥ കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്. ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുൻപോ അതിനുശേഷമോ ചായ കുടിക്കാതിരിക്കുക. ഇത് കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പൂർണമായി പോഷകാംശങ്ങൾ ആഗിരണം ചെയ്യുന്നതിൽ തടസമുണ്ടാക്കും. ആരോഗ്യ വിദഗ്ദരുടെ അഭിപ്രായമനുസരിച്ച് ഉണർന്ന് ഒന്ന് മുതൽ രണ്ട് മണിക്കൂർ കഴിഞ്ഞതിനുശേഷം മാത്രമേ ചായ കുടിക്കുന്നതാണ് നല്ലത്.
.jpg)

