ദഹനപ്രശ്നങ്ങൾ പതിവാണോ? ദിവസം തുടങ്ങുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കൂ
ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയിൽ പലരെയും അലട്ടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് മോശമായ ദഹനവ്യവസ്ഥ. നമ്മുടെ രാവിലെകളിലെ ചിട്ടയില്ലാത്ത ശീലങ്ങളും മാനസിക സമ്മർദ്ദവും ദഹനാരോഗ്യത്തെ നേരിട്ട് ബാധിക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ദഹനം എളുപ്പമാക്കാനും രാവിലത്തെ ദിനചര്യകളിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
നേരിയ ചൂടുവെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങുക
ദഹനാരോഗ്യം മെച്ചപ്പെടുത്താൻ ഏറ്റവും എളുപ്പമുള്ള വഴി എഴുന്നേറ്റ ഉടനെ ഒരു ഗ്ലാസ് നേരിയ ചൂടുവെള്ളം കുടിക്കുക എന്നതാണ്. ചിലർ അതിലേക്ക് ചെറുനാരങ്ങയും ചേർക്കാറുണ്ട്. ഇതും നിങ്ങളുടെ ദഹനവ്യവസ്ഥയെ സഹായിക്കും.
രാവിലെയുള്ള വ്യായാമം
ലളിതമായ രീതിയിൽ യോഗ ചെയ്യുന്നത് വയറിലെ അവയവങ്ങളെ ഉത്തേജിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. പവനമുക്താസനം, വജ്രാസനം തുടങ്ങിയ യോഗാസനങ്ങളും ദഹനാരോഗ്യത്തെ സഹായിക്കും.
മാനസിക സമ്മർദ്ദം കുറക്കുക
ദഹനത്തെ സാരമായി ബാധിക്കുന്ന ഒന്നാണ് മാനസിക സമ്മർദ്ദം. ഇതിനു പരിഹാരമായി രാവിലെ ഒരു 10 മിനിറ്റ് വരെ ദീർഘശ്വാസം എടുക്കുന്നതോ ധ്യാനത്തിൽ ഏർപ്പെടുന്നതോ ദഹനാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. സമ്മർദ്ദവും ഉത്കണ്ഠയുമ്മില്ലാതെയിരിക്കുന്നതും ശാന്തമായ നാഡീവ്യൂഹവും ദഹനത്തെ കൂടുതൽ കാര്യക്ഷമമാക്കും.
പ്രഭാതഭക്ഷണം ഒഴിവാക്കല്ലേ..
നമ്മൾ വിചാരിക്കുന്നതിനേക്കാൾ പ്രാധാന്യമുള്ള ഒന്നാണ് പ്രഭാതഭക്ഷണം. അത് ഒഴിവാക്കുന്നത് കാലക്രമേണ കുടലിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കും. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, പഴങ്ങൾ, കുതിർത്ത നട്സ് തുടങ്ങിയവ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
ലളിതവും സ്ഥിരവുമായ ഇത്തരം ശീലങ്ങളിലൂടെ ദഹനാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
.jpg)


